Asianet News MalayalamAsianet News Malayalam

ഷംസീറിന് പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയെന്ന് മുഖ്യമന്ത്രി, അഭിനന്ദനവുമായി സതീശനും

ഷംസീറിന് പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയുണ്ടെന്നും സഭയുടെ മികവാര്‍ന്ന പാരമ്പര്യം തുടരാന്‍ ഷംസീറിന് കഴിയട്ടേയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. 

pinarayi vijayan praise new speaker a n shamseer
Author
First Published Sep 12, 2022, 11:33 AM IST

തിരുവനന്തപുരം: കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ എൻ ഷംസീറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷംസീറിന് പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയുണ്ടെന്നും സഭയുടെ മികവാര്‍ന്ന പാരമ്പര്യം തുടരാന്‍ ഷംസീറിന് കഴിയട്ടേയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. സഭയുടെ സമസ്ത മേഖലയിലും ചെറുപ്പത്തിന്‍റെ പ്രസരിപ്പ് ഉണ്ടാകും എന്നും മുഖ്യമന്ത്രി പറഞ്ഞു. ഷംസീറിന് അഭിനന്ദനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശനുമെത്തി. ഷംസീര്‍ നടന്നുകയറിയത് ചരിത്രത്തിന്‍റെ പടവുകളിലേക്കെന്നെന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. പ്രതിപക്ഷ അവകാശം സംരക്ഷിക്കാന്‍ സ്പീക്കര്‍ മുന്‍പന്തിയില്‍ നില്‍ക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.  മുന്‍ സ്‍പീക്കര്‍ എം ബി രാജേഷിന്‍റെ പ്രവര്‍ത്തനങ്ങളെയും വി ഡി സതീശന്‍ അഭിനന്ദിച്ചു. രാജേഷ് മികച്ച സ്പീക്കറായിരുന്നെന്നാണ് വി ഡി സതീശന്‍ പറഞ്ഞത്.

സ്‍പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എ എൻ ഷംസീറും യുഡിഎഫ് സ്ഥാനാർത്ഥിയായി അൻവർ സാദത്തുമാണ് മത്സരിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി അൻവർ സാദത്തിനെ 56 വോട്ടുകൾക്ക് തോല്‍പ്പിച്ചാണ് ഷംസീർ വിജയിച്ചത്. വോട്ടെടുപ്പ് നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വോട്ട് ചെയ്തില്ല. ഭരണപക്ഷത്ത് നിന്നും മന്ത്രി റോഷി അഗസ്റ്റിനും ദലീമ ജോജോയും പ്രതിപക്ഷത്തെ യു എ ലത്തീഫും വോട്ട് ചെയ്തില്ല. മൂവരും വിദേശത്താണ്. മന്ത്രിസ്ഥാനം ഒഴിഞ്ഞ എം വി ഗോവിന്ദന്‍റെ ഇരിപ്പിടം രണ്ടാം നിരയിലേക്ക് മാറിയപ്പോൾ മുഖ്യമന്ത്രിക്ക് തൊട്ടടുത്ത് രണ്ടാമനായി കെ രാധാകൃഷ്ണന്‍. സ്പീക്കർ പദവി ഒഴിഞ്ഞ മന്ത്രിയായ എം ബി രാാജേഷിന് മുൻനിരയിലാണ് ഇരിപ്പിടം. സഭാ ടിവിയുമായി ബന്ധപ്പെട്ട കരാർ വിവാദം പരിശോധിച്ച് നടപടി എടുക്കുമെന്ന് സ്പീക്കർ ഷംസീർ പറഞ്ഞു.

 

Follow Us:
Download App:
  • android
  • ios