തിരുവനന്തപുരം: സ്കൂളുകളിൽ അടുത്ത അധ്യായന വര്‍ഷത്തിലേക്ക് കുട്ടികളെ ചേര്‍ക്കുന്നതിന് ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നത് ഇപ്പോൾ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ ചില സ്കൂളുകൾ ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കുട്ടികൾ ഇപ്പോൾ വീട്ടിലിരിക്കുന്നത് കാരണം ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് പൊതുവെ അംഗീകരം ഉയര്‍ന്ന് വരികയാണ്. ഈ അവസരത്തിൽ അവർക്ക് നല്ല രീതിയിൽ വീടിനുള്ളിൽ ചെലവഴിക്കാന്‍ കഴിയണം. തങ്ങളുടെതായ കരവിരുതുകൾ പ്രദർശിപ്പിക്കാൻ പറ്റിയ സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതോടൊപ്പം മുതിര്‍ന്ന കുട്ടികള്‍ക്ക് ഓൺലൈൻ കോഴ്സുകള്‍ക്ക് ചേരാം. ലോകത്തിലെ പ്രശസ്തമായ ചില സ്ഥാപനങ്ങൾ ഇപ്പോള്‍ ഫ്രീയായി കോഴ്സുകൾ നടത്തുന്നുണ്ട്. നമ്മുടെ സമൂഹത്തെ വിജ്ഞാനാധിഷ്ഠിത സമൂഹമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി മുതിര്‍ത്ത വിദ്യാര്‍ത്ഥികള്‍ക്ക് അത്തരം കോഴ്സുകള്‍ക്ക് ചേരാൻ ഈ അവസരം വിനിയോഗിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.