Asianet News MalayalamAsianet News Malayalam

ദേശീയപാത വികസനം: കേന്ദ്രവുമായി തര്‍ക്കമില്ല, തര്‍ക്കമുണ്ടെന്ന് ആരും മനപ്പായസമുണ്ണെണ്ടന്ന് മുഖ്യമന്ത്രി

കേരളത്തിനായി നിതിന്‍ ഗഡ്‍കരി വ്യക്തിപരമായ താല്‍പ്പര്യമെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Pinarayi Vijayan said that there is no dispute between the Center and the state regarding the development of national highways
Author
First Published Dec 15, 2022, 7:47 PM IST

തിരുവനന്തപുരം: ദേശീയപാത വികസനത്തില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തര്‍ക്കമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്‍റിലെ നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയുടെ പേരില്‍ ആരും മനപ്പായസമുണ്ണേണ്ട. കേരളത്തിനായി നിതിന്‍ ഗഡ്‍കരി വ്യക്തിപരമായ താല്‍പ്പര്യമെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. റോഡ് വികസനം കുഴപ്പത്തിലായെന്ന് ആരും കരുതണ്ട. വികസനത്തിനായി ആരും വഴിയാധാരമാകേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ദേശീയ പാതാ വികസനം അടക്കമുള്ള കാര്യങ്ങളില്‍ ഗഡ്കരിക്ക് നന്ദി പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ചത്.

റോഡ് വികസനത്തിന്‍റെ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്‍കരി പറഞ്ഞു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പാര്‍ലമെ‍ന്‍റിലെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഗഡ്കരി തിരുവനന്തപുരത്ത് എത്തിയത്. 45536 കോടി രൂപയുടെ റോഡ് വികസന പദ്ധതികളും 15 ദേശീയ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനം ചെയ്യാനാണ് ഗഡ്കരി കേരളത്തിലെത്തിയത്. ദേശീയ പാത വികസനത്തിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഗഡ്കരി പറഞ്ഞു. ഭൂമിയേറ്റെടുക്കലിന് പണം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ബുദ്ധിമുട്ട് കേന്ദ്രവും സംസ്ഥാനവും സംസാരിച്ച് പരിഹരിക്കും.

തിരുവനന്തപുരം  ഗ്രീന്‍ഫീല്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അടക്കം നിരവധി പേര്‍ പങ്കെടുത്തു. കാര്യവട്ടത്ത് റോഡ് വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ഒന്നിച്ചാണ് ദീപം കൊളുത്തിയത്. വലിയ ഇടവേളയ്ക്ക് ശേഷമാണ് ഗവര്‍ണറും മുഖ്യമന്ത്രിയും ഒരു വേദിയിലെത്തിയത്. നിതിന്‍ ഗഡ്കരി ദീപം തെളിയിക്കാന്‍ വിളക്ക് രണ്ടുപേരുടെയും കൈകളിലേക്ക് നല്‍കി.

 

Follow Us:
Download App:
  • android
  • ios