തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ കൊവി‍ഡ് ബാധ വര്‍ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തില്‍ സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് പ്രത്യേക ശ്രദ്ധ പതിപ്പിക്കണം.

ബസ് സ്റ്റോപ്പുകളിലും മാര്‍ക്കറ്റുകളിലും ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മൂന്ന് പ്രത്യേക പട്രോള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളിലും സാമൂഹ്യ അകലം പാലിക്കുന്നത് അടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കടകള്‍ ഒക്കെ തുറന്നപ്പോള്‍ ചിലയിടങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. അവിടെ സാമൂഹ്യ അകലം പാലിക്കാത്ത അവസ്ഥയുമുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിച്ച് കടകള്‍ പ്രവര്‍ത്തിച്ചാല്‍ പിന്നെ തുറക്കാന്‍ അനുവദിക്കില്ല. ഇനി അത്തരത്തിലുള്ള നടപടികളിലേക്ക് പോകേണ്ട സാഹചര്യമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,  സംസ്ഥാനത്ത് ഇന്ന് പുതുതായി 127 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 57 പേർക്കാണ് ഇന്ന് രോഗമുക്തി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇത് വരെയുള്ള ഏറ്റവും കൂടുതൽ കണക്കാണിത്. പുതിയ കൊവിഡ് രോഗികളിൽ 87 പേർ വിദേശത്ത് നിന്നും 36 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നു. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ അസുഖം ബാധിച്ചു. ഒരു ആരോഗ്യപ്രവർത്തകനും രോഗമുണ്ട്. കൊല്ലം 24, പാലക്കാട് 23, പത്തനംതിട്ട 17, കോഴിക്കോട് 12, എറണാകുളം 3, കോട്ടയം 11, കാസർകോട് 7, തൃശ്ശൂർ 6, മലപ്പുറം - വയനാട് - തിരുവനന്തപുരം 5, കണ്ണൂർ, ആലപ്പുഴ - 4, ഇടുക്കി 1 - അങ്ങനെ സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഇന്ന് കൊവിഡ് കേസുണ്ട്.