കൊവിഡ് സാഹര്യത്തിൽ ആഘോഷങ്ങളൊന്നുമില്ലാതെയാണ് പ്രതിപക്ഷ നേതാവിന്‍റെ പിറന്നാൾ ദിനം കടന്ന് പോകുന്നത്. 

തിരുവനന്തപുരം:ആഘോഷങ്ങളില്ലാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഇന്ന് പിറന്നാൾ. രാഷ്ട്രീയ തിരക്കുകൾക്കപ്പുറത്ത് പതിവിൽ കവിഞ്ഞ ഒരാഘോഷവുമില്ലാതെയാണ് പിറന്നാൾ ദിനം കടന്ന് പോയത്. കൊവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ പൊതുപരിപാടികൾക്ക് നിയന്ത്രണമുണ്ടെങ്കിലും പ്രതിപക്ഷ നേതാവിന്‍റെ തിരക്കിന് പിറന്നാൾ ദിനത്തിലും കുറവൊന്നുമുണ്ടായിരുന്നില്ല. 

രാവിലെ തന്നെ പിറന്നാൾ ആശംസയറിയിച്ച് ശശി തരൂരിന്‍റെ ട്വീറ്റ്. വ്യക്തപരമായും രാഷ്ട്രീയമായും വിജയങ്ങളുടെ വര്‍ഷമാകട്ടെ എന്ന് ആശംസ

Scroll to load tweet…

മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ചാണ് ചെന്നിത്തലക്ക് ആശംസയറിച്ചത്. രമേശ് ചെന്നിത്തലക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു എന്ന് മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. 

 ഉമ്മൻ‌ചാണ്ടി, മുല്ലപ്പള്ളി, കെ മുരളീധരൻ, പിസി ചാക്കോ എന്നിവരെല്ലാം ആശംസകൾ നേരാനായി പ്രതിപക്ഷ നേതാവിനെ നേരിട്ട് വിളിച്ചു. 

പിറന്നാൾ സമ്മാനമായി ഒരു കെട്ട് മാസ്ക് മായിട്ടാണ് ചേർത്തലയിൽ നിന്ന് ഡിസിസി ജനറൽ സെക്രട്ടറി സജി കുര്യാക്കോസ് ഉൾപ്പെടെയുളള പ്രവർത്തകർ പ്രതിപക്ഷ നേതാവിനെ കാണാൻ എത്തിയത്

ഒമ്പത് മണിക്ക് കൊവിഡ് നിയന്ത്രിണങ്ങളെ കുറിച്ച് ഐഎംഎ പ്രതിനിധികളുമായി ഓൺലൈൻ ചർച്ച. മഴക്കാലം എത്തുമ്പോൾ കൊവിഡ് പ്രതിരോധം എങ്ങനെ ആകണം, നിലവിലെ അവസ്ഥ തുടങ്ങിയവ വിഷയങ്ങളിൽ ലോകരാജ്യങ്ങളിലെ പ്രമുഖരായ ആരോഗ്യ വിദഗ്ധരടക്കമാണ് ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുത്തത്. 10 മണിക്ക് ഇടത് സര്‍ക്കാരിന്‍റെ നാല് വർഷത്തെ ഭരണം വഞ്ചന ദിനമായി ആചരിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം അടക്കം പിന്നെ പലവിധ പരിപാടികൾ.

കൊവി‍ഡ് നിയന്ത്രണങ്ങളുടെ കാലമായതിനാൽ പതിവിൽ നിന്ന് വ്യത്യസ്തമായി മക്കളടക്കം കുടുംബാംഗങ്ങളെല്ലാം ഒപ്പമുണ്ടായിരുന്നു എന്നതാണ് ഇത്തവണ പ്രതിപക്ഷ നേതാവിന്‍റെ പിറന്നാൾ ദിനത്തിലെ പ്രത്യേകത.