Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദുബായിയിലെത്തും; മന്ത്രിമാരും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച

വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കുന്ന പിണറായി വിജയന്‍ യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും. 

Pinarayi vijayan fly to Dubai from  US back to home only by February 7
Author
Thiruvananthapuram, First Published Jan 29, 2022, 7:58 AM IST

ദുബായ്:  അമേരിക്കയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയില്‍ മാറ്റം വരുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) ഇന്ന് ദുബായിയിലെത്തും. ഒരാഴ്ച ദുബായില്‍ തങ്ങുന്ന മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യമായി യുഎഇയില്‍ എത്തുന്ന മുഖ്യമന്ത്രി ഒരാഴ്ച ദുബായിലുണ്ടാവും. ആദ്യത്തെ മൂന്ന് ദിവസം പൂര്‍ണ വിശ്രമം. 

പിന്നീട് വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കുന്ന പിണറായി വിജയന്‍ യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും. നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം വ്യവസായ മേഖലയിലെ നിയമ പരിഷ്കരണങ്ങള്‍, ഡിജിറ്റല്‍ വല്‍ക്കരണം, നടപടിക്രമങ്ങളിലെ ലളിതവല്‍ക്കരണമെല്ലാം ബോധ്യപ്പെടുത്തും. അടുത്തമാസം നാലിന് ദുബൈ എക്സ്പോയിലെ ഇന്ത്യന്‍ പവലിയിനില്‍ കേരള സ്റ്റാളിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

എക്സപോയില്‍ ആറുദിവസമാണ് കേരളത്തിന്‍റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളത്. ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് ഏറ്റവും യോജിച്ച സംസ്ഥാനമായി കേരളത്തെ ഉയർത്തിക്കാട്ടാനായിരിക്കും അവസരം വിനിയോഗിക്കുക. രാജ്യാന്തര വ്യവസായികളെ ഉൾപ്പെടുത്തി അടുത്തമാസം അഞ്ച് ആറ് തിയതികളില്‍ രണ്ടു നിക്ഷേപക സംഗമങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദുബായിൽ നടത്തും. 

അറബ്, രാജ്യാന്തര വ്യവസായികളെ ഉൾപ്പെടുത്തിയും മലയാളി വ്യവസായികളെ ഉൾപ്പെടുത്തിയമായിരിക്കും സമ്മേളനങ്ങള്‍. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് KSIDC എംഡി രാജമാണിക്യം കഴിഞ്ഞദിവസം ദുബായിലെത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ വ്യവസായ മന്ത്രി പി രാജീവ്, രാജ്യ സഭാഗം ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. അഞ്ചാം തിയതി ദുബായി അല്‍ നാസര്‍ ലെഷര്‍ലാന്‍റില്‍ മലയാളി സമൂഹവുമായി മുഖ്യമന്ത്രിയുടെ സംവാദ പരിപാടിക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുമതിക്ക് കാത്തിരിക്കുകയാണ് സംഘാടകര്‍.

Follow Us:
Download App:
  • android
  • ios