ഗുരുനാഥൻ കൂടിയായ പൗവ്വത്തിൽ പിതാവിന്‍റെ മരണാനന്തര ചടങ്ങുകളിൽ ആരോഗ്യപരമായ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ടെനും ഉമ്മൻ ചാണ്ടി വ്യക്തമാക്കി

കോട്ടയം: ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലിന്‍റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടക്കമുള്ള പ്രമുഖർ രംഗത്ത്. ചങ്ങനാശ്ശേരി എസ് ബി കോളേജിൽ ഗുരുനാഥനായിരുന്നതുമുതലുള്ള ബന്ധം ഓ‍ർമ്മിപ്പിച്ചാണ് ഉമ്മൻ ചാണ്ടിയുടെ കുറിപ്പ്. ഗുരുനാഥൻ കൂടിയായ പൗവ്വത്തിൽ പിതാവിന്‍റെ മരണാനന്തര ചടങ്ങുകളിൽ ആരോഗ്യപരമായ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ടെനും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ സമീപനം പുലർത്തിയ അദ്ദേഹവുമായുള്ള വിയോജിപ്പുകൾ തുറന്നു പറയേണ്ടിവന്ന അനേകം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും രൂക്ഷമായ എതിർപ്പുകൾ വന്നപ്പോഴും തന്‍റെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നതിൽ യാതൊരു മടിയും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വ്യക്തമാക്കിയത്. വിദ്യാഭ്യാസ മേഖലയിൽ തന്റേതായ സംഭാവനകൾ നൽകാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. വിശ്വാസത്തിലൂന്നി കർശന നിലപാടുകൾ സ്വീകരിച്ചിരുന്ന സഭാ മേധാവിയായിരുന്നു അദ്ദേഹമെന്നാണ് വി ഡി സതീശൻ ചൂണ്ടികാട്ടിയത്.

100 കോടി ആര് അടയ്ക്കും? അപ്പീൽ ഉറപ്പ്; പിഎഫ്ഐ കുറ്റപത്രം, രമയുടെ പരാതി, റിപ്പർ ജയാനന്ദന് പരോൾ: 10 വാർത്ത

ഉമ്മൻചാണ്ടിയുടെ കുറിപ്പ്

അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്‍റെ വേർപാടിൽ അനുശോചനം അറിയിക്കുന്നു. ചങ്ങനാശ്ശേരി എസ് ബി കോളേജിൽ ബി എ എകണോമിക്സിന് പഠിക്കുന്ന കാലത്ത് ഞങ്ങളുടെ അധ്യാപകനായിരുന്നു പൗവ്വത്തിൽ അച്ചൻ. അന്നു മുതൽ അദ്ദേഹവുമായി വ്യക്തിപരമായി വളരെ അടുത്ത ബന്ധമാണ് എനിക്കുണ്ടായിരുന്നത്. പൗവ്വത്തിൽ പിതാവ് കേരളത്തിലെ ക്രൈസ്തവ സഭയുടെ ആധ്യാത്മിക ആചാര്യൻമാരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയായിരുന്നു. വിദ്യാഭ്യാസ കാര്യങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലുമെല്ലാം അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. അദ്ദേഹം അത് പല ഫോറങ്ങളിൽ പ്രകടിപ്പിച്ചിരുന്നു. സമുദായ മൈത്രിക്കു വേണ്ടി പൗവ്വത്തിൽ പിതാവ് നടത്തിയ പ്രവർത്തനങ്ങൾ എല്ലാ വിഭാഗം ജനങ്ങളുടേയും ബഹുമാനം പിടിച്ചുപറ്റാൻ പര്യാപ്തമായിരുന്നു. ഗുരുനാഥൻ കൂടിയായ പൗവ്വത്തിൽ പിതാവിന്‍റെ മരണാനന്തര ചടങ്ങുകളിൽ ആരോഗ്യപരമായ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ടെനും ഉമ്മൻ ചാണ്ടി പറഞ്ഞു.

മുഖ്യന്ത്രിയുടെ അനുശോചനം

ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ്‌ മാർ ജോസഫ് പൗവ്വത്തിലിന്റെ വിയോഗം വിശ്വാസസമൂഹത്തിന് ഏറെ ദുഃഖമുളവാക്കുന്നതാണ്. ദൈവശാസ്ത്ര വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. സി ബി സി ഐയുടെയും കെ സി ബി സിയുടെയും പ്രസിഡന്റ്, ഇന്റർ ചർച്ച് കൗൺസിൽ സ്ഥാപക ചെയർമാൻ, സി ബി സി ഐ എജ്യൂക്കേഷൻ കമ്മീഷൻ ചെയർമാൻ, എന്നിങ്ങനെ നിരവധി സുപ്രധാന ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ സമീപനം പുലർത്തിയ അദ്ദേഹവുമായുള്ള വിയോജിപ്പുകൾ തുറന്നു പറയേണ്ടിവന്ന അനേകം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രൂക്ഷമായ എതിർപ്പുകൾ വന്നപ്പോഴും തന്റെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നതിൽ യാതൊരു മടിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. വിദ്യാഭ്യാസ മേഖലയിൽ തന്റേതായ സംഭാവനകൾ നൽകാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. പൗവ്വത്തിൽ പിതാവിന്‍റെ വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളെയും സഭയെയും വിശ്വാസസമൂഹത്തെയും അനുശോചനം അറിയിക്കുന്നു. ദുഃഖത്തിൽ പങ്കുചേരുന്നു.

കെ സുധാകരന്‍റെ അനുശോചനം

സീറോ മലബാര്‍ സഭയെ ദീര്‍ഘകാലം നയിച്ച മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രഗത്ഭനായ അധ്യാപകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, സഭാപണ്ഡിതന്‍, ചിന്തകന്‍, എഴുത്തുകാരന്‍ തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം ശ്രദ്ധേയനായിരുന്നു. സീറോ മലബാര്‍ സഭയേയും ചങ്ങനാശേരി അതിരൂപതയേയും സര്‍വതോന്മുഖമായ വളര്‍ച്ചയിലേക്കു നയിച്ച അദ്ദേഹത്തെ ക്രൗണ്‍ ഓഫ് ദി ചര്‍ച്ച് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ആരാധനാക്രമ പരിഷ്‌കരണം, സ്വാശ്രയവിദ്യാഭ്യാസം തുടങ്ങിയവയില്‍ കര്‍ക്കശ നിലപാട് സ്വീകരിച്ച അദ്ദേഹം കര്‍ഷകര്‍ക്കുവേണ്ടി എല്ലാ വേദികളിലും പോരാടിയ കര്‍ഷകസ്‌നേഹിയുമായിരുന്നു.

രമേശ് ചെന്നിത്തലയുടെ അനുശോചനം

സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിലിന്‍റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നു. നിലപാടിൽ ഒരിക്കലും വിട്ട് വീഴ്ച ചെയ്യാത്ത തിരുമേനി ജനാധിപത്യ മതേതരത്വ നിലപാട് എന്നും ഉയർത്തിപ്പിടിച്ചിരുന്നു വിദ്യാർത്ഥിയായിരിക്കുന്ന കാലഘട്ടം മുതൽ പിതാവുമായി ഉണ്ടായ അടുപ്പം പിന്നീട് കോട്ടയം എം പി ആയത് മുതൽ കൂടുതൽ ദൃഢമായി വിശ്വാസത്തിലൂന്നിയ നിലപാടുകൾ സ്വീകരിച്ചിരുന്ന സഭാ മേധാവിയായിരുന്നു പിതാവ്. മികച്ച പണ്ഡിതനും ചിന്തകനും മാർഗ്ഗദർശ്ശിയുമായ ആർച്ച് ബിഷപ് ഇമെരിറ്റസ് ജോസഫ് പൗവത്തിലിന്‍റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വിശ്വാസി സമൂഹത്തിന്‍റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

YouTube video player