Asianet News MalayalamAsianet News Malayalam

പാര്‍ട്ടിയെ തള്ളി കൂടംകുളത്തേക്ക് വി.എസ്, പാതിവഴിയിലെ മടക്കവും

രഹസ്യമായും പരസ്യമായും പാര്‍ട്ടി ശാസിക്കുമ്പോഴും അച്ചടക്ക നടപടിയിലേക്ക് നീങ്ങിയപ്പോഴും പാര്‍ട്ടിയിലെ വിമത ശബ്ദമായി വി എസ് തുടര്‍ന്നു. അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞു. തെറ്റുകള്‍ ചൂണ്ടിക്കാട്ടി 'കര്‍ക്കശക്കാരനായ കാരണവരാ'യി നിലകൊണ്ടു.

VS Achuthanandan s attempt to join the protest against nuclear power plant in koodankulam afe
Author
First Published Oct 20, 2023, 6:18 AM IST

പാര്‍ട്ടിയില്ലാതെ തനിക്ക് എന്ത് ജീവിതമാണുള്ളതെന്ന് ആവര്‍ത്തിക്കുമ്പോഴും 'പാര്‍ട്ടിക്ക് വഴങ്ങാത്ത പാര്‍ട്ടിക്കാരനാ'യി വി എസ് പലപ്പോഴും നിലകൊണ്ടിട്ടുണ്ട്. സ്വന്തം ശരികള്‍ പരസ്യമായി തുറന്നു പറയാനുള്ള ആര്‍ജവും വി.എസിനോളം ഉണ്ടായിരുന്ന മറ്റൊരു നേതാവ് കേരളത്തിലില്ല എന്ന് തന്നെ പറയേണ്ടി വരും. നിരവധി തവണ അച്ചടക്ക നടപടി നേരിട്ടിട്ടും പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കിയിട്ടും പാര്‍ട്ടിയില്‍ നിന്ന് ഒരിക്കലും പുറത്തുപോകാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. താന്‍ കൂടി ഉള്‍പ്പെട്ട ഒരു കൂട്ടം പ്രവര്‍ത്തകരുടെ വിയര്‍പ്പിലും ചോരയിലും കെട്ടിപ്പൊക്കിയ പ്രസ്ഥാനത്തിന്റെ തിരുത്തല്‍ ശക്തിയായി അദ്ദേഹം മാറി. 

രഹസ്യമായും പരസ്യമായും പാര്‍ട്ടി ശാസിക്കുമ്പോഴും അച്ചടക്ക നടപടിയിലേക്ക് നീങ്ങിയപ്പോഴും പാര്‍ട്ടിയിലെ വിമത ശബ്ദമായി വി എസ് തുടര്‍ന്നു. അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞു. തെറ്റുകള്‍ ചൂണ്ടിക്കാട്ടി 'കര്‍ക്കശക്കാരനായ കാരണവരാ'യി നിലകൊണ്ടു.

ടിപി ചന്ദ്രശേഖരന്‍ വധത്തിനു ശേഷം  ടിപിയെ കുലംകുത്തിയെന്നാക്ഷേപിച്ച പിണറായി വിജയനെ ഡാങ്കെയോടുപമിക്കാനും വിഎസ് മടിച്ചില്ല. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ ടിപിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് വിഎസ് തന്റെ നിലപാട് വ്യക്തമാക്കി. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ അന്നത്തെ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ അനുകൂലിച്ച് രംഗത്തെത്തി. ഒടുവില്‍ എസ്എന്‍സി ലാവലിന്‍ കേസില്‍ പാര്‍ട്ടി നിലപാടിനെ തള്ളി, മുഖ്യമന്ത്രിയായ താന്‍ ഭരണഘടനാപരമായ നിലപാടാണ് മുറുകെ പിടിക്കുന്നതെന്ന് പരസ്യമായി പറഞ്ഞ് പാര്‍ട്ടിയെ ഞെട്ടിച്ചു. 

ജാതി സംഘടനകളെ കൂട്ടു പിടിച്ച് നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് എല്‍ഡിഎഫ് സംഘടിപ്പിച്ച വനിതാ മതിലിനെ വിഎസ് വിമര്‍ശിച്ചു. ജാതി സംഘടനകളെ കൂട്ടു പിടിക്കുന്നത് പാര്‍ട്ടി നയങ്ങള്‍ക്ക് എതിരാണെന്ന് വിഎസ് കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചു. ലൈംഗികാരോപണം നേരിട്ട പി കെ ശശിക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടു. 

Rea also:  പാര്‍ട്ടി ജയിക്കുമ്പോള്‍ തോല്‍ക്കുന്ന വിഎസ്, വിഎസ് ജയിക്കുമ്പോള്‍ തോല്‍ക്കുന്ന പാര്‍ട്ടി

ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളി 

ജീവനും സുരക്ഷയ്ക്കും തൊഴിലിനും വേതനത്തിനും ജീവിക്കാനുള്ള മണ്ണിനുമായി സാധാരണക്കാരായ ജനങ്ങള്‍ നടത്തിയ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും അണിയറയില്‍ ഒളിക്കാതെ അരങ്ങത്തു നിന്ന് ചെറുത്തും ചേര്‍ത്തു പിടിച്ചും വി എസ് മുന്നണി പോരാളിയായി. മതികെട്ടാനിലും പൂയംകുട്ടിയിലും മൂന്നാറിലുമെല്ലാം അനധികൃത കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ പ്രായം വകവയ്ക്കാതെ മല കയറി ജനങ്ങളുടെ കണ്ണും കരളുമായി. പ്ലാച്ചിമടയില്‍ കൊക്കൊകോളയ്‌ക്കെതിരെയും മറയൂരില്‍ ചന്ദനക്കൊള്ളയ്‌ക്കെതിരെയും സമരനായകനായി. 

93-ാം വയസ്സിലും പെമ്പിളൈ ഒരുമൈ സമരത്തില്‍ പങ്കെടുത്ത് പ്രായം പോരാട്ട വീര്യത്തെ തളര്‍ത്തിയിട്ടില്ലെന്ന് തെളിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ട്രേഡ് യൂണിയനുകള്‍ക്കും പ്രവേശനമില്ലാത്തിടത്ത് ഒരു കസേരയുമെടുത്ത് സമരമിരിക്കുന്നവര്‍ക്കിടയില്‍ വിഎസും ഇരുന്നു. പ്രായത്തിനും പാര്‍ട്ടിക്കും തന്നെ നിശ്ശബ്ദനാക്കാന്‍ ആവില്ലെന്ന് 96 -ാം വയസ്സിലും വിഎസ് തെളിയിച്ചു കൊണ്ടിരുന്നു. 

കൂടംകുളത്തെ പ്രതിഷേധം

കൂടംകുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനത്തിനെതിരെ നടത്തിയ ജനകീയ പ്രക്ഷോഭത്തിന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് നല്‍കിയ ശക്തമായ പിന്തുണ അത്തരത്തിലൊന്നായിരുന്നു.  ജപ്പാനിലെ ഫുക്കുഷിമ ആണവദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കൂടുംകുളം സമരം ശക്തിപ്പെട്ടത്. 1988-ല്‍ റഷ്യന്‍ പ്രസിഡന്റ് ഗോര്‍ബച്ചേവിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ ആണ് കൂടംകുളം ആണവ ഉടമ്പടിയില്‍ ഇന്ത്യയും റഷ്യയും ഒപ്പിട്ടത്. അതിനു മുമ്പ് പദ്ധതി ആസുത്രണ വേളയില്‍ 1980 -കളില്‍ തന്നെ സമീപ പ്രദേശങ്ങളായ തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി എന്നീ ജില്ലകളില്‍ ആണവനിലയത്തിനെതിരെയുള്ള ജനകീയ സമരങ്ങള്‍ തുടങ്ങി. 1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. 1997 ല്‍ വീണ്ടും കൂടങ്കുളം പദ്ധതി പുനരാരംഭിക്കാനുള്ള കരാറില്‍ ഏര്‍പ്പെട്ടു. 2001-ല്‍ വിശദമായ പദ്ധതിരേഖയില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. 2002 മെയ് മാസത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 

കൂടംകുളത്തെ രണ്ട് റിയാക്ടറുകളില്‍ നിന്നുള്ള മൊത്തം 2,000 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തില്‍ തമിഴ്നാടിന് 925 മെഗാവാട്ട് വൈദ്യുതിവിഹിതവും കേരളത്തിന് 266 മെഗാവാട്ടും കര്‍ണാടകത്തിന് 442 മെഗാവാട്ടും പുതുച്ചേരിക്ക് 67 മെഗാവാട്ടും വൈദ്യുതിവിഹിതം നല്‍കാനായിരുന്നു തീരുമാനം.

കടല്‍ത്തീരത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഈ നിലയം സുനാമി പോലുള്ള അപ്രതീക്ഷിത പ്രകൃതിക്ഷോഭങ്ങളുടെ കൈപ്പിടിക്കുള്ളിലാണ്.
ആണവനിലയത്തിന്റെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ ജനവാസം പാടില്ല എന്ന നിബന്ധന ഇവിടെ പാലിച്ചിട്ടില്ല. നിലയത്തില്‍ നിന്നും ഒരു കിലോമീറ്ററിനുള്ളിലാണ് സുനാമി ബാധിതരെ പാര്‍പ്പിച്ചിട്ടുള്ള കെട്ടിടം.

എന്നാല്‍, ജപ്പാനിലെ ഫുകുഷിമ ആണവ നിലയം പോലെ ആണവച്ചോര്‍ച്ചയുണ്ടാവുമോ എന്ന ആശങ്കയുടെ അടിസ്ഥാനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും കൂടംകുളം ആണവ നിലയത്തിനെതിരെ പ്രക്ഷോഭവുമായി രംഗത്തെത്തി 

കൂടംകുളം ആണവ നിലയത്തിനെതിരെയുള്ള നിരവധി സമരങ്ങള്‍ സംയോജിപ്പിച്ച് പീപ്പിള്‍സ് മൂവ്‌മെന്റ് എഗന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി എന്ന സംഘടനയുടെ നേതൃത്വത്തില്‍ കൂടംകുളം സമരം ആരംഭിച്ചു. എസ്.പി. ഉദയകുമാര്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് ഈ ജനകീയ സമരസമിതിയെ നയിച്ചത്. സാധാരണക്കാരായ തമിഴ് ജനതയാണ് ആണവ പദ്ധതിക്കെതിരായ ഈ സമരത്തില്‍ അണിനിരന്നത്. ആണവോര്‍ജ വിരുദ്ധ ജനകീയ പ്രസ്ഥാനം എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപീകരിച്ചു. സ്ത്രീകളുടെയും യുവാക്കളുടെയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും പൂര്‍ണ പങ്കാളിത്തത്തോടെയുള്ള ജനകീയ സഹനസമരം ശക്തിയാര്‍ജിക്കുന്നത് രണ്ടായിരാമാണ്ടോടെയാണ്. കടല്‍ക്കരയിലെ ഇടിന്തകരൈ, കൂടങ്കുളം, കൂട്ടപ്പുള്ളി, മണപ്പാട് എന്നീ ഗ്രാമങ്ങളിലെ ജനങ്ങള്‍ ആണ് അന്ന് സമരത്തില്‍ മുഖ്യ പങ്കു വഹിച്ചത്. സാധാരണ ഗ്രാമീണര്‍, പ്രത്യേകിച്ച് സ്ത്രീകളാണ് ഇടിന്തകരൈയിലെ സെന്റ് ലൂര്‍ദ് മാതാ പള്ളിക്കു മുന്നില്‍ പന്തല്‍കെട്ടി സമരം നടത്തിയത്.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന  സമരക്കാര്‍ക്കെതിരേ, നിരവധി  അതിക്രമങ്ങള്‍ നടന്നു. കൂടങ്കുളത്തേക്ക് ഐക്യദാര്‍ഢ്യവുമായി എത്തുന്നവരെയെല്ലാം പൊലീസ് വഴിയില്‍ തടഞ്ഞു. തൂത്തുക്കുടിയിലെ മണപ്പാട് മത്സ്യത്തൊഴിലാളികള്‍ നടത്തിയ സമരത്തിനെതിരെ നടന്ന പൊലീസ് വെടിവെപ്പില്‍ അന്തോണി രാജ് എന്നയാല്‍ മരണപ്പെട്ടു. കടല്‍സമര്‍പ്പണസമരം നടത്തുന്നവരെ ഭയപ്പെടുത്താന്‍ വേണ്ടി കോസ്റ്റ് ഗാര്‍ഡുകളുടെ വിമാനം വളരെ താഴ്ന്നു പറന്നപ്പോള്‍ പേടിച്ചു കടലില്‍ വീണ് സഹായ ഫ്രാന്‍സിസ് എന്നയാള്‍ മരിച്ചു. കൂടംകുളം ആണവ നിലയത്തോട് സിപിഎമ്മിന് വിയോജിപ്പ് ഇല്ലായിരുന്നു. ആണവ നിലയമെന്ന ആവശ്യം രാജ്യതാല്‍പ്പര്യമാണെന്ന് പാര്‍ട്ടി അടിവരയിട്ടു. 

മഹാരാഷ്ട്രയിലെ ജയ്താപ്പൂരില്‍  ആണവ നിലയം സ്ഥാപിക്കുന്നതിനെതിരെയുള്ള സമരത്തിന് പിന്തുണ നല്‍കിയത്   അന്നത്തെ സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ഡി രാജയുമാണ്. രണ്ട് പേരും സജീവമായി  ആയി അതില്‍ പങ്കെടുത്തു.  ആണവ റിയാക്ടറിന്റെ പ്രശ്നം കൂടംകുളത്തും ജയ്താപ്പൂരും ഒക്കെ ഒന്നു തന്നെയാണ് എന്നത് യാഥാര്‍ഥ്യമായി നിലകൊള്ളുമ്പോഴും  പ്രകാശ് കാരാട്ടിന് കൂടംകുളത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച് എതിരഭിപ്രായം ഇല്ലായിരുന്നു. 15000 കോടി രൂപ മുടക്കി നിര്‍മിച്ച കൂടംകുളം ആണവ നിലയം അടച്ചിടുന്നത് പ്രായോഗികമല്ലെന്നും രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്നും പ്രകാശ് കാരാട്ട് പാര്‍ട്ടി മുഖപത്രത്തില്‍ സമര്‍ഥിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വി എസിന് ഭിന്നനിലപാടാണ് ഉണ്ടായിരുന്നത്.

Read also: തോക്കിന്‍റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി, തുളഞ്ഞ് ഇറങ്ങി; ഒരക്ഷരം മിണ്ടിയില്ല, മുഷ്ടി ചുരുട്ടിയ വിഎസ്

കൂടംകുളത്തേക്കുള്ള യാത്ര 

ജനങ്ങള്‍ക്കും ഭാവി തലമുറകള്‍ക്കും ഒരു ദോഷവും വരുത്തുന്നതല്ല എന്ന് പഠന റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ കൂടംകുളം ആണവ നിലയ പദ്ധതിയുമായി മുമ്പോട്ട് പോകാവൂ എന്നും സമരം ചെയ്യുന്നവര്‍ക്കെതിരെ ലാത്തി ചാര്‍ജോ മര്‍ദനമോ വെടിവെപ്പോ നടത്തുന്നത് പ്രതിഷേധാത്മക നടപടിയാണെന്ന് തമിഴ്‌നാട് സര്‍ക്കാരിനെ അറിയുക്കുന്നതായി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വി എസ് തുറന്നടിച്ചു. സമരത്തെ അനുകൂലിച്ചു 'മാതൃഭൂമി'യില്‍ ലേഖനം എഴുതി.

കൂടംകുളം സമരം 400 ദിവസം പിന്നിട്ടപ്പോള്‍ 2012 സെപ്തംബറില്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ജനങ്ങളോട് സംസാരിക്കാന്‍ തിരുവനന്തപുരത്തു നിന്നും കൂടംകുളത്തേക്ക് പോകുകയാണെന്ന് വി എസ് പ്രഖാപിച്ചു.  സമരത്തിന് നേതൃത്വം നല്‍കുന്ന എസ് പി ഉദയകുമാര്‍ വി എസിന്റെ വരവിനെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. പാര്‍ട്ടിയുടെ എതിര്‍പ്പ് മറികടന്നായിരുന്നു ഈ പ്രഖ്യാപനം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി വി എസ് കൂടംകുളത്തേക്ക് പോകരുതെന്ന് കേരള, തമിഴ്‌നാട് പൊലീസ് സേനകള്‍ വി എസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ എന്ത് പ്രത്യാഘാതങ്ങള്‍ സംഭവിച്ചാലും സമരസ്ഥലം സന്ദര്‍ശിക്കുമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നിന്നു. 

എന്നാല്‍ കൂടംകുളത്തേക്ക് പുറപ്പെട്ട വി എസിനെ കളിയിക്കാവിളയില്‍ തമിഴ്‌നാട്  പൊലീസ് തടഞ്ഞു. സമരം കൊടുമ്പിരി കൊണ്ടു നിക്കുന്ന സാഹചര്യത്തില്‍ വി എസിനെപ്പോലെ ഒരു പ്രതിപക്ഷ നേതാവ് പിന്തുണ അറിയിക്കാന്‍ സമരപ്പന്തലില്‍ എത്തുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പൊലീസ് വി എസിനെ ധരിപ്പിച്ചു. ക്രമസമാധാന നിലയില്‍ ഭംഗം വരുത്തുന്നത് താന്‍ ചെയ്യില്ലെന്ന് സമരപ്പന്തലില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും അവര്‍ക്ക് പിന്തുണ അറിയിക്കുകയാണെന്നും പറഞ്ഞ് പാതി വഴിയില്‍ യാത്ര ഉപേക്ഷിച്ച് അദ്ദേഹം തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങി. ആണവ വിരുദ്ധ നിലപാടില്‍ മാറ്റമില്ലെന്നും അറിയിച്ചു.

കൂടംകുളം ആണവ നിലയത്തിനു പ്രവര്‍ത്തനാനുമതി നല്‍കി കൊണ്ട് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാവരുത് എന്നും കോടതി പറഞ്ഞു. ദൗര്‍ഭാഗ്യകരം എന്നാണ് വി എസ് ഈ വിധിയോട് പ്രതികരിച്ചത്. സമരക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ ക്രിമിനല്‍ കേസുകളും പിന്‍വലിക്കാന്‍ നടപടിയെടുക്കണമെന്നും കോടതി പറഞ്ഞത് കൂട്ടിവായിക്കപ്പെടേണ്ട ചരിത്രം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios