ഫിഷറീസ് മന്ത്രി മറുപടി പറയുന്നതിനിടെ ഷിബു ബേബി ജോൺ സംസാരിച്ചത് ചൂണ്ടിക്കാട്ടിയാണ് പിണറായി സംസാരിച്ചത്. ഷിബു ബേബി ജോൺ ഇടയ്ക്ക് കയറിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. ഫിഷറീസ് മന്ത്രിക്ക് കഴിവില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അങ്ങനെ തോന്നുന്ന തരത്തിലെ ഇടപെടൽ ഉണ്ടാകരുതെന്നാണ് പറഞ്ഞതെന്നും പിണറായി.

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ആനുകൂല്യം സംബന്ധിച്ച അടിയന്തര പ്രമേയത്തിനിടെ നിയമസഭയില്‍ ബഹളം. ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാന്‍ കഴിവുകേട് ഉണ്ടെന്ന് വരുത്തുന്ന രീതിയിൽ ഇടപെട്ടു എന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ പരാമര്‍ശത്തിന് പിന്നാലെയാണ് സഭയില്‍ ബഹളം ഉയര്‍ന്നത്. അടിയന്തര പ്രമേയത്തില്‍ ഫിഷറീസ് മന്ത്രി മറുപടി പറയുന്നതിനിടെ വനംമന്ത്രി ഷിബു ബേബി ജോൺ സംസാരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു പിണറായി വിജയന്‍റെ പരാമര്‍ശം. പിണറായിയെ പോലൊരാൾ അങ്ങനെ പറയരുതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. അതേസമയം, ഷിബു ബേബി ജോൺ ഇടയ്ക്ക് കയറിയതിനെ മുഖ്യമന്ത്രി വി ഡി സതീശന്‍ ന്യായീകരിച്ചു. ഭരണപക്ഷം പ്രതിഷേധം ഉയര്‍ത്തിയതോടെ ആരെയും അപമാനിച്ചില്ലെന്നും ഫിഷറീസ് മന്ത്രിക്ക് കഴിവില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അങ്ങനെ തോന്നുന്ന തരത്തിലെ ഇടപെടൽ ഉണ്ടാകരുതെന്നാണ് പറഞ്ഞതെന്നും പിണറായി വിശദീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ട്രോളിംഗ് നിരോധന കാലത്ത് പഞ്ഞമാസ ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതി സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സജി ചെറിയാൻ്റെ അടിയന്തര പ്രമേയ നോട്ടീസ്. സർക്കാർ വന്ന് ഒന്നരമാസത്തിൽ എല്ലാം ശരിയാകുമെന്ന ധാരണയില്ല. 10 ലക്ഷം മത്സ്യതൊഴിലാളികളുണ്ട്. കാലാവസ്ഥാ വ്യതിയാനവും കടലിൽ പോകാനാകാത്ത അവസ്ഥയും ജീവിതം ദുരിതമാക്കുന്നു. കേന്ദ്ര വിഹിതം ഒരു കാലത്തും സമയത്ത് കിട്ടിയിട്ടില്ല. അത് നേരത്തെ തന്നെ സംസ്ഥാനം നൽകുകയാണ് പതിവ്. കഴിഞ്ഞ അഞ്ച് വർഷവും അത് തന്നെയാണ് ചെയ്തതെന്ന് സജി ചെറിയാൻ ചൂണ്ടിക്കാട്ടി. മത്സ്യതൊഴിലാളികൾക്ക് സമ്പാദ്യ സമാശ്വാസ പദ്ധതി വഴി സഹായവും സൗജന്യ റേഷനും നൽകാറുണ്ടെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂർ മറുപടി നല്‍കി. ആദ്യ ഗഡു 1500 രൂപ മൂന്ന് ജില്ലകളിൽ നൽകി. ബാക്കി ഇടങ്ങളിൽ അധികം വൈകാതെ നൽകുമെന്നും മന്ത്രി അറിയിച്ചു. ജൂൺ, ജൂലൈ മാസങ്ങളിലാണ് ആദ്യ ഗഡു നൽകാറുള്ളത്. രണ്ടാം ഗഡു കേന്ദ്ര സഹായമാണ്. അത് കിട്ടാനുള്ള നടപടി തുടങ്ങിയെന്നും മന്ത്രി വ്യക്തമാക്കി.

ബജറ്റിൽ ഫിഷറീസിന് അധിക വിഹിതമാണ് നൽകിയതെന്ന് മുഖ്യമന്ത്രി വി ഡി സതീശനും വിശദീകരിച്ചു. സർക്കാരിൻ്റെ മുൻഗണനകളിൽ ഒന്നാണ് തീരദേശ ജനത. കഴിഞ്ഞ സർക്കാർ കാലത്ത് 5000 കോടി പാക്കേജിൽ നാമമാത്രമാണ് ചെലവാക്കിയത്. 2000 കോടി ഓഖി പാക്കേജിൽ ഒരു രൂപ നടപ്പാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര സഹായം വൈകിയാൽ സംസ്ഥാനം നൽകുമെന്നും ഒരു ആശങ്കക്കും ഇടമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

YouTube video player