തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായി തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജമലയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 26 ആയി. ഇന്നലെ 15 മൃതദേഹങ്ങളും ഇന്ന്  11 മൃതദേഹങ്ങളുമാണ് ദുരന്തഭൂമിയില്‍ നിന്ന് കൂടി കണ്ടെത്തിയത്. മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല. രാജ, വിജില, കുട്ടിരാജ്, മണികണ്ടൻ, ദീപക്, ഷൺമുഖ അയ്യർ, പ്രഭു എന്നിവരെ തിരിച്ചറിഞ്ഞു. 44 പേരെ ഇനിയും കണ്ടെത്തണം. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്

രാജമലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 78 പേരാണ് ദുരന്തത്തിൽ പെട്ടത്. 12 പേരെ രക്ഷിച്ചു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ് ഒറ്റയടിക്ക് ഇല്ലാതായവരുടെ മൃതദേഹം ഒന്നിച്ച് സംസ്കരിക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കിയിട്ടുണ്ടെന്നും കുടുംബാഗങ്ങൾക്ക് സഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ അഞ്ച് ലക്ഷം അടിയന്തിര ആശ്വാസം നൽകുമെന്ന് പ്രഖ്യാപിച്ചതാണ്. ചികിത്സ സർക്കാർ ചിലവിൽ നടത്തും. സർവവും നഷ്ടപ്പെട്ടവരാണ് രാജമലയിലുള്ളവര്‍. ഇവരുടെ സംരക്ഷിക്കാനും കുടുംബങ്ങൾക്ക് അത്താണിയാകാനും സർക്കാർ ഒപ്പമുണ്ടാകും. റവന്യു മന്ത്രി, വൈദ്യുതി മന്ത്രി എന്നിവർ അവിടെ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പെട്ടിമുടിയിൽ രാവിലെ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. എൻഡിആർഎഫിന്റെ രണ്ട് ടീം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പൊലീസും ഫയർ ഫോഴ്സും തോട്ടം തൊഴിലാളികളും രംഗത്തുണ്ട്. കൂടുതൽ മണ്ണ് മാന്തി യന്ത്രം എത്തി. അപകടം നടന്ന സ്ഥലത്ത് വെള്ളം ഒഴുകുന്നുണ്ട്. ചതുപ്പുണ്ടായി. രാജമലയിൽ നിന്ന് പെട്ടിമുടിയിലേക്കുള്ള പാതയിൽ മണ്ണിടിഞ്ഞിട്ടുണ്ട്. ഇത് വലിയ വാഹനത്തിന് തടസമുണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇടുക്കിയിലാകെ വ്യാപക നാശമാണ് മഴ വിതച്ചതെന്നും അദ്ദേഗം പറഞ്ഞു. ചപ്പാത്ത് പെരിയാറിന് കുറുകെയുള്ള ശാന്തിപ്പാലം ഒലിച്ചുപോയി. വണ്ടന്മേട് ശാസ്താനടയിൽ രണ്ടിടത്ത് ഉരുൾപൊട്ടി 20 ഏക്കർ കൃഷി നശിച്ചു. പത്ത് വീട് തകർന്നു. ചെകുത്താൻ മലയിൽ നാലിടത്ത് ഉരുൾപൊട്ടി ഏലം കൃഷി നശിച്ചു.

തേക്കടി-കൊച്ചി സംസ്ഥാനപാതയിൽ നിരപ്പേൽകട കൊച്ചുപാലം ഒലിച്ചുപോയി. 21 ക്യാംപുകൾ ജില്ലയിൽ തുറന്നു. 580 പേരെ മാറ്റിത്താമസിപ്പിച്ചു. കരിപ്പൂർ അപകട സ്ഥലവും കോഴിക്കോട് മെഡിക്കൽ കോളേജും സന്ദർശിച്ചു. കോഴിക്കോട് പരിക്കേറ്റവർ കിടക്കുന്ന ആശുപത്രികൾ മന്ത്രിമാർ സന്ദർശിച്ചു. അഫകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം നൽകും. എല്ലാവരുടെയും ചികിത്സാ ചെലവ് വഹിക്കും. വ്യോമയാന മന്ത്രാലയവും കേന്ദ്രസർക്കാരും നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്ന് കരുതുന്നു. സാധ്യമായ ചികിത്സ ഉറപ്പാക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 16 ആശുപത്രികളിൽ ജില്ലാ അതോറിറ്റി ചികിത്സ ഏകോപിപ്പിക്കുന്നുണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.