Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് 4287 കൊവിഡ് കേസുകള്‍; 7107 പേര്‍ക്ക് രോഗമുക്തി, 20 മരണം

3711 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 471 കേസുകളാണുള്ളത്. രോഗം സ്ഥിരീകരിച്ചവരില്‍ 53 ആരോഗ്യ പ്രവർത്തകരുമുണ്ട്. 

pinarayi vijayan detailing covid information of kerala
Author
trivandrum, First Published Oct 26, 2020, 6:02 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4287 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 7107 പേര്‍ക്ക് രോഗമുക്തി. ഇതില്‍ 3711 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 471 കേസുകളാണുള്ളത്. രോഗം സ്ഥിരീകരിച്ചവരില്‍ 53 ആരോഗ്യ പ്രവർത്തകരുമുണ്ട്. 93274 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറില്‍ പരിശോധിച്ചത് 35141 സാമ്പിളുകളാണ്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ചില സ്ഥലങ്ങളിൽ ക്വാറന്‍റീനില്‍ കഴിയുന്നവരുടെ വീടുകളുടെ അടുത്തുള്ളവർ നിരീക്ഷണത്തിൽ കഴിയുന്നവരോട് അസഹിഷ്ണുത കാണിക്കുന്നു. കൊവിഡിനെതിരായ പോരാട്ടത്തിന്‍റെ മുൻനിരയിലുള്ളവരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവർക്ക് വേണ്ട സഹായം നമ്മൾ നൽകണം. അവർ രോഗം സ്ഥിരീകരിക്കാത്തവരാണ്. പ്രൈമറി കോണ്ടാക്ടിൽ വന്നവരാണ് ഇത്. സമൂഹത്തിന്‍റെ സുരക്ഷ കൂടി കരുതിയാണ് അവർ നിരീക്ഷണത്തിൽ കഴിയുന്നത്. അവരോട് മോശമായ പെരുമാറ്റം ഉണ്ടാകരുത്. മാന്യമായി ഇടപെടുകയും പിന്തുണ നൽകുകയും വേണം. 

അയൽക്കൂട്ട യോഗം, റെസിഡൻസ് അസോസിയേഷൻ തുടങ്ങിയവയുടെ കാര്യത്തിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ പേർ പങ്കെടുക്കരുത്. ബ്രേക് ദി ചെയിൻ നിർദ്ദേശം യോഗത്തിൽ പങ്കെടുക്കുന്നവർ പാലിക്കണം. പ്രായമായവരെയും കുട്ടികളെയും ഇത്തരം യോഗങ്ങളിൽ നിന്ന് ഒഴിവാക്കണം. കൊല്ലത്ത് കൊവിഡ് രോഗ നിർണയത്തിന് പുതിയ സംവിധാനം ഒരുക്കുന്നു. ലാബ് രോഗബാധിതരുടെ അടുക്കലേക്ക് എത്തും. ആസ്തി വികസന ഫണ്ടിൽ നിന്ന് 17 ലക്ഷം രൂപ ചെലവാക്കി കെബി ഗണേഷ് കുമാർ എംഎൽഎയാണ് ലാബ് സജ്ജമാക്കിയത്. ഇതിൽ ആന്‍റിജന്‍ പരിശോധന നടത്താനും ആർടിപിസിആറിന് വേണ്ട സ്രവവും ശേഖരിക്കാനാവും.

പത്തനംതിട്ടയിൽ ഇരവിപേരൂരിലെ ആശ്വാസ ഭവനത്തിൽ ഇന്നലെ 175 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടം സിഎഫ്എൽടിസിയാക്കി. ഡോക്ടറുടെയും നഴ്സിന്‍റെയും സേവനം ലഭ്യമാക്കി. സ്വകാര്യ സഹായത്തോടെ സ്റ്റെപ് കിയോസ്ക് ഒരുക്കും. കോട്ടയം ജനറൽ ആശുപത്രിയിൽ 40 കിടക്കകളുള്ള കൊവിഡ് ചികിത്സാ കേന്ദ്രം ഉടൻ തുറക്കും. മെഡിക്കൽ കോളേജിലും പുതിയ 140 കിടക്കകൾ സജ്ജമാക്കും. എറണാകുളത്ത് പ്ലാസ്മ ചികിത്സയ്ക്കായി 184 പേരിൽ നിന്ന് പ്ലാസ്മ ശേഖരിച്ചു. 168 പേരുടേത് ഉപയോഗിച്ചു. 25 പേർ ദാനത്തിനായി കാത്തുനിൽക്കുന്നു.

തൃശ്ശൂരിൽ 31 തദ്ദേശ സ്ഥാപനങ്ങൾ അതിനിയന്ത്രിത മേഖലയാക്കി. കോഴിക്കോട് മെഡിക്കൽ കോളേജിനെ പൂർണ്ണ സജ്ജമാക്കി മരണ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചു. സൗകര്യങ്ങൾ വർധിപ്പിക്കും. കാസർകോട് ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിർമ്മിച്ച ആശുപത്രി ബുധനാഴ്ച പ്രവർത്തനം തുടക്കും. മെഡിക്കൽ പാരാമെഡിക്കൽ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ 191 തസ്തിക ഒരുക്കി. ഇപ്പോൾ കൊവിഡാശുപത്രിയാണ്. കൊവിഡ് നിയന്ത്രണ വിധേയമായാൽ സാധാരണ ആശുപത്രിയാകും.

തെയ്യം ഇന്ന് മുതൽ ആരംഭിക്കുകയാണ്. കാസർകോട് കൊവിഡ് മാനദണ്ഡം പാലിച്ച് 20 പേർക്ക് പങ്കെടുക്കാം. കോലധാരികൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. രോഗവ്യാപനം രൂക്ഷമാകാതിരിക്കാൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ആൾക്കൂട്ടം ഒഴിവാക്കണം. മാസ്ക് ശരിയായ വിധത്തിലല്ല നല്ലൊരു വിഭാഗവും ധരിക്കുന്നത്. രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം ദിനേന വർധിക്കുന്നു. ധരിക്കുന്നയാളുടെ സുരക്ഷ മാത്രമല്ല, ആ വ്യക്തിയുമായി ബന്ധപ്പെടുന്ന എല്ലാവരുടെയും സുരക്ഷ മാസ്‍കിന് ഉറപ്പാക്കാനാവും. ഇത് പരമാവധി പ്രചരിപ്പിക്കണം.

ഗതാഗത മേഖലയിൽ കൊവിഡിനെ തുടർന്ന് വലിയ പ്രതിസന്ധിയുണ്ടായി. പൊതുഗതാഗതം സ്തംഭിച്ചു. സാധാരണ നിലയിലേക്ക് ഗതാഗത സംവിധാനം തിരികെ വന്നില്ല. കെഎസ്ആർടിസിയുടെ നില വളരെ പരുങ്ങലിലാക്കി. കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന് സർക്കാർ വീണ്ടും പുതിയ പാക്കേജ് തയ്യാറാക്കുകയാണ്.

കഴിഞ്ഞ പാക്കേജ് നടപ്പിലാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ബന്ധപ്പെട്ടവർ ആത്മപരിശോധന നടത്തണം. സർക്കാർ കഴിഞ്ഞ രണ്ട് വർഷവും ആയിരം കോടി വീതം കെഎസ്ആർടിസിക്ക് നൽകി. ഈ വർഷം സർക്കാരിന്റെ സഹായം രണ്ടായിരം കോടിയിലേറെയാണ്. 4100 കോടി രൂപയുടെ സഹായം ഈ സർക്കാർ നൽകി. യുഡിഎഫ് കാലത്ത് കെഎസ്ആർടിസിക്ക് 1220 കോടി രൂപയാണ് സഹായം നൽകിയത്. എന്നിട്ടും സർക്കാരിന്‍റെ അവഗണനയെ കുറിച്ച് വിമർശനങ്ങൾ ഉയരുന്നു. ഇതിന് മുന്നിൽ നിൽക്കുന്നവരുടെ നില പരിഹാസമാണ്. റെയിൽവെ പോലും വിൽക്കാൻ തീരുമാനിച്ച കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ട്രേഡ് യൂണിയൻ ഇതിന് മുന്നിൽ നിൽക്കുന്നത് വിരോധാഭാസമാണ്.

കെഎസ്ആർടിസിയെ പുനരുദ്ധരിക്കും. പുതിയ പാക്കേജിലൂടെ തൊഴിലാളികളുടെ നീണ്ട കാലത്തെ ചില ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാകും. ബാങ്കുകൾ,എൽഐസി, കെഎസ്എഫ്ഇ, തുടങ്ങിയ സ്ഥാപനങ്ങളുടെ ശമ്പള റിക്കവറികൾ കുടിശികയാണ്. ജൂൺ മാസം വരെ 255 കോടി രൂപ ഈ വകകളിൽ 2016 മുതൽ നൽകാനുണ്ട്. ഈ തുക സർക്കാർ അടിയന്തിരമായി കെഎസ്ആർടിസിക്ക് നൽകും.

2012 ന് ശേഷം ശമ്പള പരിഷ്കരണം നടപ്പിലാക്കിയിട്ടില്ല. ചർച്ചകൾ നടത്തിയിരുന്നില്ല. അത് മനസിലാക്കി എല്ലാ സ്ഥിരം ജീവനക്കാർക്കും പ്രതിമാസം 1500 രൂപ വീതം ഇടക്കാല ആശ്വാസം നൽകും. ഇതിനുള്ള അധിക തുക സർക്കാർ കെഎസ്ആർടിസിക്ക് നൽകും. ശമ്പള പരിഷ്കരണത്തിന് ചർച്ച തുടങ്ങും. എംപാനൽ ജീവനക്കാരെ പിരിച്ചുവിടില്ല. കോടതി വിധിയുടെ അടിസ്ഥാനത്തിൽ പത്ത് വർഷം സേവനം ലഭിച്ചവരും പിഎസ്സി-എംപ്ലോയ്മെന്‍റ് വഴി നിയമനം ലഭിച്ചവരെയും സ്ഥിരപ്പെടുത്തും. ബാക്കിയുള്ളവരെ സിഫ്റ്റിൽ നിയമിക്കും.

സ്കാനിയ, ദീർഘദൂര ബസ്, കിഫ്ബി വഴി വാങ്ങുന്ന ബസുകളും സിഫ്റ്റ് വഴിയാവും പ്രവർത്തിക്കുക. കെഎസ്ആർടിസി സർക്കാരിന് നൽകാനുള്ള 941 കോടിയുടെ പലിശ എഴുതി തള്ളും. 3600 കോടിയുടെ വായ്പ ഓഹരിയാക്കും. കൺസോർഷ്യവുമായി ഉണ്ടാക്കിയ ധാരണ പ്രകാരം സർക്കാരിൽ നിന്നല്ലാതെ കോർപ്പറേഷന് വായ്പയെടുക്കാനാവില്ല. വരുമാനം വർധിപ്പിക്കാനും ,ചെലവ് ചുരുക്കാനും നടപടികൾ. ഈ വിടവ് 500 കോടിയായി കുറയ്ക്കാൻ ലക്ഷ്യം.

പുതിയ പാക്കേജ് ട്രേഡ് യൂണിയനുകളുമായി വിശദമായി ചർച്ച ചെയ്യും. കെഎസ്ആർടിസിക്ക് പരമാവധി സഹായം സർക്കാർ നൽകും. ഇതിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകില്ലെന്ന് കരുതുന്നു. മാനേജ്മെന്‍റുകളുമായി ചർച്ച ചെയ്യും. എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉള്ളി വില കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് സവാള വില നിയന്ത്രിക്കാൻ ധനകാര്യ വകുപ്പ്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, സഹകരണ വകുപ്പ്, കൃഷി വകുപ്പ് മന്ത്രിമാർ യോഗം ചേർന്നു. പ്രധാനപ്പെട്ട ഏജൻസികളായ സപ്ലൈകോ, ഹോർട്ടികോർപ്പ്, കൺസ്യൂമർഫെഡ് മുഖേന നാഫെഡിൽ നിന്നും 1800 ടൺ സവാള വാങ്ങാൻ തീരുമാനിച്ചു.

സപ്ലൈകോ ആയിരം ടൺ, കൺസ്യൂമർഫെഡ് 300 ടൺ, ഹോർട്ടികോർപ്പ് 500 ടൺ എന്നിങ്ങനെ സവാള വാങ്ങും. വിപണിയിൽ നവംബർ ആദ്യവാരം മുതൽ വിതരണം തുടങ്ങും. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് ഇവ കേന്ദ്രസർക്കാർ പദ്ധതി വഴി സംഭരണ കേന്ദ്രത്തിൽ നിന്നും നേേരിട്ട് ശേഖരിക്കാൻ സംസ്ഥാന ഏജൻസികൾക്ക് അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ച് തമിഴ്നാടിനും കർണാടകത്തിനും കത്തയച്ചു.

വാളയാർ കേസിൽ എല്ലാവർക്കും അറിയാവുന്ന വസ്തുതയുണ്ട്. ആരെയും പറ്റിക്കുന്ന നിലപാട് മുഖ്യമന്ത്രി എന്ന നിലയ്ക്ക് എനിക്കില്ല. കുട്ടികളുടെ അമ്മയ്ക്ക് നീതി ലഭിക്കണം എന്ന നിലപാടാണ് സർക്കാരിന്. അവർക്കൊപ്പമാണ് നമ്മളെല്ലാവരും ഉള്ളത്. ഒരു വർഷം മുൻപ് അവർ വന്ന് കണ്ടപ്പോഴും ഈ കാര്യങ്ങൾ പറഞ്ഞിരുന്നു. അത് പാലിക്കാനാണ് ശ്രമിച്ചത്. പ്രതികളെ വെറുതെ വിട്ടതിനെതിരായ നിയമപോരാട്ടത്തിന് സർക്കാരാണ് മുൻകയ്യെടുത്തത്. പ്രതികളെ വിട്ടയച്ചതിനെതിരെ 2019 ൽ തന്നെ അപ്പീൽ നൽകി. മരണപ്പെട്ട കുട്ടികളുടെ അമ്മയുടെ ഹർജികളുമുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത് സർക്കാർ ആവശ്യപ്പെട്ട പ്രകാരമാണ്. സർക്കാരിന്‍റെ ആവശ്യത്തിന്റെ ഗൗരവം മനസിലാക്കിയാണ് ഹൈക്കോടതി അപൂർവ നിലപാട് എടുത്തത്.

വിചാരണ നടത്തി പ്രതികളെ വിട്ടയച്ച കേസിൽ വീണ്ടും അന്വേഷണം സാധിക്കില്ല. എന്നാൽ വിചാരണ കോടതിയിൽ സംഭവിച്ച വീഴ്ചകൾ ചൂണ്ടിക്കാട്ടി വിചാരണ കോടതി വിധി റദ്ദാക്കിയാൽ പുനർ വിചാരണ സാധിക്കും. ഹൈക്കോടതിയിൽ അപ്പീൽ നൽകി കാത്തിരിക്കുകയല്ല സർക്കാർ ചെയ്തത്. അപ്പീൽ ഹൈക്കോടതി പരിഗണിക്കാൻ കാലതാമസം ഉണ്ടാകും. ഇതൊഴിവാക്കാൻ കേസ് വേഗത്തിൽ പരിഗണിക്കണമെന്ന് സർക്കാർ അർജന്‍റ് എംഒ ഫയൽ ചെയ്തു. നവംബർ ഒൻപതിന് കേസ് പരിഗണിക്കും.

കേസിൽ വിചാരണ വേളയിലെ വീഴ്ച പരിശോധിക്കാൻ വിരമിച്ച ജില്ലാ ജഡ്ജി പി കെ ഹനീഫയെ കമ്മീഷനായി നിയമിച്ചു. റിപ്പോർട്ട് ലഭിച്ചു. അത് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. കമ്മീഷൻ കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസുകാർക്കെതിരെ കുറേക്കൂടി കർശനമായ നടപടിയെടുക്കും. മാതാവ് സർക്കാരിൽ വിശ്വാസമാണെന്ന് ഇന്നും പറഞ്ഞു. ആ കുടുംബത്തിന് നീതി ലഭ്യമാക്കാൻ ഇനിയും സർക്കാർ ശ്രമിക്കും.

സംവരണ വിഷയം കുറേക്കാലമായി ചർച്ച ചെയ്യുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ ഇക്കാര്യം വ്യക്തമാക്കിയതാണ്. സാമൂഹികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഇന്നുള്ള തോതിൽ സംവരണം ഉറപ്പാക്കും. അതോടൊപ്പം മുന്നോക്ക സമുദായങ്ങളിലെ പാവങ്ങൾക്ക് പത്ത് ശതമാനം സംവരണം വേണം. ഇതിന് ഉചിതമായ ഭരണഘടനാ ഭേദഗതി വേണം. ഇതിന് എൽഡിഎഫ് പരിശ്രമിക്കും. സംവരണത്തെ അനുകൂലിച്ച ഈ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. നിലവിലെ സംവരണം അതേ തോതിൽ നിലനിർത്തി മുന്നോക്ക സമുദായത്തിലെ പാവങ്ങൾക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തി.

പാർലമെന്‍റില്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നു. കോൺഗ്രസും ഇടതുപക്ഷവും അടക്കം ഈ ബില്ലിനെ പിന്തുണച്ചു. 326 അംഗങ്ങളിൽ 323 പേരും അനുകൂലിച്ച് പാസാക്കിയ നിയമമാണിത്. ആ നിയമമാണ് കേരളത്തിൽ നടപ്പിലാക്കിയത്. കേരളത്തിൽ പ്രക്ഷോഭം നയിക്കുന്നവർ ഈ യാഥാർത്ഥ്യം മനസിലാക്കണം. നിലവിലെ സംവരണത്തെ അട്ടിമറിക്കുന്നില്ല. മുന്നോക്ക വിഭാഗത്തിലെ പത്ത് ശതമാനം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പൊതുവിഭാഗത്തിൽ നിന്ന് സംവരണം മാറ്റിവയ്ക്കുകയാണ്. ആരുടെയും സംവരണം ഇല്ലാതാക്കില്ല. സാമ്പത്തിക സംവരണം പൊതുവിഭാഗത്തിൽ നിന്ന്. നിലവിലെ സംവരണം അട്ടിമറിക്കുന്നില്ല.

കേരളത്തിന് കൃത്യമായ ടെസ്റ്റിങ് സ്ട്രാറ്റജിയുണ്ട്. ലക്ഷണം ഉള്ളവരെ കണ്ടെത്തി ടെസ്റ്റ് നടത്താനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് ടെസ്റ്റ് പോസിറ്റിവിറ്റി വർധിക്കാൻ ഇടയുണ്ട്. എന്നിട്ട് പോലും കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി ഗണ്യമായി വർധിച്ചിട്ടില്ല. 15 ശതമാനത്തിൽ താഴെ നിലനിർത്താനാവുന്നുണ്ട്. കൊവിഡ് മരണനിരക്ക് കൂടുതലല്ലേ എന്ന് ചിലർ ചോദിക്കുന്നു. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വളരെ കുറഞ്ഞ കണക്കാണ്. എല്ലാ സംസ്ഥാനങ്ങളുടെയും ഔദ്യോഗിക റിപ്പോർട്ട് താരതമ്യം ചെയ്താൽ കേരളത്തിന്‍റെ മരണനിരക്ക് കുറവാണ്. 

നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങളും തദ്ദേശ സ്ഥാപനങ്ങളും പൊലീസും ആരോഗ്യപ്രവർത്തകരും കാഴ്ചവെച്ച സമർപ്പണത്തിന്‍റെ ഗുണഫലമാണ്. ഇല്ലാക്കണക്ക് നാട്ടിലവതരിപ്പിച്ച് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല. 2017 ലെ ഡെങ്കി വ്യാപനത്തിൽ സർക്കാർ ഓഡിറ്റ് നടത്തിയപ്പോൾ ആദ്യ ഘട്ടത്തിൽ 40 മരണമായിരുന്നു. പിന്നീട് ഓഡിറ്റ് നടത്തിയപ്പോൾ സംഖ്യ ഉയർന്നു. ഇത് പ്രതിപക്ഷ ആരോപണമോ മാധ്യമവാർത്തയോ കണ്ട് ചെയ്തതല്ല.

വസ്തുതകൾക്ക് നിരക്കാത്ത വാർത്ത ആരും നിർമ്മിക്കരുത്. കുറേ മാസങ്ങളായി കൊവിഡിനെതിരെ പൊരുതുന്നു. ശാസ്ത്രീയമായി രോഗത്തെ വീക്ഷിക്കുകയും വിശകലനം ചെയ്യുകയും ഓരോ ഘട്ടത്തിലും സ്ട്രാറ്റജിയും സാങ്കേതിക വിദ്യയും മാറ്റുകയും ചെയ്യുന്നു. ടെസ്റ്റ് റിസൾട്ട് ഡാറ്റാ സോഫ്റ്റ്‌വെയർ മാറ്റി. പുതിയ സോഫ്റ്റ്‌വെയർ വന്നപ്പോഴുള്ള അജ്ഞതയിൽ സംഭവിച്ചതാണ് മലപ്പുറത്തെ കണക്കിലെ വ്യത്യാസം. മാനുഷികമായ പിഴവിനെ തുടർന്ന് ഒരു ദിവസം മാത്രമാണ് തെറ്റായ കണക്ക് വന്നത്. ഉടൻ തന്നെ അത് തിരുത്തി.  ഇതൊന്നും അന്വേഷിക്കാതെയാണ് വാർത്ത പ്രചരിപ്പിക്കുന്നത്. ഇത് സ്വന്തം സുരക്ഷയെ അപകടപ്പെടുത്താനേ ഉപകരിക്കുവെന്ന് ഇത്തരക്കാർ മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസിന്‍റെ പ്രഖ്യാപിതമായ ഈ കാലഘട്ടത്തിലെ നയത്തിനനുസരിച്ചാണ് നേതൃത്വം പ്രതികരിക്കുന്നത്. രാഹുൽ ഗാന്ധി കേരളത്തിൽ വന്നപ്പോൾ അഖിലേന്ത്യാ നേതാവെന്ന നിലയിൽ പ്രതികരിച്ചു. ആ കാര്യത്തിൽ രാഷ്ട്രീയത്തിന്‍റെ ആദ്യാക്ഷരം അറിയുന്ന ആർക്കും മനസിലാകാത്ത പ്രതികരണമായിരുന്നു പ്രതിപക്ഷ നേതാവിൽ നിന്നുണ്ടായത്. അഖിലേന്ത്യാ നേതൃത്വം പറയുന്ന കാര്യത്തെ തള്ളിപ്പറയാൻ സംസ്ഥാന നേതൃത്വം തയ്യാറാകില്ല. ഇവിടെയത് പച്ചയായി പറയുന്നു. എന്നെയത് ആശ്ചര്യപ്പെടുത്തി.

അദ്ദേഹം എന്തുകൊണ്ടാണ് ഇങ്ങിനെ ഒരു നിലപാടെടുത്തത് എന്ന് മനസിലായില്ല. അതിനെ കുറിച്ച് ചോദിച്ചു. ബിജെപി നേതാവ് പരസ്യമായി ഈ നിലപാടിനെ വിമർശിച്ചു.  അദ്ദേഹം ചോദിച്ച ചോദ്യത്തിൽ രമേശ് ചെന്നിത്തല വ്യക്തത വരുത്തുകയായിരുന്നു. ഇവിടെ എല്ലാ കാര്യത്തിലും ഒന്നിച്ച് നീങ്ങുകയാണ്. ബിജെപിയും ആർഎസ്എസിനെയും ആകാവുന്ന രീതിയിൽ തുറന്നുകാണിക്കാനാണ് ദേശീയ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. അപ്പോഴാണ് കേരളത്തിൽ അവരുമായി സമരസപ്പെട്ട് പോകാൻ ഇവിടുത്തെ നേതാക്കൾ ശ്രമിക്കുന്നത്.

രാജ്യത്ത് മതനിരപേക്ഷത ചോദ്യം ചെയ്യപ്പെടുന്നു. കേരളം പ്രത്യേക തുരുത്തായി മാറുന്നു. മതനിരപേക്ഷതയ്ക്ക് പോറലേൽക്കാതെ നമുക്ക് മുന്നോട്ട് പോകണം. അതിന് കുറച്ച് വോട്ടും സീറ്റുമാണ് പ്രധാനമെന്ന് കാണരുത്. നാടിന്‍റെ ഇത്തരം പ്രശ്നങ്ങൾ അപകടമാണെന്ന് മനസിലാക്കണം. അത് തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ നമുക്ക് ബാധ്യതയുണ്ട്. കേരളം ഇത്തരം വഴിവിട്ട നീക്കം തിരിച്ചറിയും. അതിന്‍റെ ഭാഗമായി കേരളം നിലപാടും സ്വീകരിച്ചിട്ടുണ്ട്. ഷാജിയുടെ കാര്യം സമൂഹം ചർച്ച ചെയ്യുന്നുണ്ട്. പല ഏജൻസികളും അന്വേഷിക്കുന്നുണ്ട്. അതെല്ലാം വാർത്തയിൽ വരുന്നുണ്ട്. പരാതികളിൽ അതിന്‍റെ ഭാഗമായി അന്വേഷണവുമായി മുന്നോട്ട് പോകും.

 

Follow Us:
Download App:
  • android
  • ios