കാസര്‍കോട്: കാസര്‍കോട് വിദേശത്ത് നിന്നുവന്നവര്‍ക്ക് താമസസൗകര്യം ലഭ്യമാകാത്തത് സംബന്ധിച്ച് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി. ആർക്കെങ്കിലും വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. ഇന്നലെ കുവൈറ്റില്‍ നിന്ന് നെടുമ്പാശ്ശേരിയെത്തി ബസുകളില്‍ യാത്ര പുറപ്പെട്ട പ്രവാസികളാണ് ക്വാറന്‍റീന്‍ സൗകര്യമില്ലാതെ പെരുവഴിയില്‍ കുടുങ്ങിയത്. രണ്ടു ബസുകളിലായി ഇന്നലെ രാത്രി യാത്ര പുറപ്പെട്ട 14 പേര്‍ കാസര്‍കോട്- കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ നാല് മണിക്കൂറിലേറെ കുടുങ്ങി. സംഭവം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ അതത് പഞ്ചായത്തുകളില്‍ ക്വാറന്‍റീന്‌ ചെയ്യാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ഉച്ചയ്ക്ക് 12 മണിയോടെയാണ് രണ്ട് കെഎസ്ആര്‍ടിസി ബസ്സുകളിലായി പ്രവാസികള്‍ കണ്ണൂര്‍ കാസര്‍കോട് ജില്ലാ അതിര്‍ത്തിയായ കാലിക്കടവിലെത്തിയത്. എല്ലാ ഭാഗത്തേക്കുമുള്ള ആളുകള്‍ ബസ്സിലുണ്ടായതുകൊണ്ട് തന്നെ ഒരുപാട് വൈകിയാണ് ഇവിടെ എത്തിയത്. ക്വാറന്‍റീനില്‍ കഴിയേണ്ട ആളുകളായതിനാല്‍ പ്രാഥമിക സൗകര്യത്തിന് വീടുപോലും ഉപയോഗിക്കാനാവാത്ത അവസ്ഥയായിരുന്നു. കാലിക്കടവിലെ അതിര്‍ത്തിയില്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ സംബന്ധിച്ച് കൃത്യമായ വിവരമില്ലാതായതോടെ മണിക്കൂറുകളോളമാണ് ഇവിടെ കുടുങ്ങിയത്. നട്ടപ്പൊരിയുന്ന വെയിലത്ത് ഒന്ന് പുറത്തിറങ്ങി നില്‍ക്കാന്‍ പോലുമാകാത്ത ഇവര്‍ക്ക് മതിയായ ഭക്ഷണം പോലും കിട്ടിയില്ലെന്നും ഇവര്‍ പറയുന്നു.