തിരുവനന്തപുരം: ഉത്തരമലബാറിലെ ഒരു ജ്യോതിഷിയെ ഉപയോഗിച്ച് കേന്ദ്ര ബിജെപി നേതൃത്വത്തെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി ശ്രമം നടത്തുന്നെന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണത്തെ ചിരിച്ച് തള്ളി മുഖ്യമന്ത്രി. ആരാണ് ഈ ജ്യോതിഷിയെന്ന് ജ്യോതിഷം വെച്ച് നോക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ തമാശ കലര്‍ന്ന മറുപടി. വായിക്ക് തോന്നിയത് എല്ലാം കോതയ്ക്ക് പാട്ടെന്ന് മട്ടിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. അദ്ദേഹം കാര്യങ്ങള്‍ ഗൗരവത്തോടെ കാണുന്നതും പ്രതികരിക്കുന്നതും നല്ലതായിരിക്കുമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. 

ബിജെപി ദേശീയനേതൃത്വവുമായി അടുത്ത ബന്ധമുള്ള ഉത്തരമലബാറിലെ ഒരു ജ്യോതിഷിയെ ഉപയോഗിച്ച് കേന്ദ്ര ബിജെപി നേതൃത്വത്തെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രിയും കൂട്ടാളികളും ശ്രമം നടത്തുന്നതായി വിവരമുണ്ടെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്‍താവന. ഇത് സംബന്ധിച്ച് വ്യക്തത വരുത്താനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും ബിജെപിക്കുമുണ്ട്.  ബിജെപി ദേശീയ നേതൃത്വം കേസ് അന്വേഷണത്തിന്‍റെ ഓരോഘട്ടത്തിലും ഇടപെട്ടുകൊണ്ടിരിക്കുകയാണ്. 

മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിനും കസ്റ്റഡിയിലെടുക്കുന്നതിനും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കുറ്റകരമായ അനാസ്ഥകാട്ടുന്നത് അതിന് തെളിവാണ്. ഈ കാലവിളംബത്തിന് ഏജന്‍സികള്‍ മറുപടി പറയണം. ആരോപണ വിധേയര്‍ക്ക് തെളിവുകള്‍ ഓരോന്നായി നശിപ്പിക്കാനുള്ള സാവകാശം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നല്‍കുന്നെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു.