തിരുവനന്തപുരം: ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി തിരുവനന്തപുരം എയര്‍ഫോഴ്‍സ് ടെക്നിക്കല്‍ ഏരിയയില്‍ നിന്നും യാത്ര തിരിച്ചു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ, ഡിജിപി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വ‌ാസ് മേത്ത എന്നിവരും മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. വ്യോമസേനയുടെ AN32 വിമാനത്തിലാണ് യാത്ര.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്‍പത് മണിയോട് കൂടി മുഖ്യമന്ത്രിയുടെ സംഘം എത്തിച്ചേരും.  അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം സുല്‍ത്താന്‍ബത്തേരിയിലെത്തുന്ന സംഘം മേപ്പാടി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ശേഷം മലപ്പുറത്തെത്തി റോഡ് മാര്‍ഗം ഉരുള്‍പൊട്ടലുണ്ടായ ഭൂദാനവും മുഖ്യമന്ത്രി സന്ദര്‍ശിക്കും.