വോട്ട് രേഖപ്പെടുത്തിയതിലെ സാങ്കേതിക പിഴവാണ് ശ്രീലേഖയുടെ വോട്ട് അസാധുവാകാൻ കാരണമായത്. നഗരസഭയിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനിടെയാണ് സംഭവം ഉണ്ടായത്.
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി നടന്ന വോട്ടെടുപ്പിൽ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായി. നഗരാസൂത്രണ കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പിലാണ് വോട്ട് അസാധുവായത്. വോട്ട് രേഖപ്പെടുത്തിയതിലെ സാങ്കേതിക പിഴവാണ് വോട്ട് അസാധുവാകാൻ കാരണമായത്. നഗരസഭയിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് ഇന്ന് നടന്ന തിരഞ്ഞെടുപ്പിനിടെയാണ് സംഭവം. ബിജെപി നോമിനിയായി വോട്ട് ചെയ്യാനെത്തിയ ശ്രീലേഖ ബാലറ്റ് പേപ്പറിൽ ഒപ്പിടാത്തതാണ് വോട്ട് അസാധുവാകാൻ കാരണമായത്.
സാധാരണ ഗതിയില്‍ കൗണ്‍സിലര്‍മാര്‍ക്ക് ഇത്തരം പിഴവുകള്‍ സംഭവിക്കാറുണ്ടെങ്കിലും, ഒരു മുൻ ഉന്നത പോലീസ് ഉദ്യോഗസ്ഥ എന്ന നിലയിൽ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായത് നഗരസഭയ്ക്കുള്ളിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. തിരുവനന്തപുരം നഗരസഭയിലെ ശാസ്തമംഗലം വാർഡിൽ നിന്നാണ് ആർ. ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചത്.


