Asianet News MalayalamAsianet News Malayalam

'ഒന്നിച്ചു നിൽക്കണം': പൗരത്വ നിയമത്തില്‍ 11 മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്

എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് സമൂഹത്തിന്റെ നാനാ  തുറകളിലുള്ളവർ ഒത്തൊരുമിച്ച്  ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ തയാറാകണം. 
 

pinarayi vijayan Sent letter 11 Chief ministers regards NRC
Author
Cliff House Road, First Published Jan 3, 2020, 4:53 PM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷകക്ഷികളും വിവിവധ സംസ്ഥാനങ്ങളും ഒന്നിച്ചു നീങ്ങുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. പൗരത്വഭേദഗതി നിയമം രാജ്യത്ത് വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും ജനാധിപത്യവും മതേതരത്വവും രാജ്യത്ത് നിലനിന്നു കാണണം എന്നാഗ്രഹിക്കുന്നവരെല്ലാം അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് യോജിച്ച് പ്രവര്‍ത്തിക്കാനും രാജ്യത്തിന്‍റെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും തയ്യാറാവണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു. 

ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗിക്കപ്പെടുമെന്ന ആശങ്കയെ തുടര്‍ന്ന് കേരളം എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും പൗരത്വ ഭേദഗതി നിയമം രാജ്യം ഉയര്‍ത്തിപിടിക്കുന്ന മതേതരമൂല്യങ്ങള്‍ക്ക് എതിരായിരുന്നു എന്നതില്‍ ആശങ്കയും പ്രതിഷേധവും പ്രകടിപ്പിച്ചും കേരള നിയമസഭ പ്രമേയം പാസാക്കിയെന്ന കാര്യവും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. 

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്, രാജസ്ഥാൻ  മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർക്കാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചത്.

ഇതരസംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി അയച്ച കത്തിലെ പ്രസക്തഭാഗങ്ങള്‍

ദേശീയ പൗരത്വ രജിസ്റ്ററിനെ(എൻ സി ആർ)ക്കുറിച്ച് രാജ്യത്ത് എല്ലായിടത്തും കടുത്ത ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (എൻ പി ആർ)  പ്രവർത്തനങ്ങൾ ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുമെന്നതും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (എൻ പി ആർ) പ്രവർത്തനങ്ങൾ കേരളത്തിൽ നിർത്തിവെച്ചിരിക്കുകയാണ്.  

ജനാധിപത്യവും മതേതരത്വവും കാംക്ഷിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും യോജിപ്പാണ് ഈ കാലഘട്ടത്തിന്റെ ആവശ്യകത. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് സമൂഹത്തിന്റെ നാനാ  തുറകളിലുള്ളവർ ഒത്തൊരുമിച്ച്  ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ തയാറാകണം. 

ചരിത്രപരമായി നിരവധി  വെല്ലുവിളികളെ അതിജീവിച്ചതാണ്  നാനാത്വത്തിൽ ഏകത്വമെന്ന നമ്മുടെ രാജ്യത്തിന്റെ സവിശേഷ മൂല്യം. ഇന്നത്തെ ഈ പ്രതിസന്ധി മറികടന്ന് അത് കൂടുതൽ ശക്തിയാർജ്ജിക്കുക തന്നെ ചെയ്യും. 

പൗരത്വ ഭേദഗതി നിയമം നമ്മുടെ രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ ബാധിക്കുന്നതിലെ  ആശങ്ക വ്യക്തമാകുന്ന പ്രമേയം  കേരള നിയമസഭ ഡിസംബർ 31 ന് പാസാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആ പ്രമേയം കേന്ദ്ര സർക്കാരിനോട്  ആവശ്യപ്പെടുന്നുണ്ട്. 

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണം എന്ന അഭിപ്രായമുള്ള സംസ്ഥാനങ്ങൾ സമാനമായ നടപടികളിലേക്കു നീങ്ങുന്നത് പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെയുള്ള നീക്കം പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും വക്താക്കളുടെ കണ്ണ് തുറപ്പിക്കും എന്ന് നമ്മുക്ക് പ്രത്യാശിക്കാം. 

Follow Us:
Download App:
  • android
  • ios