തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന സംഭവത്തിൽ ഐഎഎസ് ഉദ്യോ​ഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെ മദ്യം മണത്തിരുന്നതായി ഡോക്ടർ മെഡിക്കൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. മദ്യപിച്ചതിന്റെ തെളിവുകൾ നശിപ്പിക്കാൻ സ്വകാര്യ ആശുപത്രിയിൽ വച്ച് ശ്രമിച്ചുവെന്ന ആക്ഷേപം പരിശോധിച്ച് വരുന്നതായും നിയമസഭ ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി പറഞ്ഞു. ഐഎഎസ് ഉദ്യോ​ഗസ്ഥനെതിരെ പഴുതടച്ച അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി മുമ്പ് പ്രഖ്യാപിച്ചിരുന്നു. 

കേസ് അന്വേഷണത്തിലും നിയമനടപടിയിലും വെള്ളം ചേര്‍ക്കാൻ ആരേയും അനുവദിക്കില്ല. അത്തരം ശ്രമം ആരെങ്കിലും നടത്തിയാൽ അവർക്കെതിരെയും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. കൃത്യസമയത്ത് രക്തപരിശോധന നടത്തുന്നതിൽ പൊലീസിനുണ്ടായ വീഴ്ച പ്രത്യേകം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതേസമയം, മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീർ മരിക്കാന്‍ കാരണമായ അപകടമുണ്ടാക്കിയത് ശ്രീറാം വെങ്കിട്ടരാമന്‍റെ അശ്രദ്ധമായ ഡ്രൈവിംഗെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ അറിയിച്ചിരുന്നു. എന്നാല്‍, ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിന് പി കെ ബഷീറിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞിരുന്നില്ല. ഓഗസ്റ്റ് മൂന്നിന് പുലർച്ചയാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കെ എം ബഷീർ മരിക്കുന്നത്. അപകടത്തിന് ശേഷം കേസിൽ നിന്നും രക്ഷപ്പെടാനായി ശ്രീറാം പൊലീസിന് തെറ്റായ മൊഴി നൽകിയിരുന്നു.