തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് മാനസിക നില തെറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാനമില്ലാതെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ ഗൗരവതരമായ ആരോപണമാകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. സുരേന്ദ്രന് മറുപടി നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷനില്‍ മുഖ്യമന്ത്രിക്ക് കമ്മീഷനും മകള്‍ക്ക് അഴിമതിയില്‍ പങ്കുമുണ്ടെന്ന കെ സുരേന്ദ്രന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ക്ഷുഭിതനായാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ആദ്യം മൗനം പാലിച്ച മുഖ്യമന്ത്രി ആവര്‍ത്തിച്ചുള്ള ചോദ്യത്തെ തുടര്‍ന്ന് സുരേന്ദ്രനെതിരെ ആഞ്ഞടിച്ചു. 

അത്ര മാനസിക നില തെറ്റിയ ഒരാളെ അവരുടെ പാര്‍ട്ടിയുടെ അധ്യക്ഷനായി ഇരുത്തുന്നുണ്ടല്ലോ എന്ന് അവര്‍ ആലോചിക്കേണ്ടതാണ്. അത്രമാത്രം മാനസിക നില തെറ്റിയിട്ടുള്ള ഒരാള്‍, സാധാരണ നിലയിലല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്തും വിളിച്ചു പറയുന്ന ഒരാള്‍, സാധാരണ മാനസിക നിലയില്‍ അങ്ങനെ പറയില്ല. ആ പാര്‍ട്ടിയാണ് അത് ചിന്തിക്കേണ്ടത്, ഞാനല്ല. അയാള്‍ക്ക് രാത്രി എന്തൊക്കെയോ തോന്നുന്നു. രാവിലെ അത് വിളിച്ചുപറയുക. അതിന് ഞാനല്ല മറുപടി പറയേണ്ടത്. പത്രസമ്മേളനത്തിലൂടെ കൂടുതല്‍ പറയുന്നില്ല. സുരേന്ദ്രനോട് പറയണമെന്നുണ്ട്. അതിങ്ങനെ പറയേണ്ടതല്ലെന്ന് മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുരേന്ദ്രനല്ല പിണറായി വിജയന്‍. അതോര്‍ത്തോളണം. അത്രേയുള്ളൂ. ഒരു സംസ്ഥാന പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഒരടിസ്ഥാനവുമില്ലാതെ വിളിച്ചു പറയുകയാണ്. എന്താണ് ആ മാനസികാവസ്ഥ, എന്താണ് നിങ്ങള്‍ക്ക് തോന്നുന്നത്. നിങ്ങള്‍ക്കും തോന്നേണ്ട കാര്യങ്ങള്‍. നിങ്ങളതിന്റെ മെഗാഫോണായി നിന്നാ മാത്രം പോരല്ലോയെന്നും മാധ്യമങ്ങളോടും മുഖ്യമന്ത്രി ചോദിച്ചു. 

സുരേന്ദ്രന്റെ മാനസിക നില തെറ്റിയിരിക്കുന്നു. അതുകൊണ്ട് എന്തെങ്കിലും വിളിച്ചു പറയുന്നു. അതല്ലല്ലോ വേണ്ടത്. വെറുതെ വിളിച്ചുപറയാലാണോ ഒരാളെപ്പറ്റി. സുരേന്ദ്രന്‍ എന്തടിസ്ഥാനത്തില്‍ പറഞ്ഞു. ശുദ്ധ അപവാദം വിളിച്ചുപറയുമ്പോ അപവാദത്തെ അങ്ങനെ കാണാന്‍ സമൂഹത്തിന് കഴിയണം. അതാണ് പ്രശ്‌നം. നിങ്ങള്‍ക്കെന്തുകൊണ്ടത് കഴിയുന്നില്ല. നിങ്ങളുടെ മുന്നില്‍ എന്തെങ്കിലും വസ്തുതയുണ്ടോ. അനാവശ്യ കാര്യം വിവാദമായി ഉയര്‍ത്തിക്കൊണ്ടു വരുമ്പോ അതിന്റെ ഭാഗമായി എന്തിന് നിങ്ങള്‍ മാറണം. എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ അത് ഗൗരവതരമായ ആരോപണമാണോ. 

സര്‍ക്കാറിനെ അപവാദത്തില്‍പ്പെടുത്തണം. മറ്റൊന്നും പറയാന്‍ പറ്റില്ല. അഴിമതി തീണ്ടാത്ത സര്‍ക്കാര്‍ എന്നത് എതിരാളികള്‍ക്ക് സങ്കടമാണ്. അഴിമതിയുടെ കൂടാരമാണ് സര്‍ക്കാര്‍ എന്നത് വരുത്തി തീര്‍ക്കണം. കുടുംബാംഗങ്ങളെ അടക്കം വലിച്ചിഴക്കുകയാണ്. ഇതൊന്നും ഞങ്ങളെ ബാധിക്കില്ല. സമൂഹവും ഇക്കാര്യം മനസ്സിലാക്കുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു