Asianet News MalayalamAsianet News Malayalam

അമിത ആശങ്ക വേണ്ട, എല്ലാവരും ജാഗ്രത പുലര്‍ത്തണം; അതിതീവ്രമഴയെ ചെറുത്തുതോല്‍പ്പിക്കാമെന്ന് മുഖ്യമന്ത്രി

ആഗസ്ത് 15ന് വീണ്ടും മഴക്ക് സാധ്യതയെന്നും 24 മണിക്കൂർ അതിശക്തമായ മഴ പ്രവചിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. നാളെ കഴിഞ്ഞാൽ മഴയുടെ തീവ്രത കുറയുമെന്നുമാണ് പ്രവചനമെന്നും മുഖ്യമന്ത്രി.

pinarayi vijayan on heavy rain in kerala
Author
Thiruvananthapuram, First Published Aug 9, 2019, 11:37 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും എന്നാല്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 22 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതുവരെ സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്പുകളാണ് തുടങ്ങിയിരിക്കുന്നതെന്നും 22,165 പേരെ കാമ്പിലേക്ക് മാറ്റിയെന്നും പിണറായി വിജയന്‍ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനുള്ള യന്ത്രങ്ങള്‍ക്ക് ക്ഷാമമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട്, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ അനുഭവപ്പെടുന്നത്. ആഗസ്ത് 15ന് വീണ്ടും മഴക്ക് സാധ്യതയെന്നും 24 മണിക്കൂർ അതിശക്തമായ മഴ പ്രവചിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നദികളിൽ അപകടകരമാം വിധം ജലനിരപ്പുയരുകയാണ്. നാളെ കഴിഞ്ഞാൽ മഴയുടെ തീവ്രത കുറയുമെന്നുമാണ് പ്രവചനമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏറ്റവും കൂടുതൽ പേർ ക്യാമ്പിലുള്ളത് വയനാട്ടിലാണ്. പതിനായിരത്തോളം പേരാണ് വയനാട്ടിലെ ക്യാമ്പുകളില്‍ കഴിയുന്നത്.  ദുരിതാശ്വാസ ക്യാമ്പുകളുടെ ഏകോപനം അതാത് ജില്ലാ കളക്ടർമാർ നിര്‍വഹിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ശുദ്ധമായ വെള്ളം, ഡോക്ടര്‍മാരുടെ സേവനം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ പ്രവർത്തകർ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ഉന്നതതല യോഗത്തിന് ശേഷം വ്യക്തമാക്കി. വയനാട് ബാണാസുര സാഗർ അണക്കെട്ട് ഉടൻ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആലപ്പുഴയിൽ നാളെ നടത്താനിരുന്ന വള്ളംകളി മാറ്റിവെച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കരസേനയുടെ കൂടുതൽ യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിന് പാങ്ങോട് നിന്ന് ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലേക്ക് പുറപ്പെട്ടു. അടിയന്തിര സാഹചര്യമുണ്ടായാൽ ഇറങ്ങാന്‍ രണ്ടു കോളം സേനയെയും തയ്യാറാക്കിയിട്ടുണ്ട്.

കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലത്തും തിരുവനന്തപുരത്തും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇന്ന് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ എല്ലാം നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

Also Read: അതിതീവ്ര മഴ: ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Follow Us:
Download App:
  • android
  • ios