Asianet News MalayalamAsianet News Malayalam

പൊലീസ് നിയമ ഭേദഗതി: ആശങ്കയും വിമര്‍ശനവും കണക്കിലെടുത്ത് പിൻവലിക്കുന്നു എന്ന് മുഖ്യമന്ത്രി

വിവാദ പൊലീസ് നിയമ ഭേദഗതിയെ കുറിച്ചുള്ള ആശങ്കകൾ കണക്കിലെടുക്കുന്നു.അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കുന്നു എന്ന് മുഖ്യമന്ത്രി. മാധ്യമങ്ങളോട് ശത്രുതാ മനോഭാവം ഇല്ല, പക്ഷെ സര്‍ക്കാരിനോട് പലര്‍ക്കും അതുണ്ട് . 

pinarayi vijayan response on controversial police act
Author
Trivandrum, First Published Nov 24, 2020, 6:53 PM IST

തിരുവനന്തപുരം: പൊലീസ് ആക്ടിൽ 118 എ വകുപ്പ് കൂട്ടിച്ചേർത്ത് പുറപ്പെടുവിച്ച ഓർഡിനൻസ് പിൻവലിക്കാൻ ഗവർണറോട് ആവശ്യപ്പെടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . വ്യാജ വാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ നിയമ ഭേദഗതി കൊണ്ടുവന്നത്. വിവിധ വിഭാഗങ്ങളിൽ നിന്ന് ഈ നിയമ ഭേദഗതിയെ കുറിച്ച് ആശങ്ക ഉയർന്നു. ഭേദഗതി പൊലീസിന് അമിതാധികാരം നൽകുമെന്നും ദുരപയോഗം ചെയ്യുമെന്ന അഭിപ്രായവും സർക്കാർ മുഖവിലയ്ക്ക് എടുത്തു. സംശയങ്ങളും ആശങ്കകളും ബാക്കിനിൽക്കുന്ന സാഹചര്യത്തിലാണ് നിയമ ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

ഭേദഗതി കൊണ്ടുവരാൻ ഇടയാക്കിയ സംഭവങ്ങൾ ആരും മറന്നുകാണില്ല. അന്നെല്ലാം ചൂണ്ടിക്കാണിച്ചത് നിയമത്തിന്റെ അപര്യാപ്തതയായിരുന്നു. അതുകൊണ്ട് ആളുകൾ നിയമം കൈയ്യിലെടുക്കുന്ന സാഹചര്യം ഉണ്ടാവുന്നു, ഇതൊഴിവാക്കണം എന്നൊക്കെ മാധ്യമങ്ങൾ അടക്കം ചർച്ച ചെയ്യുകയും അഭിപ്രായം പ്രകടിപ്പിക്കുകയും. മാധ്യമ മേധാവിമാരുടെ യോഗത്തിലും ഈ അഭിപ്രായം ഉയർന്നു. നൂറ് കണക്കിന് ഉദാഹരണങ്ങൾ നാടിന്റെ മുന്നിലുണ്ട്. സ്ത്രീകളെ അധിക്ഷേപിക്കുക, അപകീർത്തി പെടുത്താൻ ശ്രമിക്കുക, ട്രാൻസ്ജെന്റേർസിനെ അധിക്ഷേപിക്കുക എന്നൊക്കെയുണ്ടായി. ഇത് തടയണമെന്ന ആവശ്യം പ്രതിപക്ഷത്ത് നിന്നടക്കം ഉയർന്നു. ഇത്തരം ചില സംഭവങ്ങളുടെ ഭാഗമായി ആത്മഹത്യ പോലും ഉണ്ടാകുന്ന നില നാട്ടിലുണ്ടായി.

ജീവിതം താറുമാറായ ചില സംഭവങ്ങളുണ്ട്. ഫോട്ടോയും വീഡിയോയും എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കപ്പെട്ടതിന്റെ ഭാഗമായി ജീവിതം നഷ്ടപ്പെട്ടവർ അടക്കം ഉണ്ടായി. പ്രതിപക്ഷ നേതാവടക്കം ഇത്തരം വിഷയങ്ങൾ ചൂണ്ടിക്കാട്ടി സംസാരിച്ചു. മാധ്യമ മേധാവികളെ ഒരു പ്രത്യേക വിഷയത്തിൽ ഒരു ഘട്ടത്തിൽ വിളിച്ച് ആലോചിച്ചു. അന്ന് ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശമായി വന്നത് ഇതായിരുന്നു.

ഈ അഭിപ്രായം പരിഗണിച്ചാണ് നിയമ ഭേദഗതി തയ്യാറാക്കിയത്. നിയമം നിലവിൽ വന്നപ്പോൾ അത് ദുരുപയോഗിക്കാൻ സാധ്യതയുണ്ടെന്ന് ഇടത് സർക്കാരിനെ പിന്തുണച്ചവരടക്കം ഉണ്ടായിരുന്നു. മാധ്യമ മേധാവികളുടെ യോഗത്തിൽ ഈ ആവശ്യം ഉന്നയിച്ചവർ അവരുടെ മാധ്യമങ്ങളിൽ മുഖപ്രസംഗങ്ങളിൽ നിയമത്തെ വിമർശിച്ചു. സർക്കാരെന്ന നിലയിൽ ആശങ്ക പരിഗണിക്കാതെ കഴിയില്ല. ഏതെങ്കിലും പൊതു അഭിപ്രായത്തെ വിലക്കുകയോ മാധ്യമത്തെ തടുത്ത് നിർത്തുന്നതും സർക്കാരിന്റെ ലക്ഷ്യമല്ല. ഇടത് സർക്കാർ അധികാരത്തിലുള്ളപ്പോവും ഇല്ലാത്തപ്പോഴും തുടർച്ചയായി എതിർത്ത കുറേ മാധ്യമങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്. ഏതെങ്കിലും ഇടത് സർക്കാർ ഏതെങ്കിലും ശത്രുതാ പരമായ നിലപാട് മാധ്യമങ്ങളോട് സ്വീകരിച്ചിട്ടില്ല. ഇനിയും ചെയ്യില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

മാധ്യമങ്ങളുടെ വിമർശനം ശത്രുതാ പരമല്ല. മാധ്യമങ്ങളുടെ ചില വിമർശനം തെറ്റായാലും ശത്രുതാപരമായ നിലപാട് സ്വീകരിച്ചിട്ടില്ല. നിയമം സദുദ്ദേശത്തോടെ ഉണ്ടാക്കിയതാണ്. ദുരുപയോഗം ചെയ്യപ്പെടുമെന്ന് സർക്കാരിനൊപ്പമുള്ളവർ അടക്കം അഭിപ്രായപ്പെട്ടപ്പോൾ ഏറ്റവും അടുത്ത അവസരത്തിൽ തന്നെ അത് പിൻവലിക്കാനുള്ള ഓർഡിനൻസും ഇറക്കി.നിരവധി വികല മനസുകൾ നേരത്തെ പറഞ്ഞ തരത്തിലുള്ള അധിക്ഷേപങ്ങൾ നടത്തുന്നു. അത്തരക്കാർ അതിൽ നിന്ന് പിൻവാങ്ങണം. സമൂഹം അതിൽ നിന്ന് ജാഗ്രത പാലിക്കണം.

ഇടതുപക്ഷ നിലപാട് ഞാൻ സ്വീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ അതിശക്തമായ പാർട്ടി സംവിധാനം ഞങ്ങൾക്കുണ്ട്. മാധ്യമപ്രവർത്തകരിൽ ചിലർ ആഗ്രഹിച്ചതിൽ നിന്ന് വിരുദ്ധമായി ഇപ്പോഴും ഞാൻ അവിടെ തന്നെ തുടരുന്നുണ്ട്. ഇവിടെ പ്രകടിപ്പിച്ച ശരിയല്ല.ഓരോ ആവശ്യം വരുമ്പോഴുള്ള ചില അഭിപ്രായ പ്രകടനങ്ങൾ മാത്രമാണ് ഇത്. ഈ നിയമം വരാനുള്ള സാഹചര്യം വിശദീകരിച്ചു. നിയമം പിൻവലിച്ചത് പൊതുസമൂഹം സ്വാഗതം ചെയ്തിട്ടുണ്ട്. ഇനിയുള്ള കാര്യം പൊതുവായി ചർച്ച ചെയ്ത് എന്താണ് വേണ്ടതെന്ന് തീരുമാനിക്കാം. ഇതുമായി ബന്ധപ്പെട്ട് ഇനി ഓർഡിനൻസ് ഇറക്കില്ല. സഭയിൽ ചർച്ച ചെയ്ത ശേഷം നിയമം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു

Follow Us:
Download App:
  • android
  • ios