തിരുവനന്തപുരം: ക്ഷേമ പെൻഷനുകളും ദുരിതാശ്വാസകർക്കായുള്ള തുകകളും കൃത്യമായി സർക്കാർ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള കേന്ദ്രസഹായം നാമ മാത്രമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണം വാരാഘോഷത്തിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഈ സർക്കാർ അധികാരത്തിൽവരുമ്പോൾ 1477.92 കോടി രൂപ ക്ഷേമ പെൻഷൻ കുടിശിക നൽകാനുണ്ടായിരുന്നു. അതു പൂർണമായി കൊടുത്തുതീർത്തു. കഴിഞ്ഞ മൂന്നു വർഷംകൊണ്ട് 18,171 കോടി രൂപയാണ് വിവിധ ക്ഷേമ പെൻഷനുകളായി നൽകിയത്. ഖജനാവ് നിറഞ്ഞുകവിഞ്ഞ് ഒഴുകിയതുകൊണ്ടല്ല മറിച്ച് പാവപ്പെട്ടവർക്ക് അർഹതപ്പെട്ട പണം അവരുടെ അവകാശമാണെന്നതുകൊണ്ടാണ് ഇക്കാര്യത്തിൽ സർക്കാർ ജാഗ്രത പുലർത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണ ഓണത്തിന് 52 ല​ക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ എന്ന നിലയ്ക്ക് നൽകിയത് 1971 കോടി രൂപയാണ്.  ജീവനക്കാർക്ക് ബോണസ് തുടങ്ങിയവക്കായി 281 കോടി രൂപയാണ് സർക്കാർ ചെലവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സർക്കാർ എന്നും വിഷമം അനുഭവിക്കുന്നവർക്കൊപ്പമാണ്. രണ്ട് വർഷത്തെ പ്രക‍ൃതി ദുരന്തങ്ങളിൽ നിന്ന് കേരളം പാഠം പഠിക്കേണ്ടതുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. അപകട സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കേണ്ടി വരുമെന്നും ഇത്തരം കാര്യങ്ങളിലേക്ക് സർക്കാർ നീങ്ങുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ഉൾപ്പെടുത്തി ജനകീയ സേന രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഓണക്കാലത്ത് സൗജന്യ ഓണക്കിറ്റ് നൽകുന്ന പതിവ് ഇത്തവണ വേണ്ടെന്ന സർക്കാർ തീരുമാനം വിവാദമായിരിക്കുകയാണ്. ബിപിഎൽ അടക്കം പതിനാറ് ലക്ഷം പേർക്കാണ് ഓണക്കാലത്ത് സൗജന്യകിറ്റ് നൽകിയിരുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഇത് മഞ്ഞക്കാർഡ് ഉടമകളിലേക്ക് ചുരുങ്ങിയിരുന്നു. ധനവകുപ്പിന്‍റെ ക്ലിയറൻസ് ഇല്ലാത്തതുകൊണ്ടാണ് സൗജന്യ കിറ്റ് വിതരണം വേണ്ടെന്ന് വച്ചതെന്നാണ് സപ്ലെെക്കോയുടെ വിശദീകരണം. എന്നാൽ മറ്റ് പല സൗജന്യങ്ങളും അനുവദിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഓണക്കിറ്റ് ഒഴിവാക്കിയതെന്നുമാണ് സര്‍ക്കാർ പറഞ്ഞത്. 

സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രം​ഗത്തെത്തിയിരുന്നു. കോടികൾ ചെലവഴിച്ച് ദില്ലിയിലും മുഖ്യമന്ത്രിയുടെ ഓഫീസിലും അനാവശ്യ തസ്തികൾ സൃഷ്ടിച്ച് ധൂർത്ത് തുടരുമ്പോഴും പാവപ്പെട്ടവര്‍ക്ക് ഓണക്കിറ്റ് നൽകാതെ ധനവകുപ്പും സർക്കാരും കടുത്ത വഞ്ചനയാണ് കാട്ടിയതെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ നടപടി സാധാരണക്കാരോടുള്ള അനീതിയാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.