പിണറായി വിജയന്‍ വീട്ടിലെത്തിയപ്പോള്‍ വി.എസ് ഉറക്കത്തിലായിരുന്നുവെന്ന് മകന്‍ ഡോ.വി.എ അരുണ്‍ കുമാര്‍ പറഞ്ഞു. ഉറക്കമായതിനാല്‍ വിളിക്കണ്ടെന്നും ആശംസ അറിയിച്ചാല്‍ മതിയെന്നും അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറ‍ഞ്ഞു

തിരുവനന്തപുരം: നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന് നേരിട്ട് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് വൈകിട്ട് നാലോടെയാണ് തിരുവനന്തപുരം ലോ കോളജ് ജങ്ഷനിലെ വി.എസ് അച്യുതാനന്ദന്‍റെ വീട്ടില്‍ പിണറായി വിജയന്‍ നേരിട്ടെത്തി പിറന്നാള്‍ ആശംസ അറിയിച്ചത്. വിഎസിന് പ്രത്യേക ആശംസാകുറിപ്പിലൂടെ നേരത്തെ പിണറായി വിജയന്‍ പിറന്നാള്‍ ആശംസ അറിയിച്ചിരുന്നെങ്കിലും വിഎസിന്‍റെ വീട്ടിലേക്ക് എപ്പോഴാണ് എത്തുകയെന്നതില്‍ വ്യക്തതയുണ്ടായിരുന്നില്ല. മറ്റൊരു പരിപാടിക്കായി പോകുന്നതിനിടെയാണ് വി.എസിന്‍റെ വീട്ടില്‍ പിണറായി വിജയന്‍ എത്തിയത്.

അല്‍പ നേരം അവിടെ ചിലവഴിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങി. പിണറായി വിജയന്‍ വീട്ടിലെത്തിയപ്പോള്‍ വി.എസ് ഉറക്കത്തിലായിരുന്നുവെന്ന് മകന്‍ ഡോ.വി.എ അരുണ്‍ കുമാര്‍ പറഞ്ഞു. ഉറക്കമായതിനാല്‍ വിളിക്കണ്ടെന്നും ആശംസ അറിയിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറ‍ഞ്ഞു. കുടുംബാംഗങ്ങളോട് ആശംസ അറിയിച്ചശേഷമാണ് പിണറായി വിജയന്‍ മടങ്ങിയത്. 

ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദനെന്നും എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടുവെന്നുമാണ് പിറന്നാള്‍ ആശംസാകുറിപ്പില്‍ പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നത്. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതിൽ വി എസ് അടക്കമുള്ള നേതാക്കൾ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്. ഐക്യകേരളം രൂപപ്പെടുന്നതിനു മുമ്പ് സ്വേച്ഛാധിപത്യത്തിനും രാജാധികാരത്തിനും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എല്ലാമെതിരെ ഉജ്ജ്വലമായ സമരങ്ങൾ അദ്ദേഹം നയിച്ചു.

ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി എസ്.തന്റെ ജീവിതത്തിലുടനീളം നിസ്വവിഭാഗങ്ങളോടൊപ്പം നിലകൊള്ളുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ വി എസിന് നൂറു വയസ്സു തികയുന്ന വേള തൊഴിലാളി പ്രസ്ഥാനങ്ങൾക്കും പുരോഗമന പ്രസ്ഥാനങ്ങൾക്കും കമ്യൂണിസ്റ്റ് പാർട്ടിക്കും മാത്രമല്ല നാടിനാകെത്തന്നെയും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അവസരമാണ്. സഖാവ് വി എസിന് പിറന്നാൾ ആശംസകൾ നേരുന്നുവെന്നും പിണറായി വിജയന്‍ ആശംസാകുറിപ്പില്‍ പറ‍ഞ്ഞു.

പാര്‍ട്ടിയെ തള്ളി കൂടംകുളത്തേക്ക് വി.എസ്, പാതിവഴിയിലെ മടക്കവും

ഉജ്ജ്വല സമരങ്ങൾ, ജനകീയ നേതാവ്, കേരള ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതം; വി എസിന് പിണറായിയുടെ പിറന്നാൾ ആശംസ

വിഎസിന് നൂറാം പിറന്നാൾ; ആശംസ അറിയിക്കാൻ നേരിട്ടെത്തി മുഖ്യ മന്ത്രി