തിരുവനന്തപുരം: നല്ലനിലയിൽ പ്രവര്‍ത്തിക്കുന്ന പിഎസ്‍സിയെ തകര്‍ക്കാൻ ബോധപൂര്‍വ്വം ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരത്തിലെത്തുമ്പോൾ സര്‍ക്കാര്‍ നൽകിയ  ഉറപ്പുകൾ എല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കും. എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം  1,10000 നിയമനങ്ങൾ പിഎസ്‍സി വഴി നടന്നു. 22000 തസ്തികകൾ ഇതിനകം സൃഷ്ടിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. 

ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും കൂടുതൽ കാര്യക്ഷമതയും വിശ്വാസ്യതയും ഉള്ള സ്ഥാപനമാണ് പിഎസ്‍സി. നല്ലനിലയിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ മോശമായി ചിത്രീകരിച്ച് യുവജനങ്ങളിൽ അങ്കലാപ്പ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു.

പുറത്തുനിന്നുള്ള ഒരു ഇടപെടലും പരീക്ഷാ നടത്തിപ്പിലോ നിയമനത്തിലോ ഇല്ല. മറ്റ് പല സംസ്ഥാനങ്ങളിലും അങ്ങനെ അല്ല. കുറ്റമറ്റ പ്രവര്‍ത്തനമാണ് പിഎസ്‍സിയുടെ വിശ്വാസ്യതയുടെ അടിസ്ഥാനമെന്നും പിണറായി വിജയൻ പറഞ്ഞു. യൂണിവേഴ്‍സിറ്റി കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികൾ അനധികൃതമായി ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റിൽ കയറി പറ്റിയെന്നായിരുന്നു പ്രധാന ആരോപണം. അത് തെറ്റെന്ന് തെളിയുകയും ചെയ്തു. പക്ഷെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പിഎസ്‍സി പോലെ സുതാര്യമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍റെ വിശ്വാസ്യത പോലും ചോദ്യം ചെയ്യുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു. 

യൂണിവേഴ്സിറ്റി കോളേജ് അക്രമത്തിലെ പ്രതികൾ കോളേജിൽ പിഎസ്‍സി പരീക്ഷ എഴുതി എന്ന് ആദ്യം പ്രചരിപ്പിച്ചു.  പരാതി ഉന്നയിക്കാം പക്ഷെ വിശ്വാസ്യത തകർക്കരുത് .വിമര്‍ശനങ്ങൾ തുറന്ന മനസ്സോടെ സ്വീകരിക്കാൻ സര്‍ക്കാര്‍ തയ്യാറാണ് . ഭരണഘടനാ സ്ഥാപനങ്ങളെ രാജ്യവ്യാപകമായി തകർക്കാൻ നടക്കുന്ന ശ്രമത്തിന്‍റെ ഭാഗമാണ് പിഎസ്‍സിക്ക് എതിരായ ആക്ഷേപമെന്നും പിണറായി വിജയൻ പറഞ്ഞു.