തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നതില്‍ സര്‍ക്കാറിന് ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ഐഎയുടെ അന്വേഷണം കൃത്യമായി നടക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി എത്രസമയം ചോദ്യം ചെയ്യണം, എത്ര തവണ ചോദ്യം ചെയ്യണം, ചോദ്യം ചെയ്യലിന്റെ ഭാഗമായി എന്ത് നിലപാടടെടുക്കണം എന്നത് എന്‍ഐഎ തീരുമാനിക്കേണ്ടതാണ്. അതില്‍ സര്‍ക്കാറിനൊരു കാര്യവുമില്ലെന്നും ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വര്‍ണ്ണക്കള്ളക്കടത്തുകേസ് അട്ടിമറിക്കാന്‍ സിപിഎമ്മും ബിജെപിയും ഒത്തുതീര്‍പ്പിലെത്തിയെന്ന കെപിസിസി പ്രസിഡന്റിന്റെ ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.

കെ ഫോണ്‍ വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. കണ്‍സള്‍ട്ടന്‍സി മുമ്പുമുണ്ടായിരുന്നുവെന്നും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തേക്കാള്‍ ഇപ്പോള്‍ കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഐഎസ് അടക്കമുള്ള ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനം സംബന്ധിച്ച ചോദ്യത്തിന്, നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.