ചേലക്കരയിലെ അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിൽ ഇത് ചർച്ചയായിട്ടുണ്ടെന്നും കുഴൽനാടൻ അവകാശപ്പെടുന്നു
തൃശ്ശൂർ : മന്ത്രി സഭയിലെ പട്ടികജാതി പ്രതിനിധിയായിരുന്ന കെ. രാധാകൃഷ്ണനെ ഒഴിവാക്കിയതെന്തിനെന്ന് മുഖ്യമന്ത്രി പറയണമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. ദളിത് സമൂഹത്തിന് രാഷ്ട്രീയ അധികാരം ലഭിക്കുമായിരുന്ന സാഹചര്യമാണ് രാധാകൃഷ്ണനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിലൂടെ നഷ്ടപ്പെട്ടത്. ചേലക്കരയിലെ അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിൽ ഇത് ചർച്ചയായിട്ടുണ്ടെന്നും കുഴൽനാടൻ അവകാശപ്പെടുന്നു.
കെ.രാധാകൃഷ്ണനെ എംപി ആക്കിയത് വഴി മന്ത്രിസഭയിൽ പട്ടികജാതി വിഭാഗങ്ങൾക്ക് പ്രതിനിധി ഇല്ലാതായെന്നും ആരും ചോദിക്കാനില്ലെന്ന ധൈര്യത്തിൽ പട്ടികജാതിക്കാരുടെ ന്യായമായ അവകാശത്തെ പിണറായി തട്ടിത്തെറിപ്പിച്ചുവെന്നുമായിരുന്നു കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ എംഎൽഎയുടെ പ്രതികരണം. ചേലക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കുഴൽനാടൻ ആരോപണമുന്നയിച്ചത്.
മറുപടിയുമായി എംവി ഗോവിന്ദൻ
കെ.രാധാകൃഷ്ണനെ എംപി ആക്കിയത് വഴി മന്ത്രിസഭയിൽ പട്ടികജാതി വിഭാഗങ്ങൾക്ക് പ്രതിനിധി ഇല്ലാതാക്കിയെന്ന ആരോപണം തളളി, കുഴൽനാടനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തി. കുഴൽനാടൻ നിലയും വിലയുമില്ലാത്തവനെന്നും പറയുന്നത് ജാതി രാഷ്ട്രീയമെന്നായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം. പട്ടികജാതി മന്ത്രിയില്ലെന്ന കുഴൽനാടന്റെ പ്രസ്താവന തരം താണതാണ്. കോൺഗ്രസ് മന്ത്രിസഭയിലും പട്ടികജാതി മന്ത്രി ഇല്ലാതിരുന്നിട്ടുണ്ട്. കുഴൽനാടന് നിലവാരമുണ്ടെന്നാണ് ഇതുവരെ കരുതിയത്. ഇത്തരം തരംതാണ പ്രസ്താവനയിലൂടെ കുഴൽനാടൻ വിലയില്ലാത്തവനെന്ന് തെളിയിച്ചിരിക്കുന്നു. ചേലക്കരയിൽ ഭരണവിരുദ്ധ വികാരമില്ലെന്നും കണ്ണഞ്ചിപ്പിക്കുന്ന ജയമുണ്ടാകുമെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

