കണ്ണൂര്‍: അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി കാട്ടിയാൽ വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതിക്കാർ സർക്കാർ ഭദ്രമായി പണിത കെട്ടിടത്തിൽ പോയി കിടക്കേണ്ടി വരും. ചെറുതായാലും വലുതായാലും അഴിമതി അഴിമതി തന്നെ. മട്ടന്നൂർ മുനിസിപ്പാലിറ്റി ഗവ. സ്പെഷ്യാലിറ്റി ആശുപത്രിയുടെയും റവന്യൂ ടവറിന്റെയും ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥർ ജനസേവകരാണ് എന്ന കാര്യം മറന്ന് പോകരുത്. സർക്കാർ ഓഫീസുകളിൽ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്മാർ. ഉദ്യോഗസ്ഥരല്ല യജമാനന്മാർ എന്ന് മനസ്സിലാക്കണം. യാഥാർത്ഥ യജമാനന്മാരെ ഭൃത്യനായി കാണരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിച്ചു. തെറ്റ് ചെയ്താൽ ശിക്ഷിക്കും എന്നതാണ് ഈ സർക്കാരിന്റെ നയമെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

 

എന്നാല്‍ എന്ത് ചെയ്താലും സംരംക്ഷിക്കും എന്നതായിരുന്നു യുഡിഎഫ് സർക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ നടക്കുന്ന അന്വേഷണങ്ങളോടായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം.