Asianet News MalayalamAsianet News Malayalam

'ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ മനസ്സിലാകാഞ്ഞിട്ടാണ്'; ഗവര്‍ണര്‍ക്ക് മറുപടി

സര്‍വകാശാല ഭരണഘടന അനുസരിച്ച് ചട്ടപ്രകാരമാണ്  വൈസ് ചാന്‍സലര്‍ നിയമനം നടന്നത്. നിയമനം ഹൈക്കോടതി അംഗീകരിച്ചതാണെന്നും മുഖ്യമന്ത്രി  പറഞ്ഞു.

Pinarayi Vijayan reply on arif mohammad khan
Author
First Published Sep 21, 2022, 7:15 PM IST

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍റെ നിയമനക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തിപരമായി ആവശ്യപ്പെട്ടെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ആരോപണത്തിന് മറുപടിയുമായി പിണറായി വിജയന്‍. ഞാനൊരാളില്‍ നിന്നും ഒരാനുകൂല്യവും കൈപ്പറ്റാന്‍ വേണ്ടി നടക്കുന്നയാളല്ല. ആ രീതിയില്‍ പറയേണ്ട എന്നാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് അത് പറയാത്തത്. ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്നയാളെ വ്യക്തിപരമായി പറയുന്നത് ശരിയല്ലെന്നും ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ അറിയാഞ്ഞിട്ടാണെന്നും പിണറായി പറഞ്ഞു. സര്‍വകാശാല ഭരണഘടന അനുസരിച്ച് ചട്ടപ്രകാരമാണ്  വൈസ് ചാന്‍സലര്‍ നിയമനം നടന്നത്. നിയമനം ഹൈക്കോടതി അംഗീകരിച്ചതാണെന്നും മുഖ്യമന്ത്രി  പറഞ്ഞു. നേരത്തെ കണ്ണൂര്‍ വിസിയുടെ നിയമനം അംഗീകരിക്കാന്‍ മുഖ്യമന്ത്രി തന്നോട് വ്യക്തിപരമായി ആവശ്യപ്പെട്ടെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. വിസി തന്‍റെ  നാട്ടുകാരനാണെന്നും നിയമനം അംഗീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് കത്തുകളും ഗവര്‍ണര്‍ പുറത്തുവിട്ടു. സര്‍ക്കാര്‍ തനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു. 

ഗവർണർ കണ്ണൂരിൽ ചരിത്ര കോൺഗ്രസിൽ പങ്കെടുത്ത് ചരിത്ര വിരുദ്ധമായ പരാമർശങ്ങൾ നടത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. 

'സിഎഎക്ക് എതിരെ പ്രതിഷേധം നടക്കുമ്പോഴാണ് കണ്ണൂരിൽ ചരിത്രകോൺഗ്രസ് പരിപാടി നടന്നത്. സിഎഎ നിയമത്തിന് അനുകൂലമായി ഗവർണർ അന്നവിടെ സംസാരിച്ചു. ചരിത്ര വിരുദ്ധമായ പരാമർശങ്ങൾ നടത്തി. ആ സമയത്താണ് പ്രതിഷേധം ഉയർന്നത്. ലോകം ആദരിക്കുന്ന ചരിത്രകാരനാണ് ഇർഫാൻ ഹബീബ്. അദ്ദേഹത്തെയാണ് ഗവർണർ ഗുണ്ടയെന്ന് വിളിച്ചത്. കണ്ണൂർ വിസിയെ ഗവർണർ ക്രിമിനലെന്നും വിളിച്ചു. 92 വയസ്സുള്ള ഇർഫാൻ ഹബീബ് തന്നെ വധിക്കാൻ ശ്രമിച്ചുവെന്നാണ് ഗവർണർ പറയുന്നത്. ഇർഫാൻ ഹബീബ് വർഷങ്ങളായി ആർഎസ്എസ് നയങ്ങൾക്ക് എതിരെ പോരാടുന്ന വ്യക്തിയാണ്. ഗോപിനാഥ് രവീന്ദ്രൻ രാജ്യത്തെ മികച്ച ചരിത്രകാരന്മാരിൽ ഒരാളുമാണ്. കാവി വൽക്കരണത്തിന് എതിരെ ഗോപിനാഥ് രവീന്ദ്രൻ ശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. ഇക്കാരണങ്ങൾ കൊണ്ടാണ് ഇരുവരും ആർഎസ്എസിന്റെ വെറുക്കപെട്ടവരുടെ പട്ടികയിൽ ഇടംപിടിച്ചത്''. അതാണ് ഗവർണറുടെയും എതിർപ്പിന്റെ കാരണമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.  

''വിസി നിയമനവുമായി ബന്ധപ്പെട്ടാണ് എല്ലാ സംസ്ഥാനങ്ങളിലും ഗവർണരുമായുള്ള തർക്കത്തിന്റെ കാരണം. സർവ്വകലാശാലകൾ രാഷ്ട്രീയ പരീക്ഷണ ശാല ആക്കാനാണ് ആർഎസ്എസിന്റെ നീക്കം. ആർഎസ്എസ് ബന്ധമുള്ളവരെ വിസിമാർ ആക്കാനാണ് ശ്രമം. കേരള സർവ്വകലാശാലയിൽ വിസി നിയമനത്തിന് ഏക പക്ഷീയമായി ഗവർണർ ശ്രമിക്കുകയാണ്. പക്ഷേ ആർഎസ്എസ് അജണ്ടക്ക് നിന്ന് കൊടുക്കാൻ കേരളത്തിന് കഴിയില്ല''. നേരിടാൻ തന്നെയാണ് കേരളത്തിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

'ആർഎസ്എസ് അജണ്ടക്ക് നിന്നുകൊടുക്കില്ല; നേരിടാനാണ് തീരുമാനം', ചരിത്രകോൺഗ്രസ് പ്രതിഷേധം ന്യായീകരിച്ചും പിണറായി
 

Follow Us:
Download App:
  • android
  • ios