Asianet News MalayalamAsianet News Malayalam

പിണറായി വിജയന് 75 വയസ്; ആഘോഷങ്ങളൊന്നുമില്ല, സാധാരണ ദിവസമെന്ന് മുഖ്യമന്ത്രി

തെല്ലുപോലും വിട്ടുവീഴചയില്ലാത്ത കമ്മ്യൂണിസ്റ്റില്‍ നിന്ന് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി മാറാന്‍ കഴിഞ്ഞതാണ് ഇക്കാലയളവില്‍ പിണറായി വിജയന്റെ ഏറ്റവും വലിയ വിജയം.
 

Pinarayi Vijayan Turns to 75
Author
Thiruvananthapuram, First Published May 24, 2020, 12:36 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75 വയസ് തികഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ കേരളമാതൃക ലോകമാകെ ചര്‍ച്ച ചെയ്യുമ്പോഴാണ് അതിന്റെ അമരക്കാരന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ എത്തുന്നത്. എന്നാല്‍ ആഘോഷങ്ങളൊന്നുമില്ലാതെ മാറി നില്‍ക്കുകയാണ് അദ്ദേഹം. നാടാകെ വിഷമസ്ഥിതി നേരിടുമ്പോള്‍ ഈ ദിവസവും തനിക്ക് സാധാരണദിവസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാല് വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ മുഖ്യമന്ത്രിസ്ഥാനമേല്‍ക്കുന്നതിന്റെ തലേന്നാള്‍ എകെജി സെന്ററില്‍ മധുരം വിളമ്പി പിണറായി വിജയന്‍ തന്റെ പിറന്നാളിനെ കുറിച്ച് പറയുമ്പോള്‍ പലരും അല്‍ഭുതപ്പെട്ടു. 15 വര്‍ഷത്തിലേറെ സംസ്ഥാനസെക്രട്ടറി പദത്തിലിരുന്ന കര്‍ക്കശക്കാരനായ പിണറായി വിജയന്റെ പുതിയൊരു മുഖമാണ് അന്ന് കണ്ടത്.

മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് കൊണ്ട് പിന്നീടുള്ള ജന്മദിനങ്ങളൊക്കെ വാര്‍ത്തയായി. ലോക്‌സഭാ തെരഞ്ഞടുപ്പിലെ കനത്ത തോല്‍വിക്കിടെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ജന്മദിനം. ലോകമാകെ മരണം പെയ്തിറങ്ങുന്ന കൊവിഡ് കാലത്ത് പിണറായി വിജയന്‍ ഇന്നൊരു ബ്രാന്റ് നെയിമാണ്. രാജ്യത്ത് മാത്രമല്ല രാജ്യത്തിന് പുറത്തും കേരളത്തിലെ കമ്മ്യൂണിസ്റ്റ് തുരുത്ത് ചര്‍ച്ചയാകുമ്പോഴാണ് പിണറായിയുടെ ജന്മദിനം. 

തെല്ലുപോലും വിട്ടുവീഴചയില്ലാത്ത കമ്മ്യൂണിസ്റ്റില്‍ നിന്ന് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി മാറാന്‍ കഴിഞ്ഞതാണ് ഇക്കാലയളവില്‍ പിണറായി വിജയന്റെ ഏറ്റവും വലിയ വിജയം. ആര്‍ത്തലച്ച് വന്ന മഹാപ്രളയങ്ങള്‍ക്ക് മുന്നിലും, പടര്‍ന്ന് കയറാന്‍ വന്ന മരണവൈറസിന് മുന്നിലും പിണറായി അടിയുറച്ച് നിന്നു. ഈ ചെറുത്ത് നില്‍പിന് കിട്ടിയ വലിയ പിന്തുണക്ക് 75 ന്റെ അനുഭവക്കരുത്ത് കൂടിയാകുമ്പോള്‍  പിണറായി വിജയനെന്ന കേന്ദ്രബിന്ദുവിലേക്ക് കേരളരാഷ്ട്രീയം ചേര്‍ന്ന് നില്‍ക്കുന്നതാണ് കാണുന്നത്. 

Follow Us:
Download App:
  • android
  • ios