തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും അതെല്ലാം തെറ്റാണെന്ന് തെളിഞ്ഞിട്ടും അതിന്‍റെ ജാള്യതയാണ് പ്രതിപക്ഷത്തിന് ഉള്ളതെന്ന് കൊവിഡ് കണക്കുകള്‍ വ്യക്തമാക്കിയുള്ള വാര്‍ത്ത സമ്മേളനത്തില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. 

സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി തുടങ്ങിയ കാലം മുതല്‍ ഉയര്‍ത്തിയ പ്രതിപക്ഷ ആരോപണങ്ങള്‍ ഉന്നിയിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷ നേതാവിന്‍റെ ഇന്നത്തെ ആരോപണത്തില്‍ മുന്‍ മുഖ്യമന്ത്രിയെ കൂടി ആരോപണ നിഴലിലാക്കുന്നതാണെന്ന് പിണറായി വിജയന്‍ പരാമര്‍ശിച്ചു. മുഖ്യമന്ത്രി എന്ന പദത്തിനോട് പ്രതിപക്ഷ നേതാവിന്  എന്തോ പ്രശ്നം ഉണ്ടോ എന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്. യുഡിഎഫിലെ പ്രശ്നങ്ങള്‍ തന്നെ ചാരി ഉന്നയിക്കേണ്ടതില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

"

കൊവിഡിന്‍റെ തുടക്കം മുതല്‍ താന്‍ വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്. അന്നൊക്കെ ഇത്തരം ആരോപണങ്ങളില്‍ നിന്ന് താന്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ പിന്നീട് ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തുടങ്ങി. ഇതോടെ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നു എന്നായി പ്രതിപക്ഷത്തിന്‍റെ ആരോപണമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ പൊയ് വെടികളാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. 

വാര്‍ത്ത സമ്മേളനം നടത്തുന്നതിന് മീഡിയ മാനിയ എന്ന് ആരോപിച്ചു, അമേരിക്കന്‍, രാജസ്ഥാന്‍ രീതിയാണ് ഇവിടെ വേണ്ടെന്ന് പറഞ്ഞു, 80 ലക്ഷം റേഷന്‍ കാര്‍ഡ് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തുന്നു എന്ന് പ്രചരിപ്പിച്ചു. എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷയ്ക്കെതിരെ നിലപാട് എടുത്തു. ഇങ്ങനെ പ്രതിപക്ഷത്തിന്‍റെ വിവിധ ആരോപണങ്ങള്‍ പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.