Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് 3677 കൊവിഡ് കേസുകള്‍; 4652 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78 %

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 228 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

pinarayi vijayan press meet regarding covid spread
Author
Trivandrum, First Published Feb 25, 2021, 6:02 PM IST

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ 275, മലപ്പുറം 270, തിരുവനന്തപുരം 261, തൃശൂര്‍ 260, കാസര്‍ഗോഡ് 141, പാലക്കാട് 112, വയനാട് 93, ഇടുക്കി 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 91 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 81 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,582 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,12,71,993 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4150 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 228 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 460, എറണാകുളം 393, കോട്ടയം 357, കണ്ണൂര്‍ 247, കൊല്ലം 305, പത്തനംതിട്ട 270, ആലപ്പുഴ 272, മലപ്പുറം 257, തിരുവനന്തപുരം 197, തൃശൂര്‍ 249, കാസര്‍ഗോഡ് 125, പാലക്കാട് 49, വയനാട് 88, ഇടുക്കി 82 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, എറണാകുളം 3, കൊല്ലം, തൃശൂര്‍, കാസര്‍ഗോഡ് 2, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4652 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 382, കൊല്ലം 234, പത്തനംതിട്ട 482, ആലപ്പുഴ 534, കോട്ടയം 676, ഇടുക്കി 146, എറണാകുളം 490, തൃശൂര്‍ 366, പാലക്കാട് 132, മലപ്പുറം 408, കോഴിക്കോട് 477, വയനാട് 117, കണ്ണൂര്‍ 165, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 51,879 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,92,372 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,23,191 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,15,245 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7946 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 905 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 372 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

പല സംസ്ഥാനങ്ങളും കൊവിഡ് വ്യാപനത്തിന്‍റെ അടുത്ത തരംഗത്തിന്‍റെ വക്കിലാണ്. തൊട്ട് ആഴ്ചയെ അപേക്ഷിച്ച് 31 ശതമാനം രോഗികൾ രാജ്യത്ത് കൂടി. ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽ രോഗവ്യാപനത്തിന്‍റെ തോത് കൂടി. അതിൽ 5 സംസ്ഥാനങ്ങളിൽ 10 ശതമാനത്തിൽ കൂടുതലാണ് വർധന. കേരളത്തിൽ രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറയുന്നു. കൊവിഡ് പ്രതിരോധത്തിന്‍റെ പേരിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാരെ കർണാടകം തടയുന്നുണ്ട്. ഓരോ സംസ്ഥാനത്തിനും നിയന്ത്രണങ്ങൾ കൊണ്ടുവരാം. അത് പൊതുമാനദണ്ഡങ്ങൾ ലംഘിച്ചാവരുത്. കേന്ദ്രം അന്തർസംസ്ഥാന യാത്രകൾക്ക് അനുമതി നൽകിയതാണ്. അത് പാലിക്കാൻ എല്ലാ സംസ്ഥാനങ്ങളും തയ്യാറാകണം. അല്ലെങ്കിൽ ജനങ്ങൾ ബുദ്ധിമുട്ടും. കർണാടകയുടെ ഈ സമീപനത്തിൽ ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. അനുകൂലമായ നടപടി പ്രതീക്ഷിക്കുന്നു.

അന്തർസംസ്ഥാനയാത്ര തടഞ്ഞതിന് ഒരു ന്യായീകരണവുമില്ല. ഒരു കാലത്ത് 150 മരണങ്ങളും പതിനായിരത്തിലധികം കേസുകളും ഉണ്ടായിട്ടും കർണാടകയിൽ നിന്നുള്ള യാത്ര കേരളം തടഞ്ഞിട്ടില്ല. കർണാടകയിലെ പത്തിലൊന്ന് ആളുകൾക്ക് പോലും കേരളത്തിൽ രോഗം വന്നിട്ടില്ല. കർണാടകയിൽ 30 പേർക്ക് രോഗം വരുമ്പോൾ ഒരു കേസാണ് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിലെ റിപ്പോർട്ടിംഗ് സംവിധാനം മികച്ചതായതുകൊണ്ടാണ് ഉയർന്ന കണക്ക് വരുന്നത്.

കേരളത്തിൽ 3 പേർക്ക് രോഗം വരുമ്പോൾ ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നു. കേരളത്തിൽ കൂടുതൽ കേസുകളാണെന്ന പ്രതീതി വരാൻ കാരണം ഇതാണ്. ഇവിടെ രോഗം കാര്യക്ഷമമായി കണ്ടെത്തുന്നു. കൊവിഡ് മൂലം രാജ്യത്ത് ഏറ്റവും കുറവ് മരണനിരക്കുള്ള, കാര്യക്ഷമമായി രോഗം കണ്ടെത്തുന്ന, രോഗികൾക്ക് മികച്ച പരിചരണം നൽകുന്ന കേരളത്തെ വസ്തുതകൾ മൂടി വച്ച് താറടിക്കാൻ ശ്രമമുണ്ട്.

ജനങ്ങളുടെ അനുഭവത്തെ മറച്ചുവയ്ക്കാനാകില്ല. കേന്ദ്രവാക്സിൻ കേരളത്തിൽ ചിട്ടയായി നൽകി വരുന്നു. കേന്ദ്ര സോഫ്റ്റ് വെയറിന്‍റെ തകരാർ മൂലം വാക്സിൻ ചിലർക്ക് കിട്ടാതെ പോയിട്ടുണ്ട്. അത് പരിഹരിക്കാൻ ശ്രമം നടക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ രോഗപ്രതിരോധത്തിനൊപ്പം വാക്സിൻ വിതരണത്തിന് മാസങ്ങളെടുക്കും. അത് വരെ കാത്ത് നിൽക്കാനാകില്ല. കരുതൽ നടപടികൾ വിജയകരമായിരുന്നത് കൊണ്ട് കേരളം നേരിടുന്ന പ്രത്യേക പ്രതിസന്ധി കണക്കിലെടുത്ത് കൂടുതൽ വാക്സിൻ ആവശ്യപ്പെട്ടു. പൊതുവിപണിയിൽ സ്വകാര്യസംരംഭകർക്കും വാക്സിൻ മിതമായ വിലയ്ക്ക് വിതരണം ചെയ്യാൻ കേന്ദ്രം അനുമതി നൽകണം.

തിരുവനന്തപുരം, കോട്ടയം മെഡി. കോളേജുകളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഉടൻ തുടങ്ങും. കോട്ടയം മെഡി. കോളേജിൽ ഇതിനായി സർജിക്കൽ ഗ്യാസ്ട്രോ വിഭാഗം തുടങ്ങുന്നതിന് പ്രൊഫസർ, അസോ. പ്രൊഫസർ, രണ്ട് അസി. പ്രൊഫസർ, നാല് സീനിയർ റസിഡന്‍റ് എന്നീ തസ്തികകൾ സൃഷ്ടിച്ചതാണ്. ഇടുക്കി പാക്കേജ് ഇന്ന് പ്രഖ്യാപിച്ചു. ഇടുക്കിയിലെ ജനങ്ങളിൽ നല്ലൊരു ഭാഗം ദുർബലവിഭാഗങ്ങളാണ്. മലഞ്ചരക്കുകളുടെയും തോട്ടവിളകളുടെയും വിളഭൂമിയാണ് ഇടുക്കി. ഇടുക്കിയുടെ പ്രത്യേകതകൾ കണക്കിലെടുത്ത് അഞ്ച് വര്‍ഷം കൊണ്ട് നടപ്പാക്കുന്ന 12,000 കോടിയുടെ പാക്കേജാണ് ഇന്ന് പ്രഖ്യാപിച്ചത്.

ആഴക്കടൽ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട് ഒരു കാര്യം ആവർത്തിക്കുന്നു. ഈ സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് ഒപ്പമാണ്. അവരുടെ ജീവിതം മെച്ചപ്പെടുത്താൻ സാധ്യമായത് ചെയ്യും. ഇഎംസിസി ലിമിറ്റഡുമായി ആഴക്കടൽ മത്സ്യബന്ധനത്തിന് സർക്കാർ കരാർ ഒപ്പിട്ടെന്നാണ് പ്രതിപക്ഷനേതാവിന്‍റെ ആരോപണം. അത് അദ്ദേഹം പിന്നീട് ചെറുതായി തിരുത്തി. ആ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. അസെൻഡ് കേരള 2020-ൽ 117 താത്പര്യപത്രങ്ങളും 34 ധാരണാപത്രങ്ങളും സംരംഭകരുമായി സർക്കാർ ഒപ്പുവച്ചിട്ടുണ്ട്.

സർക്കാർ നയങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി പിന്തുണയ്ക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. ആഴക്കടൽ മത്സ്യബന്ധനത്തിന് ഒരു കോർപ്പറേറ്റുകളെയും അനുവദിക്കില്ല എന്നാണ് സർക്കാർ നയം. ആ തരത്തിൽ കെഎസ്ഐഡിസി എംഡി ഒപ്പിട്ട ധാരണാപത്രം ഒരു കാരണവശാലും ആഴക്കടൽ മത്സ്യബന്ധനത്തിന് പ്രോത്സാഹനം നൽകുന്നതല്ല. സർക്കാർ നയങ്ങൾക്ക് അനുസൃതമായ സഹായം എന്നതാണ് ധാരണാപത്രത്തിലുള്ളത്. അതിനാൽത്തന്നെ പ്രതിപക്ഷം തീർത്തും തെറ്റിദ്ധാരണാജനകമായ പ്രതികരണങ്ങൾ പ്രതിപക്ഷനേതാവ് ഉന്നയിക്കുമ്പോൾ ജനം തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ധാരണാപത്രം റദ്ദാക്കാൻ തീരുമാനിച്ചു. തെറ്റായ കാര്യമല്ല റദ്ദാക്കുന്നത്.

എൽഡിഎഫ് സർക്കാരിന് കിട്ടുന്ന സ്വീകാര്യത പ്രതിപക്ഷനിരയിൽ അസ്വസ്ഥതയുണ്ടാക്കി. രാഹുൽ ഗാന്ധി കേരളത്തിൽ വന്നു. ഓരോ സാധാരണക്കാരോടും ഒപ്പം സമയം ചെലവഴിക്കുന്നു. അദ്ദേഹം കേരളത്തിനോട് കാണിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ട്. എന്നാൽ ദില്ലിയിലെ സമരവേദിയിൽ 50 - ഓളം പേർ മരിച്ചിട്ടുണ്ട്. എന്നാൽ കർഷകസമരത്തെ അവഗണിച്ച് രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് കർഷകർക്ക് പിന്തുണ നൽകുകയാണ്.

രാഹുലിന്‍റെ മണ്ഡലത്തിൽ എന്താണ് സംഭവിച്ചതെന്നെങ്കിലും തിരക്കാൻ തയ്യാറാകണം. വയനാടിന്‍റെ നട്ടെല്ലായിരുന്ന കാപ്പി, കുരുമുളക് കൃഷി എങ്ങനെയാണ് തകർന്നടിഞ്ഞത്. ഇന്ത്യയിലെ പ്രതിസന്ധിയുടെ ആഴം ലോകത്തെ അറിയിച്ച പ്രസിദ്ധ പത്രപ്രവർത്തകൻ പി സായ്നാഥ് പറയുന്നത് പ്രകാരം, ഏതാണ്ട് 6000 കോടി രൂപയുടെ നഷ്ടമാണ് രണ്ടായിരമാണ്ട് ആദ്യ രണ്ട് മൂന്ന് വർഷങ്ങൾക്കുള്ളിൽ വയനാട്ടിലെ കാപ്പി, കുരുമുളക്  തോട്ടങ്ങളിലുണ്ടായത്. ആയിരക്കണക്കിന് കർഷകരും കർഷകത്തൊഴിലാളിലും ആത്മഹത്യ ചെയ്തു. എന്നിട്ടും കർഷകർ സമരം തുടരുകയാണ്.

കോൺഗ്രസ് നടപ്പാക്കിയ പരിഷ്കാരങ്ങളാണ് ഇതിന് കാരണം. ഈ പാതകത്തിന് രാഹുൽ ഗാന്ധി കോൺഗ്രസിന് വേണ്ടി കർഷകരോട് നിരുപാധികം മാപ്പ് പറയണം. നയങ്ങൾ തിരുത്തേണ്ടതായിരുന്നു. രാജ്യത്ത് പുതിയ ബദലുകൾ വേണം. അതിനുള്ള ആർജവം അദ്ദേഹത്തിനുണ്ടോ? രാഹുൽ മാത്രമല്ല, കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രിയും ചില കാര്യങ്ങൾ പറഞ്ഞു.

 

 

 

Follow Us:
Download App:
  • android
  • ios