നാടിന് വേണ്ട ഒരു പദ്ധതിയും യുഡിഎഫ് ചെയ്തിട്ടില്ല. പഴയ ഇരുണ്ടകാലം വരരുത് എന്ന് ജനങ്ങൾ തീരുമാനിച്ചതുകൊണ്ടാണ് എൽഡിഎഫിന് തുടർഭരണം ഉണ്ടായത്. 

കോഴിക്കോട്: കോൺഗ്രസിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന് ജനങ്ങളോട് പ്രതിബദ്ധതയില്ല. ചില നിക്ഷിപ്ത താൽപര്യം സംരക്ഷിക്കുകയാണ് യുഡിഎഫ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പുറമേരിയിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് വേണ്ട ഒരു പദ്ധതിയും യുഡിഎഫ് ചെയ്തിട്ടില്ല. പഴയ ഇരുണ്ടകാലം വരരുത് എന്ന് ജനങ്ങൾ തീരുമാനിച്ചതുകൊണ്ടാണ് എൽഡിഎഫിന് തുടർഭരണം ഉണ്ടായത്. ആ വിധി തെറ്റായോ എന്ന് ജനങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2021 ശേഷമുള്ള ഓരോ ഘട്ടവും ജനങ്ങൾ വിലയിരുത്തുകയാണ്. കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണുള്ളത്. ഇരുകൂട്ടരും സംരക്ഷിക്കുന്നത് കോർപ്പറേറ്റുകളെയാണ്. മതനിരപേക്ഷതയുടെ വിളനിലയമാണിത്. 

കേരളം ആർഎസ്എസിനെയും ബിജെപിയെയും സ്വീകരിക്കാത്തതിൻ്റെ പകയാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നത്. കേന്ദ്രത്തിനെതിരെ സംസാരിക്കാൻ യുഡിഎഫ് തയ്യാറായില്ല. പാർലമെൻ്റിൽ നിരനിരയായി ഇരിക്കുന്ന എംപിമാർ ഒരക്ഷരം മിണ്ടിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഞങ്ങൾ പ്രക്ഷോഭത്തിനിറങ്ങി യുഡിഎഫിനെ ക്ഷണിച്ചു. എന്നാൽ ഞങ്ങളില്ല എന്നായിരുന്നു മറുപടി. അവർക്കെന്താ ബിജെപിക്കെതിരെ പ്രതിഷേധിക്കാൻ ഭയമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഒരു നാടെന്ന നിലയിൽ നമുക്ക് അതിജീവിച്ചേ മതിയാവു. ലോകവും രാജ്യവും അത്ഭുതത്തോടെ നോക്കിയ അതിജീവനം നമ്മൾ സാധ്യമാക്കിയതാണ്. ഞങ്ങൾ ജനങ്ങളെയും ജനങ്ങൾ ഞങ്ങളെയും വിശ്വസിച്ചു. എല്ലാവരെയും ഞങ്ങൾ ചേർത്തുപിടിച്ചു. സ്പർധ ഉണ്ടാക്കുകയല്ല ഒരുമയും ഐക്യവുമാണ് നമ്മുടെ ശക്തി. അതിനെ വളർത്താനാണ് എൽഡിഎഫ് ശ്രമിച്ചത്. എന്നാൽ രാജ്യത്തെ ബിജെപി സർക്കാർ ജനങ്ങളിൽ ശത്രുത വളർത്തുന്നു. ഈ മണ്ണിൽ ജീവിക്കുന്നവർക്ക് നാളെയെ കുറിച്ച് ആശങ്കയുണ്ടാക്കി. പൗരത്വ നിയമഭേദഗതി വന്നപ്പോൾ വലിയ പ്രക്ഷോഭം ഇടതുപക്ഷം നടത്തി. എന്നാൽ പൗരത്വ രജിസ്റ്റർ കൊണ്ടുവന്ന കോൺഗ്രസിന് അവരെ എതിർക്കാൻ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.