Asianet News MalayalamAsianet News Malayalam

'ഫയല്‍ നീക്കം വേഗത്തിലാക്കണം'; പിഎസ്‍സി ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും മുഖ്യമന്ത്രി

ഫയല്‍ എത്ര ദിവസം ഉദ്യോഗസ്ഥര്‍ക്ക് വയ്ക്കാമെന്ന പരിധി വയ്ക്കും. ഫയൽ വിവരങ്ങൾ ചോർത്തുന്നത് സംഭവിക്കാൻ പാടില്ലാത്ത നടപടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Pinarayi Vijayan about file moving and psc appointment
Author
Thiruvananthapuram, First Published May 26, 2021, 7:00 PM IST

തിരുവനന്തപുരം: ഫയൽ തീര്‍പ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫയൽ നീക്കങ്ങളും തീരുമാനങ്ങളും വേഗത്തിലാക്കണമെന്ന് സെക്രട്ടറിമാരോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫയല്‍ എത്ര ദിവസം ഉദ്യോഗസ്ഥര്‍ക്ക് വയ്ക്കാമെന്ന പരിധി വയ്ക്കും. ഫയൽ വിവരങ്ങൾ ചോർത്തുന്നത് സംഭവിക്കാൻ പാടില്ലാത്ത നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

''ഇന്ന് വകുപ്പ് സെക്രട്ടറിമാരുടെ യോഗം ഓണ്‍ലൈനായി ചേർന്നു. സർക്കാർ നയം നടപ്പിലാക്കുന്ന ഏറ്റവും സീനിയറായ ഉദ്യോഗസ്ഥരാണ് സെക്രട്ടറിമാർ. ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം ഇപ്പോഴും നിലനിൽക്കുന്നു. ഇതൊഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഒരാളുടെ കയ്യില്‍ ഫയൽ എത്രകാലം വയ്ക്കാം എന്നതിന് പരിധി നിശ്ചയിക്കണം. ഒരു ഫയൽ വളരെയധികം പേർ പരിശോധിക്കണോ എന്ന് ചിന്തിക്കണം. ഫയൽ നീക്കവും ഫയലിലെ തീരുമാനവും നിലവിലെ രീതിയിൽ പോര. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പുതിയ സംവിധാനം കൊണ്ടുവന്ന് ഇക്കാര്യത്തിൽ ആലോചന വേണം. തീരുമാനം സത്യസന്ധമായി കൈക്കൊളുമ്പോൾ അനാവശ്യമായ ഭയവും ആശങ്കയും ആർക്കും വേണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് സർക്കാർ പൂർണ പിന്തുണ നൽകും. എന്നാൽ അഴിമതി കാണിച്ചാൽ ഒരു സംരക്ഷണവും പ്രതീക്ഷിക്കേണ്ട.''- മുഖ്യമന്ത്രി പറഞ്ഞു

ഫയൽ തീർപ്പാക്കാന്‍ പദ്ധതി കഴിഞ്ഞ സർക്കാർ രണ്ടുതവണ നടപ്പാക്കി. ഇത് ഭരണക്രമത്തിന്‍റെ ഭാഗമായി തീർക്കണം. സങ്കട ഹർജികൾ, പരാതികൾ എന്നിവ വ്യക്തിഗത പ്രശ്നമാണെങ്കിലും അവ പരിഹരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി സംവിധാനത്തിലെ പോരായ്മകൾ എന്തെല്ലാം എന്നുകൂടി സെക്രട്ടറിമാർ ശ്രദ്ധിക്കണം. ഭരണപരിഷ്കരണവും നവീകരണവും തുടർപ്രക്രിയായി നടക്കേണ്ടതാണ്. ഭരണപരിഷ്കാര കമ്മീഷനിലെ ശുപാർശകൾ ​ഗൗരവമായി കണ്ട് നടപടി സ്വീകരിച്ചോ എന്ന് ഒരോ സെക്രട്ടറിയും പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഫയലുകളിലെ വിവരങ്ങൾ തത്പരകക്ഷികൾക്ക് ചോർത്തി കൊടുക്കന്നത് സംഭവിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫയലിന് രഹസ്യസ്വഭാവം വേണമെങ്കിൽ അതുസൂക്ഷിക്കണം. വിവരാവകാശ നിയമത്തിൻ്റെ നടപടികൾ പാലിച്ചു മാത്രമേ ഫയലിലെ നിയമങ്ങൾ ലഭ്യമാക്കൂ എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'' പി.എസ്.സി റാങ്ക് ലിസ്റ്റിൽ പരമാവധി നിയമനം നടത്താവുന്ന രീതിയിൽ സ്ഥാനക്കയറ്റത്തിന് ഉദ്യോഗസ്ഥർ അർഹത നേടാത്ത സാഹചര്യത്തിൽ, ഹയർകേഡർ ഒഴിവുകൾ ഡീഗ്രേഡ് ചെയ്ത് റാങ്ക് ലിസ്റ്റ്നിലനിൽക്കുന്ന കേഡറിലെ ഒഴിവുകളായി കണക്കാക്കി റിപ്പോർട്ട് ചെയ്യാൻ ഫെബ്രുവരി പത്തിന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിലെ പുരോഗതി പരിശോധിക്കും. വിരമിക്കൽ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണം എന്ന് നിർദേശിച്ചിരുന്നു. ഇത് കൃത്യമായി നടന്നോ എന്ന് ചീഫ് സെക്രട്ടറി പരിശോധിക്കും. ഇനിയും പിഎസ്‍സിക്ക് വിടാതെ നിയമനങ്ങൾ ഏറ്റെടുക്കാൻ സ്പെഷ്യൽ റൂൾ വേണം. അതിനുള്ള നടപടി സെക്രട്ടറിമാർ എടുക്കണം''- മുഖ്യമന്ത്രി പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios