Asianet News MalayalamAsianet News Malayalam

ഒരു വാക്സീന് മൂന്ന് വിലയോ? സംസ്ഥാനത്തിന് സൗജന്യമാക്കണം; ദുരിതാശ്വാസ നിധിയിൽ ചെന്നിത്തലക്കും മുരളിക്കും മറുപടി

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിശ്ചയിച്ച വില പോലും കൂടുതലാണ്. ഇതിലും കുറഞ്ഞ വിലയ്ക്കാണ് മിക്ക വിദേശരാജ്യങ്ങള്‍ക്കും സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സീന്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. 
 

pinarayi vijayan says vaccine should be given to state without any cost
Author
Trivandrum, First Published Apr 24, 2021, 6:36 PM IST

തിരുവനന്തപുരം: വാക്സീന് വില ഈടാക്കുന്നത് ന്യായമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സീന് പ്രഖ്യാപിച്ച വില ന്യായമല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാരിന് സൗജന്യമായി വാക്സീന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഒരു വാക്സീന് മൂന്ന് വിലയാണ് രാജ്യത്ത് ഈടാക്കാന്‍ പോകുന്നത്. കേന്ദ്രത്തിന് 150, സംസ്ഥാനത്തിന് 400, സ്വകാര്യ ആശുപത്രികൾക്ക് 600 എന്നിങ്ങനെയാണ് വില. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിശ്ചയിച്ച വില പോലും കൂടുതലാണ്. ഇതിലും കുറഞ്ഞ വിലയ്ക്കാണ് മിക്ക വിദേശ രാജ്യങ്ങള്‍ക്കും സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സീന്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. 

വാക്സീൻ ചലഞ്ചില്‍ പ്രതിപക്ഷ നേതാവിനും കേന്ദ്ര സഹമന്ത്രിക്കും മറുപടി കൊടുക്കാതിരിക്കുന്നതാണ് ഭേദമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതൊരു വലിയ ദുരന്തമാണ്. അത് നേരിടുന്ന ഘട്ടമാണ്. വാക്സീൻ എല്ലാവർക്കും ലഭ്യമാക്കും. അതിന് പൈസ കൊടുക്കണമെന്ന ഘട്ടം വന്നപ്പോൾ ആളുകൾ സ്വയമേ മുന്നോട്ട് വന്നതാണ്. യുവജനങ്ങളാണ് ഇതിന് മുൻകയ്യെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകള്‍

വന്ന അറിയിപ്പ് പ്രകാരം കൊവിഷീൽഡ് വാക്സീൻ ഡോസിന് സ്വകാര്യ ആശുപത്രി 600 രൂപ നൽകണം. അങ്ങിനെ വന്നാൽ ലോകത്ത് ഏറ്റവും ഉയർന്ന വില വാക്സീന് നൽകുന്ന രാജ്യമായി നമ്മുടെ രാജ്യം മാറും. കേന്ദ്രത്തിന് 150, സംസ്ഥാനത്തിന് 400, സ്വകാര്യ ആശുപത്രികൾക്ക് 600 എന്നിങ്ങനെയാണ് വില. 18 വയസിന് മുകളിലുള്ളവർക്ക് വാക്സീൻ സ്വീകരിക്കാനാണിത്. 

രാജ്യാന്തര വിപണിയിൽ എട്ട് ഡോളർ വരും ഇത്. ഏറ്റവും ഉയർന്ന വിലയാണിത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച സംസ്ഥാനങ്ങൾക്കുള്ള വില പോലും യൂറോപ്പ്, യുകെ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ സർക്കാരുകൾ നേരിട്ട് വാങ്ങുന്ന വിലയിലും കുറവാണ്. ആഫ്രിക്കൻ രാജ്യങ്ങളും ബംഗ്ലാദേശും അടക്കമുള്ളവ ഇതിലും കുറഞ്ഞ നിരക്കാണ് വാക്സീൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് നൽകുന്നത്. ഇവിടെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബംഗ്ലാദേശ് നേരിട്ട് വാക്സീൻ വാങ്ങുന്നത് 4 ഡോളർ നൽകിയിട്ടാണ്. ഏകദേശം 300 രൂപ. 

ഡോസിന് 150 രൂപ നിരക്കിൽ തന്നെ കമ്പനി ലാഭമുണ്ടാക്കുന്നുണ്ടെന്നാണ് വാക്സീൻ വിതരണം ആരംഭിച്ചപ്പോൾ സിറം ഇൻസ്റ്റിറ്റ്യൂട്ട് അഭിപ്രായപ്പെട്ടത്. അന്ന് ലാഭമുണ്ടാക്കുന്നുവെന്ന് പറഞ്ഞ ആ നിരക്ക് പിന്നെങ്ങിനെയാണ് ഇത്ര കണ്ട് മാറിയത്. വാക്സീന് വിലയീടാക്കുന്നത് ന്യായമല്ല. ഇപ്പോഴത്തെ വില ന്യായവിലയല്ല. ഇത് പറഞ്ഞ് ഇന്നും പ്രധാനമന്ത്രിക്ക് വാർത്തകളുടെ അടിസ്ഥാനത്തിൽ കത്തയച്ചു.

Follow Us:
Download App:
  • android
  • ios