ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റുകളാണ്. തണ്ടര്‍ ബോൾട്ട് വെടിവച്ചത് സ്വയ രക്ഷക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ . ആദ്യം വെടിവച്ചത് മാവോയിസ്റ്റുകളാണ്. സ്വയ രക്ഷക്ക് വേണ്ടിയാണ് തണ്ടര്‍ ബോൾട്ട് വെടിയുതിര്‍ത്തതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിശദീകരിച്ചു. എന്നാൽ മജിസ്റ്റീരിയൽ റിപ്പോര്‍ട്ട് വന്ന ശേഷം നിലപാട് വ്യക്തമാക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ തീരുമാനം. 

മാവോയിസ്റ്റ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഇടത് മുന്നണിക്കകത്ത് തന്നെ കടുത്ത ആശയ ഭിന്നത നിലനിൽക്കെയാണ് പാര്‍ട്ടിയോഗത്തിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം എന്നതും ശ്രദ്ധേയമാണ്. സിപിഐയും സിപിഎമ്മിൽ ഒരു വിഭാഗവും മാവോയിസ്റ്റ് ഏറ്റുമുട്ടലിനെതിരെ രംഗത്തെത്തിയിരുന്നു. അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രതിരോധത്തിലായ ഘട്ടത്തിൽ കൂടിയാണ് ന്യായീകരണം മുഖ്യമന്ത്രി പിണറായി വിജയൻ ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. 

തുടര്‍ന്ന് വായിക്കാം:മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജം തന്നെ, നടന്നത് പൊലീസ് തിരക്കഥ; രൂക്ഷ വിമര്‍ശനവുമായി സ്ഥലം സന്ദര്‍ശിച്ച സിപിഐ സംഘം