Asianet News MalayalamAsianet News Malayalam

മഹാപ്രളയം: അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പിണറായി വിജയൻ

അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് ശ്രമം നടക്കുന്നത്. ബന്ധപ്പെട്ടവരുമായി അഭിപ്രായം ചോദിച്ചല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളതെന്ന് പിണറായി

pinarayi vijayan against Amicus curiae on flood report
Author
Kollam, First Published Apr 4, 2019, 3:48 PM IST

കൊല്ലം: പ്രളയത്തെ കുറിച്ച് തയ്യാറാക്കിയ അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതി തേടിയ അഭിഭാഷക സഹായം മാത്രമാണ് അമിക്കസ്ക്യൂറി. റിപ്പോര്‍ട്ട് തള്ളാനോ കൊള്ളാനോ ഉള്ള അധികാരം കോടതിക്കുണ്ട്. ഈ സാഹചര്യത്തിൽ അനാവശ്യമായി സര്‍ക്കാറിനെ പ്രതിക്കൂട്ടിൽ നിര്‍ത്തുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് ശ്രമം നടക്കുന്നത്. ഇത്  അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബന്ധപ്പെട്ടവരുമായി അഭിപ്രായം ചോദിച്ചല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ പ്രളയത്തിനാണ് കേരളം സാക്ഷ്യംവഹിച്ചത്. ജനങ്ങളെയാകെ അണിനിരത്തി നടത്തിയ രക്ഷാപ്രവര്‍ത്തനം ലോകത്തെമ്പാടുമുള്ള ജനതയുടെ അംഗീകാരം നേടിയിട്ടുള്ളതാണ്. ഈ രക്ഷാപ്രവര്‍ത്തനത്തെ യു.എന്‍ തന്നെ ഏറെ ശ്ലാഘിച്ചിട്ടുണ്ട്. പ്രളയത്തിന്‍റെ ദുരിതങ്ങളില്‍ നിന്ന് സംസ്ഥാനത്തെ രക്ഷപ്പെടുത്തുന്നതിനുള്ള പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുകയുമാണ്. 

അമിക്കസ്ക്യൂറി ഒരു കേസില്‍ റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ സാധാരണ നിലയ്ക്ക് അത് ചര്‍ച്ചയാവേണ്ടതില്ല. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ്ക്യൂറിയിലെ അംഗങ്ങള്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായാണ് സുപ്രീംകോടതി വിധി പറഞ്ഞത്.

അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയപ്പോള്‍ തന്നെ അത് വിവിധ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. റിപ്പോര്‍ട്ട് നല്‍കുക എന്നത് ഒരു സാധാരണ നടപടിയായതുകൊണ്ടാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പ്രതികരിക്കാതിരുന്നത്. എന്നാല്‍ ഇന്നത്തെ പത്രങ്ങളിലെല്ലാം റിപ്പോര്‍ട്ടിന്‍റെ ഭാഗങ്ങളെന്ന നിലയില്‍ കുറേ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

സംസ്ഥാനം നേരിട്ട ഈ ദുരന്തത്തെ ലോകസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ സര്‍ക്കാരിനെതിരായി തിരിച്ചുവിടാന്‍ സാധിക്കുമോ എന്ന ഉദ്ദേശത്തോടെയാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇത്തരം കാര്യങ്ങള്‍ പലതും നേരത്തേ തന്നെ ചിലര്‍ ഉന്നയിച്ചപ്പോള്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമസഭയിലും വാര്‍ത്താ സമ്മേളനങ്ങളിലും വസ്തുത വ്യക്തമാക്കിയതാണ്. നേരത്തെ ഉന്നയിച്ച അത്തരം കാര്യങ്ങള്‍ തന്നെയാണ് ഇന്നത്തെ പത്രമാധ്യങ്ങളിലും പൊതുവില്‍ കണ്ടത്. എങ്കിലും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുവാനുള്ള ഇടപെടല്‍ എന്ന നിലയില്‍ ഉന്നയിച്ച കാര്യങ്ങളെ സംബന്ധിച്ച് വീണ്ടും വ്യക്തത വരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്.

അമിക്കസ്ക്യൂറി എന്നത് റിട്ട് പെറ്റീഷനുമേല്‍ തീരുമാനമെടുക്കാന്‍ കോടതി തേടുന്ന അഭിഭാഷക സഹായം മാത്രമാണ്. കോടതിക്ക് നേരിട്ടുചെന്ന് ശേഖരിക്കാന്‍ കഴിയാത്ത ചില വിവരങ്ങള്‍ സമാഹരിക്കാനുള്ള ഒരു സംവിധാനം മാത്രമാണത്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് കൊള്ളാനോ തള്ളാനോ ഉള്ള അധികാരം  കോടതിക്കുണ്ട്. അതായത് ഇത് കോടതിയുടെ നിരീക്ഷണമോ നിഗമനമോ പരാമര്‍ശമോ പോലുമല്ല.
അമിക്കസ് ക്യൂറി ബന്ധപ്പെട്ട എല്ലാ കക്ഷികളില്‍നിന്നും വിവരമാരാഞ്ഞോ അവര്‍ക്കു പറയാനുള്ളത് കേട്ടശേഷമോ അല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന ചര്‍ച്ചയും ഉയര്‍ന്നുവന്നിട്ടുണ്ട്. അങ്ങേയറ്റത്തെ ശാസ്ത്രീയ-സാങ്കേതികജ്ഞാനം ആവശ്യമുള്ള വിഷയമാണിത്. 

സാങ്കേതിക ജ്ഞാനമുള്ള കേന്ദ്ര ജലകമ്മീഷനും ചെന്നൈ ഐഐടി പോലുള്ള സംവിധാനങ്ങളും മഴയുടെ അമിതമായ വര്‍ദ്ധനവാണ് വെള്ളപ്പൊക്കത്തിനിടയാക്കിയിട്ടുള്ളത് എന്ന ശാസ്ത്രീയ നിഗമനത്തിലെത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര സമൂഹമാകെ പൊതുവിലും സാങ്കേതികജ്ഞാനമുള്ള വിദഗ്ധ സമിതികള്‍ പ്രത്യേകിച്ചും വെള്ളപ്പൊക്കത്തെ കേരളം കൈകാര്യം ചെയ്ത രീതിയെ ആത്മാര്‍ത്ഥമായി അഭിനന്ദിച്ചിട്ടുണ്ട്. ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് കോടതിയെ സഹായിക്കാന്‍ നിയോഗിച്ച അഭിഭാഷകന്‍റെ റിപ്പോര്‍ട്ടാണ് യാഥാര്‍ത്ഥ്യമെന്ന് പ്രചരിപ്പിക്കുന്നത്. ഇത് ബഹുമാനപ്പെട്ട കോടതിയെ തന്നെ അപമാനിക്കുന്നതിന് തുല്യമാണ്. 

കാരണം ഇക്കാര്യത്തില്‍ അന്തിമവിധി പറയേണ്ടതും തീരുമാനിക്കേണ്ടതും അമിക്കസ്ക്യൂറി അല്ല, കോടതിയാണ്. യഥാര്‍ത്ഥത്തില്‍ മെയ് 16 മുതല്‍ കേരളത്തില്‍ മഴക്കാല പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ജില്ലാ - സംസ്ഥാന തലത്തിലും വിവിധ യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. പ്രളയ സമയത്ത് ഒരോ ദിവസവും സംസ്ഥാന തലത്തില്‍ തന്നെ മോണിറ്ററിംഗ് സംവിധാനവും പ്രവര്‍ത്തിച്ചു.

പ്രളയത്തോത് നിയന്ത്രണത്തിന് ഡാമുകള്‍ ഉപയോഗിച്ചില്ലെന്നതാണ് വിമര്‍ശനങ്ങളില്‍ ഒന്ന്. 

എന്നാല്‍ വസ്തുത ഇതില്‍ നിന്നും വ്യത്യസ്തമാണ്.

ഇടുക്കി അണിക്കെട്ടിന്‍റെ പൂര്‍ണ്ണ സംഭരണ നിരപ്പ് 732.43 മീറ്ററാണ്. 2018 ഓഗസ്റ്റ് 10 ന് ഇടുക്കി അണക്കെട്ടിലെ നിരപ്പ് 731.82 മീറ്റര്‍ മാത്രമാണ്. വെള്ളം ഒഴുക്കിവിട്ട് ഓഗസ്റ്റ് 13 നകം 730 മീറ്ററിലേക്ക് സംഭരണ നിരപ്പ് താഴ്ത്തുന്നുണ്ട്. പെരുമഴ ഉണ്ടാകുന്നതിന് മുമ്പ്  സംഭരണ നിരപ്പ് താഴ്ത്തി അധികജലം ഉള്‍ക്കൊള്ളാനുള്ള ശേഷി ഇടുക്കി കൈവരിച്ചിരുന്നു. ഈ സമയത്ത്  സംസ്ഥാനത്ത് ലഭിക്കുമെന്ന് പ്രവചിക്കപ്പെട്ട ശരാശരി മഴ 98.5 മില്ലീമീറ്ററായിരുന്നു. 

ഈ മഴയിലെ വെള്ളം ഉള്‍ക്കൊള്ളാനുള്ള ശേഷി ഇടുക്കി ഉള്‍പ്പെടെയുള്ള ഡാമുകളില്‍ ഉണ്ടായിരുന്നുവെന്ന് ചുരുക്കം. അതിനാല്‍ പ്രവചിക്കപ്പെട്ട മഴമൂലമുള്ള പ്രളയത്തിന്‍റെ തോത് നിയന്ത്രിക്കുന്നതിന് ഡാമുകള്‍ സജ്ജമായിരുന്നു.

പ്രളയ സമയത്ത് ഡാമിലേക്ക് വന്നിട്ടുള്ള വെള്ളത്തിന്‍റെ ഒരു വലിയ പങ്ക് ഡാമുകളില്‍ സംഭരിച്ചുവയ്ക്കുകയാണ് ചെയ്തത്. ശേഷിക്കുന്നവ മാത്രമാണ് തുറന്നുവിട്ടത.് ഉദാഹരണമായി പെരുമഴയുടെ സമയത്ത് ഇടുക്കി ഡാമില്‍ 2800 മുതല്‍ 3000 വരെ ഘനമീറ്റര്‍ വെള്ളം വന്നുചേര്‍ന്നിരുന്നു. എന്നാല്‍ ഈ സമയത്ത് പുറത്തേക്ക് ഒഴുക്കിയത് 1500 ഘനമീറ്റര്‍ വെള്ളം മാത്രമാണ്.

ആഗസ്റ്റ് 9 മുതല്‍ 22 വരെ ഇടുക്കി റിസര്‍വോയറിലേക്ക് ഒഴുകിയെത്തിയ 999 ദശലക്ഷം ഘനമീറ്റര്‍ വെള്ളത്തില്‍ പുറത്തേക്കൊഴുക്കിയത് 827 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണ്. കക്കി-ആനത്തോട് ഡാമില്‍ ഈ ഘട്ടത്തില്‍ എത്തിച്ചേര്‍ന്നത് 425 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ്. പുറത്തേക്കൊഴുക്കിയത് 379 ദശലക്ഷം ഘനമീറ്ററും. 

ഇടമലയാര്‍ ഡാമില്‍ 646 ദശലക്ഷം ഘനമീറ്റര്‍ വെള്ളമെത്തിച്ചേര്‍ന്നപ്പോള്‍ പുറത്തേക്കൊഴുക്കിയതാവട്ടെ 590 ദശലക്ഷം ഘനമീറ്റര്‍ വെള്ളവും. അതായത് അപ്രതീക്ഷിതമായി പെയ്ത മഴയുടെ ഫലമായി ഒഴുകിയെത്തിയ വെള്ളത്തിന്‍റെ ഒരു പങ്ക് ഡാമുകള്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. ഈ അധിക ജലത്തെയും ഡാമുകള്‍ തടഞ്ഞുനിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ പ്രളയത്തിന്‍റെ കെടുതി ഇതിലും ശക്തമാകുമായിരുന്നു.

പമ്പയിലെ കണക്ക് പരിശോധിച്ചാല്‍ ഒഴുകിയെത്തിയ ആകെ വെള്ളത്തില്‍ ഡാമുകളുടെ പങ്ക് 30 ശതമാനത്തില്‍ താഴെയായിരുന്നു. ഒഴുകിയെത്തിയ വെള്ളത്തിന്‍റെ 12 ശതമാനം മാത്രമാണ് ബാണാസുരസാഗര്‍ തടഞ്ഞുവെച്ചത്. ഇതെല്ലാം വ്യക്തമാക്കുന്നത് ഡാം മാനേജ്മെന്‍റിന്‍റെ പിശകാണ് ഈ ദുരന്തത്തിന്‍റെ കാരണത്തിലേക്ക് നയിച്ചതെന്ന വാദത്തിന്‍റെ പൊള്ളത്തരമാണ്.

ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ നിന്ന് പെരിയാറിലേക്ക് പരമാവധി ഒഴുക്കി വിട്ട വെള്ളം 2900 ഘനമീറ്റര്‍ മാത്രമാണ്. ഇതില്‍ രണ്ടും എത്തിച്ചേര്‍ന്ന ഭൂതത്താന്‍കെട്ട് ബാരേജില്‍ നിന്ന് പുറത്തുവന്നത് 7700 ഘനമീറ്റര്‍ വെള്ളവും. അതായത് 4800 ഘനമീറ്റര്‍ വെള്ളം മേല്‍ ഡാമുകളില്‍ നിന്നല്ലാതെ ഭൂതത്താന്‍കെട്ടിലെത്തിയിട്ടുണ്ട്. ഭൂതത്താന്‍കെട്ടിന് താഴ് ഭാഗങ്ങളിലുള്ള മഴകൂടി കണക്കിലെടുത്താല്‍ പ്രളയമുണ്ടാക്കിയത് അതി ശക്തമായ മഴയാണെന്ന് വ്യക്തമാകും. അച്ചന്‍കോവില്‍, മീനച്ചിലാര്‍, ചാലിയാര്‍ തുടങ്ങിയ പുഴകളില്‍ ഡാമില്ല. ഡാമുകളില്ലാത്തിടത്ത് വെള്ളപ്പൊക്കമുണ്ടായത് ഡാം നിയന്ത്രണത്തില്‍ വന്ന പോരായ്മയാണെന്ന് പറഞ്ഞുകളയരുത് എന്ന ഒരു അഭ്യര്‍ത്ഥന കൂടിയുണ്ട്.

പെരുമഴയ്ക്ക് മുമ്പേ ഡാമുകള്‍ തുറന്നില്ലെന്നും പെരുമഴയ്ക്കിടയില്‍ ഒരേ സമയം ഡാമുകള്‍ തുറന്നെന്നുമുള്ള വാദമാണ് ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. കേരളത്തില്‍ ജലസേചനവകുപ്പിന്‍റെയും വൈദ്യുതി വകുപ്പിന്‍റെയും ഉടമസ്ഥതയില്‍ ആകെ 82 അണക്കെട്ടുകളും ബാരേജുകളുമാണ് ഉള്ളത്. ഇതില്‍ പ്രധാനപ്പെട്ട അണക്കെട്ടുകളെല്ലാം ഓഗസ്റ്റ് 9 ന് മുമ്പ് തന്നെ തുറന്നിട്ടുണ്ട്. അവയുടെ തീയ്യതി പരിശോധിച്ചാല്‍ ഇത് വ്യക്തമാകും.

ജലവിഭവ വകുപ്പിന്‍റെ ഡാമുകളില്‍ കാരാപ്പുഴ ഡാം തുറന്നത് ജൂണ്‍ ഒന്നിനാണ്. നെയ്യാര്‍, മംഗലം, പെരുവണ്ണാമുഴി എന്നീ മൂന്ന് ഡാമുകള്‍ ജൂണ്‍ 14-ാം തീയ്യതിയാണ് തുറന്നത്. ജുലൈ 19-ാം തീയ്യതിയാണ് കല്ലട, മലങ്കര എന്നീ ഡാമുകള്‍ തുറന്നത്. ജൂലൈ 27-ാം തീയ്യതി പീച്ചിയും ജുലൈ 31-ാം തീയ്യതി പോത്തുണ്ടിയും തുറന്നു. ആഗസ്റ്റ് ഒന്നാം തീയ്യതി മലമ്പുഴ ഡാമും, രണ്ടാം തീയ്യതി വാഴാനിഡാമും തുറന്നുവിട്ടു. ആഗസ്റ്റ് പത്താം തീയ്യതിയാണ് ചിമ്മിനി ഡാം തുറന്നത്. 

ആഗസ്റ്റ് 13-ാം തീയ്യതി മീന്‍കരയും 14-ാം തീയ്യതി ചുള്ളിയാറും വാഴയാറും തുറന്നു. ശിരുവാണി ഡാമാവട്ടെ ഗെയ്റ്റില്ലാത്തതിനാല്‍ ഒരിക്കലും അടക്കാറില്ല. കാഞ്ഞിരപ്പുഴയാവട്ടെ അറ്റകുറ്റപണികളാല്‍ ഈ സീസണില്‍ അടച്ചിട്ടേയില്ല. ഭൂതത്താന്‍കെട്ട്, മണിയാര്‍, പഴശ്ശി ബാരേജുകളും മെയ്, ജൂണ്‍ മാസങ്ങളിലായി തുറന്നുകിടക്കുകയുമായിരുന്നു.

വൈദ്യുതി ബോര്‍ഡിന്‍റെ പ്രധാന ഡാമുകളുടെ സ്ഥിതി പരിശോധിച്ചാലും സ്ഥിതി സമാനമാണ്. ജൂണ്‍ മാസത്തില്‍ മൂന്ന് ഡാമുകളും ജുലൈ മാസത്തില്‍ 13 ഡാമുകളും തുറന്നു. ഇടുക്കി, പമ്പ, ആനത്തോട് എന്നീ ഡാമുകള്‍ ഓഗസ്റ്റ് 10 ന് മുമ്പ് തുറക്കുകയുണ്ടായി. ഇങ്ങനെ വൈദ്യുതി ബോര്‍ഡിന്‍റെ ഡാമുകളും തുറന്നുവിട്ടത് വ്യത്യസ്ത സമയങ്ങളിലാണ്.

അതായത് ഓഗസ്റ്റ് 14 മുതല്‍ 16 വരെ പെരുമഴ പെയ്യുന്നതിനിടയില്‍ പെട്ടെന്ന് ഒരേ സമയം ഡാമുകള്‍ തുറന്നുവിട്ടത് ദുരന്തത്തിനിടയാക്കി എന്ന വാദം സാമാന്യയുക്തിക്ക് നിരക്കുന്നതല്ല. പെരുമഴയ്ക്ക് മുമ്പ് തന്നെ ഡാമുകള്‍ തുറന്നില്ല എന്ന് പ്രചരിപ്പിക്കുന്നത് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഏറെ അകലെയാണ് എന്ന് കാണാം. 

2280 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാനുള്ള ശേഷി മാത്രമേ കേരളത്തിലെ നദികള്‍ക്കുള്ളൂ. എന്നാല്‍ 14000 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഓഗസ്റ്റ് 14 ന് ശേഷമുള്ള പെരുമഴക്കാലത്ത് മഴയിലൂടെ ഒഴുകിയെത്തിയത്. പ്രളയത്തെ സംബന്ധിച്ച് ശാസ്ത്രീയമായി പഠനങ്ങള്‍ നടത്തുന്ന ആധികാരിക ഏജന്‍സിയായ കേന്ദ്ര ജലകമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആഗസ്ത് 13 മുതല്‍ 19 വരെ കേരളത്തിലെ ആകെ മഴയില്‍ 362% വര്‍ധനവാണ് ഉണ്ടായത്. ഇടുക്കിയില്‍ മാത്രം ഇത് 568% അധികമായിരുന്നു.

അതായത് ഈ മഴയില്‍ ഒഴുകിയെത്തിയ വെള്ളം ഉള്‍ക്കൊള്ളാന്‍ നമ്മുടെ നദികള്‍ക്ക് കഴിഞ്ഞില്ല. ഇതാണ് പ്രളയമുണ്ടാക്കിയതെന്ന് സാമാന്യയുക്തിയുള്ളവര്‍ക്ക് മനസ്സിലാകും. ഇതേ സമയം തന്നെ കടല്‍ നിരപ്പ് ശരാശരിയില്‍ നിന്നും ഓഗസ്റ്റ് 10-ാം തീയ്യതി മുതല്‍ അസ്വാഭാവികമായ വേലിയേറ്റം മൂലം ഉയര്‍ന്ന് നില്‍ക്കുകയും അതിനാല്‍ കരയില്‍ നിന്ന് കടലിലേക്ക് ജലം ഒഴുകുന്നത് നിര്‍ണ്ണായകമായ നിലയില്‍ തടയപ്പെടുകയും ചെയ്തിരുന്നു. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല- പിണറായി വിജയന്‍ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios