പശ്ചിമ ബംഗാളിലെ മാൽഡയിൽ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഏഴ് ജഡ്ജിമാരടക്കമുള്ള ഉദ്യോഗസ്ഥരെ ജനക്കൂട്ടം ഒമ്പത് മണിക്കൂറോളം ബന്ദികളാക്കി. സുപ്രീം കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ, തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമമെന്ന് വിലയിരുത്തപ്പെട്ട കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു.

ദില്ലി : ബംഗാളിലെ മാൽഡ ജില്ലയിൽ, സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ പ്രക്രിയയുടെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ഏഴ് ജഡ്ജിമാരടക്കം ഉദ്യോഗസ്ഥരെ ഒമ്പത് മണിക്കൂറിലധികം ബന്ദികളാക്കിയ സംഭവത്തിൽ അന്വേഷണം എൻഐഎക്ക്. എൻ.ഐ.എ സംഘം വെള്ളിയാഴ്ച പശ്ചിമ ബംഗാളിലെത്തും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ ആണ് കേസ് എൻ.ഐ.എയ്ക്ക് കൈമാറിയത്. സംഭവത്തിൽ ഇതുവരെ 18 പേരെ അറസ്റ്റ് ചെയ്തതെന്ന് ബംഗാൾ പോലീസ് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

മൂന്ന് വനിതകൾ ഉൾപ്പെടെ ഏഴ് ജുഡീഷ്യൽ ഉദ്യോഗസ്ഥരാണ് പ്രതിഷേധക്കാരുടെ കൈകളിൽ അകപ്പെട്ടത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്ന ചുമതലയിലായിരുന്ന ഏഴ് ജുഡീഷ്യൽ ഓഫീസർമാരെയാണ് മാൾഡയിലെ കാലിയാചക് 2 ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിൽ വെച്ച് ഒരു ജനക്കൂട്ടം തടഞ്ഞുവെച്ചത്. വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്യുന്നു എന്നാരോപിച്ച് ബുധനാഴ്ച വൈകുന്നേരം 4 മണി മുതൽ അർദ്ധരാത്രി വരെയായിരുന്നു ഉപരോധം. തടഞ്ഞുവെക്കപ്പെട്ടവരിൽ മൂന്ന് വനിതാ ഓഫീസർമാരും ഉൾപ്പെടുന്നു.

സംഭവം ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനും തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുമുള്ള ആസൂത്രിത നീക്കമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിമർശിച്ചു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കോടതി, കേന്ദ്ര സേനയെ വിന്യസിക്കാൻ ഉത്തരവിടുകയും ഏപ്രിൽ 6-ന് വെർച്വലായി ഹാജരാകാൻ ബംഗാൾ ഡി.ജി.പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

തൃണമൂൽ കോൺഗ്രസ് നടത്തിയ പ്രകോപനപരമായ പ്രസ്താവനകളാണ് ആക്രമണത്തിന് കാരണമെന്ന് ബി.ജെ.പി ആരോപിച്ചപ്പോൾ, ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.