തിരുവനന്തപുരം: വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജവാര്‍ത്തകള്‍ തടയാന്‍ പൊലീസിനെ നിയോഗിച്ചത് ചിലരുടെ തെറ്റിദ്ധാരണക്ക് കാരണമായിട്ടുണ്ട്. എന്നാല്‍, മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും അവകാശവും പരിരക്ഷിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സര്‍ക്കാറിന് എക്കാലവുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

2017ലെ വേര്‍ഡ് ഓഫ് ഫിയര്‍ ആയിരുന്നു ഫേക്ക് ന്യൂസ്. 2016ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് മുതല്‍ വ്യാജവാര്‍ത്തകള്‍ ജനങ്ങളെ ദുസ്സ്വാധീനിക്കുന്നതിെറെ തെളിവുകളും പഠനങ്ങളും നിരവധിയായി പുറത്തുവന്നിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ ഏതെങ്കിലും വ്യക്തിക്കോ സംഘടനക്കോ സര്‍ക്കാറിനോ മാത്രം ദോഷമോ ഗുണമോ ചെയ്യുന്നതായി കാണേണ്ടതില്ല. സമൂഹത്തിനെയാകെ ബാധിക്കുന്ന വിപത്താണ് എന്ന് തിരിച്ചറിയണം. 

വ്യാജവാര്‍ത്തകളുടെ വ്യാപനം ജനാധിപത്യത്തെ തന്നെ അപകടപ്പെടുത്തുന്ന നിലയാണുണ്ടാകുക. തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്ന പ്രവണത പണ്ടുമുള്ളതാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയും സര്‍ക്കുലേഷന്‍ വര്‍ധനവിനും പരിണിത പ്രജ്ഞരെന്ന് നാം കരുകുന്ന പാരമ്പര്യമുള്ള മാധ്യമങ്ങള്‍ വരെ ഇത്തരം വാര്‍ത്തകളില്‍ ഏര്‍പ്പെട്ടതായി കാണാന്‍ കഴിയും. ചാരക്കേസ് പലലക്ഷ്യം വെച്ച് ചിലര്‍ നടപ്പാക്കിയ ഗൂഢ പദ്ധതിയായിരുന്നു. ജനങ്ങളുടെ പണം ഉപയോഗിച്ചാണ് സര്‍ക്കാര്‍ വലിയ അനീതിക്ക് പരിഹാരം കണ്ടത്.

വാര്‍ത്ത നല്‍കുമ്പോള്‍ ചിലപ്പോള്‍ തെറ്റ് പറ്റിയേക്കാം. അതൊരു ബോധപൂര്‍വമായ വ്യാജ നിര്‍മ്മിതിയായി ആരും കണക്കാക്കില്ല. പക്ഷേ തെറ്റുപറ്റിയാല്‍ തിരുത്താന്‍ തയ്യാറാകണമല്ലോ. എന്നാല്‍ ചിലര്‍ തങ്ങള്‍ക്ക് പറ്റിയ തെറ്റ് തിരുത്താനേ തയ്യാറാകുന്നില്ല. ബോധപൂര്‍വം വാര്‍ത്തകള്‍ ചമച്ച് ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിക്കാന്‍ തയ്യാറാകുന്നതാണ് വ്യാജവാര്‍ത്തയുടെ ഗണത്തില്‍പ്പെടുന്നത്. ദില്ലിയില്‍ അമ്മയും മകനും ജീവന്‍ നഷ്ടമാകാനിടയായത് മറന്നുപോകാനിടയില്ല. ഒരു മാധ്യമത്തിന്റെ ഏകപക്ഷീയമായ വേട്ടയാടലിലൂടെയായിരുന്നു അതുണ്ടായത്. 70 രൂപ ഓട്ടോക്കാശ് പിരിച്ചതിന്റെ പേരില്‍ ഓമനക്കുട്ടന്‍ എത്രവലിയ മാധ്യമവിചാരണ നേരിടേണ്ടി വന്നത്. ആ വാര്‍ത്തയുടെ യഥാര്‍ത്ഥ സ്ഥിതി പുറത്തുകൊണ്ടുവന്നതും മാധ്യമങ്ങള്‍ തന്നെ.  ചില മാധ്യമങ്ങള്‍ അദ്ദേഹത്തോട് മാപ്പ് പറയുന്ന നിലപാടെടുത്തു. പക്ഷേ ഒരു കൂട്ടര് അവര് പറഞ്ഞിടത്തുതന്നെ നിന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കൊവിഡുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ ഗൗരവമായി കാണ്ടതുണ്ട്.  ഈ തീരുമാനം മാധ്യമങ്ങള്‍ക്കെതിരെയുള്ള നീക്കമായി കാണേണ്ടതില്ല. സമൂഹമാധ്യമങ്ങളിലും വ്യാജവാര്‍ത്ത വരുന്നു. വ്യാജവാര്‍ത്തകളെ നിയന്ത്രിക്കരുതെന്ന നിലപാട് സാമൂഹ്യപ്രതിബദ്ധതയുള്ളവര്‍ക്ക് പറയാനാകില്ല. സാധാരണക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള നടപടിയായി കണ്ടാല്‍ മതി. എല്ലാ മാധ്യമങ്ങളും വ്യാജവാര്‍ത്തകള്‍ക്കെതിരെ യുള്ള നടപടികള്‍ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.