തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള പൊലീസില്‍ അച്ചടക്കരാഹിത്യവും അരാജകത്വവും പ്രതിദിനം വര്‍ധിക്കുന്നത് വകുപ്പ് മന്ത്രിയുടെ പിടുപ്പുകേട് കൊണ്ടാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. പട്ടാപകല്‍ മവേലിക്കരയില്‍ സഹപ്രവര്‍ത്തകന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നതും കണ്ണൂര്‍ എ ആര്‍ ക്യാംപില്‍ ജാതിപ്പേര് വിളിച്ച് പൊലീസ് ഉദ്യോഗസ്ഥനെ സഹപ്രവര്‍ത്തകര്‍ പീഡിപ്പിച്ചതും സേനയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ എണ്ണം വര്‍ധിക്കുന്നതിന് ഉദാഹരണങ്ങളാണ്. മന്ത്രിയും എംഎല്‍എയും ഉള്‍പ്പടെ പാര്‍ട്ടി നേതാക്കളും  സ്ത്രീപീഡനത്തിന്‍റെ പേരില്‍ സമൂഹത്തിന്  മുന്നില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരുകൂട്ടം പൊലീസ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന എന്തുവൃത്തികേടിനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സംരക്ഷണം നല്‍കുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു. 

പൊലീസ് പൂര്‍ണ്ണമായും രാഷ്ട്രീയവത്കരിക്കപ്പെട്ടു എന്നതിന് തെളിവാണ് മുന്‍ ഡിവൈഎഫ്ഐ നേതാവ്, തന്നെ സിപിഎമ്മിന്‍റെ ഒരു എംഎല്‍എ വധിക്കാന്‍ ശ്രമിച്ചെന്ന് പൊലീസില്‍ പലതവണ മൊഴി നല്‍കിയിട്ടും  ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറാകാത്തത്. സ്ത്രീ സുരക്ഷയും സമത്വവും പറഞ്ഞ് നവോത്ഥാന വനിതാ മതില്‍ നിര്‍മ്മിച്ച മുഖ്യമന്ത്രിക്ക് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പോലും സംരക്ഷണം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് സമസ്ത മേഖലയിലുമുള്ള സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയുകയെന്നും മുല്ലപ്പള്ളി ചോദിച്ചു. 

സത്യസന്ധരും നീതിമാന്‍മാരുമായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കുന്നതിനോ നിഷ്പക്ഷമായി കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്താനോ കഴിയാത്ത അവസ്ഥയും നിലനില്‍ക്കുന്നു.  അതിന് തെളിവാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ തിരോധാനത്തിന് ഇടയാക്കിയ സംഭവം. ആഭ്യന്തരവകുപ്പിനെ കുറിച്ച് ഒരു ഗ്രാഹ്യവുമില്ലാത്ത മുഖ്യമന്ത്രി ഏതാനും ഉദ്യോഗസ്ഥരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് വകുപ്പ് നിയന്ത്രിക്കുന്നത്. 

സംസ്ഥാന പൊലീസ് മേധാവിക്ക് പുറമെ ഒരു മുന്‍ ഡിജിപിക്ക് തലസ്ഥാനത്ത് എല്ലാ സൗകര്യങ്ങളും നല്‍കി മുഖ്യമന്ത്രി ഉപദേശം തേടുമ്പോഴാണ് കേരള പൊലീസ് ചരിത്രത്തില്‍ ഒരിക്കലുമില്ലാത്ത മൂല്യ തകര്‍ച്ച നേരിടുന്നത്. യുവാക്കളായ ഐപിഎസ് ഉദ്യോഗസ്ഥര്‍ എല്ലാവരും പൂര്‍ണ്ണമായും അസംതൃപ്തരാണ്. പലരും കേരളത്തിന് പുറത്തേക്ക് സര്‍വീസ് നോക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.