നടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാൽസംഗം ചെയ്ത കേസിൽ ഒന്നാം പ്രതിയായ പൾസർ സുനി സ്ഥിരം കുറ്റവാളിയാണെന്ന് പ്രോസിക്യൂഷൻ. വിചാരണയിൽ സുനിയെ കുടുക്കിയത് മെമ്മറി കാർഡാണ്. മറ്റ് നിരവധി സ്ത്രീകളുടെ ദൃശ്യങ്ങളും മെമ്മറി കാർഡിൽ ഉണ്ടായിരുന്നു.
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാൽസംഗം ചെയ്ത കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ആറു പ്രതികൾക്കുള്ള ശിക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു വിധിക്കും. ആദ്യ 6 പ്രതികളായ പൾസർ സുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ,വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിക്കുന്നത്.
അതേസമയം, ഒന്നാം പ്രതിയായ പൾസർ സുനി സ്ഥിരം കുറ്റവാളിയാണെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. വിചാരണയിൽ സുനിയെ കുടുക്കിയത് മെമ്മറി കാർഡാണ്. നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡാണ് കേസിൽ പ്രധാന തെളിവായതും. നടിയുടേത് മാത്രമല്ലാതെ മറ്റ് നിരവധി സ്ത്രീകളുടെ ദൃശ്യങ്ങളും മെമ്മറി കാർഡിൽ ഉണ്ടായിരുന്നു. പൾസർ സുനിയുമായി അടുപ്പമുളള സ്ത്രീകളുടെ നഗ്നദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഈ ദൃശ്യങ്ങൾ രഹസ്യഫോൾഡറുകളിലാക്കിയാണ് പ്രതി സൂക്ഷിച്ചത്. ‘ഡിയർ’ എന്ന പേരിലായിരുന്നു മറ്റ് സ്ത്രീകളുടെ ദൃശ്യങ്ങളുളള ഫോൾഡർ ഉണ്ടായിരുന്നത്. `മൈ’ എന്ന ഫോൾഡറിലായിരുന്നു നടിയുടെ ദൃശ്യങ്ങൾ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കായ ഫോറൻസിക് റിപ്പോർട്ടിലാണ് ഇക്കാര്യമുളളത്. പ്രതി ഇത്തരത്തിലുളള കൃത്യം പലതവണ നടത്തിയെന്ന് ഇന്നത്തെ അന്തിമ വാദത്തിൽ പ്രോസിക്യൂഷൻ അറിയിക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.


