Asianet News MalayalamAsianet News Malayalam

'സർക്കാരിനൊപ്പം കൈകൾ കോർക്കണം'; കൊവിഡിനെ തുരത്താന്‍ സന്നദ്ധരെ ക്ഷണിച്ച് മുഖ്യമന്ത്രി

സർക്കാരിന്‍റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സന്നദ്ധ സംഘടനയിൽ https://bit.ly/2TEhVPK എന്ന വെബ്സൈറ്റ് വഴിയോ, +91 9400 198 198 എന്ന നമ്പറിൽ മിസ് കാൾ ചെയ്തോ എത്രയും പെട്ടെന്നു തന്നെ രജിസ്റ്റർ ചെയ്യാനാകുമെന്നും അദ്ദേഹം അറിയിച്ചു

pinarayi vijayan seek help from people to prevent covid 19
Author
Thiruvananthapuram, First Published Mar 11, 2020, 1:57 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ പിടിമുറുക്കുമ്പോള്‍ അതിനെ തുരത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ അവസരത്തിൽ നമ്മുടെ സർക്കാർ-ആരോഗ്യസംവിധാനങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കാൻ തയ്യാറായി നിൽക്കുന്നവർ സധൈര്യം മുന്നോട്ട് വന്നു സർക്കാരിനൊപ്പം കൈകൾ കോർക്കണമെന്നും, നമ്മുടെ പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കണമെന്നുമാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.

അതിനായി സർക്കാരിന്‍റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സന്നദ്ധ സംഘടനയിൽ https://bit.ly/2TEhVPK എന്ന വെബ്സൈറ്റ് വഴിയോ, +91 9400 198 198 എന്ന നമ്പറിൽ മിസ് കാൾ ചെയ്തോ എത്രയും പെട്ടെന്നു തന്നെ രജിസ്റ്റർ ചെയ്യാനാകുമെന്നും അദ്ദേഹം അറിയിച്ചു. ആവശ്യമായ ട്രെയിനിംഗ് നൽകിയതിനും വേണ്ട തയ്യാറെടുപ്പുകൾക്കും ശേഷം മാത്രമായിരിക്കും പ്രവർത്തനങ്ങളിൽ രജിസ്റ്റര്‍ ചെയ്യുന്നവരെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കുക.

പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പ്രളയമാകട്ടെ, നിപ്പയാകട്ടെ, കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ നേരിട്ട ഓരോ വെല്ലുവിളിയും മറികടന്ന് സർക്കാരിനു മുന്നോട്ടു പോകാൻ സാധിച്ചത് ജനങ്ങൾ നൽകിയ പിന്തുണയും പങ്കാളിത്തവും കാരണമാണ്. ഒരു പ്രതിസന്ധിക്കും മുന്നിലും ഭയചകിതരകാതെ സ്വന്തം സമൂഹത്തിൻ്റെ നന്മയെക്കരുതി ആയിരങ്ങളാണ് സഹായഹസ്തങ്ങളുമായി ആ സന്ദർഭങ്ങളിൽ മുന്നോട്ടു വന്നത്. അവരുടെ ത്യാഗമാണ് സർക്കാരിനു മികച്ച രീതിയിൽ പ്രവർത്തിക്കാൻ വേണ്ട ആത്മവിശ്വാസവും പ്രചോദനവും നൽകിയത്.

ഇന്ന് വീണ്ടും അത്തരമൊരു സാഹചര്യം നമുക്കു മുൻപിൽ ഉരുത്തിരിഞ്ഞിരിക്കുന്നു. ലോകമൊട്ടാകെ ഭീതി പരത്തിക്കൊണ്ടു പടരുന്ന കോവിഡ്-19 വൈറസ് ബാധ കേരളത്തിലും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഈ അവസരത്തിൽ നമ്മുടെ സർക്കാർ-ആരോഗ്യസംവിധാനങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കാൻ തയ്യാറായി നിൽക്കുന്നവർ സധൈര്യം മുന്നോട്ട് വന്നു സർക്കാരിനൊപ്പം കൈകൾ കോർക്കണമെന്നും, നമ്മുടെ പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കണമെന്നും ഞാൻ അഭ്യർഥിക്കുകയാണ്. അതിനായി സർക്കാരിന്‍റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സന്നദ്ധ സംഘടനയിൽ https://bit.ly/2TEhVPK എന്ന വെബ്സൈറ്റ് വഴിയോ, +91 9400 198 198 എന്ന നമ്പറിൽ മിസ് കാൾ ചെയ്തോ എത്രയും പെട്ടെന്നു തന്നെ രജിസ്റ്റർ ചെയ്യുക. ആവശ്യമായ ട്രെയിനിംഗ് നൽകിയതിനും വേണ്ട തയ്യാറെടുപ്പുകൾക്കും ശേഷം മാത്രമായിരിക്കും പ്രവർത്തനങ്ങളിൽ നിങ്ങളെ പങ്കാളികളാക്കുന്നത്.

വെല്ലുവിളികൾക്കു മുന്നിൽ പിന്തിരിഞ്ഞോടിയ ചരിത്രം നമുക്കില്ല. ഇച്ഛാശക്തിയോടെ നമ്മളവയെ മറികടന്നിട്ടേ ഉള്ളൂ. എല്ലാവരും അഭിപ്രായഭിന്നതകളൊക്കെ മാറ്റി വച്ച് ഒരുമിക്കേണ്ട സമയമാണിത്. സന്നദ്ധതയോടെ മുന്നോട്ടു വരൂ, നിങ്ങളെ കേരളത്തിനാവശ്യമുണ്ട്.

Follow Us:
Download App:
  • android
  • ios