തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ  മകൾ വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് 50 തില്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്ത് ക്ലിഫ് ഹൗസിലായിരുന്നു ചടങ്ങ് നടന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിൽ നടന്ന വിവാഹച്ചടങ്ങെന്ന അപൂർവത വിവാഹത്തിനുണ്ട്. വളരെ ലളിതമായി നടത്തിയ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട ഏതാനും അതിഥികള്‍ മാത്രമാണ് പങ്കെടുത്തത്. ഉച്ചക്ക് ശേഷം നടക്കുന്ന വിരുന്നുസല്‍ക്കാരത്തിന് ശേഷം ഇരുവരും ക്ലിഫ് ഹൗസില്‍ നിന്നും കഴക്കൂട്ടത്തെ വസതിയിലേക്ക് മടങ്ങുമെന്നാണ് വിവരം. 

ഐടി സംരംഭകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കമലയുടേയും മകൾ വീണ. പി.എം. അബ്ദുൾ ഖാദർ - കെ.എം. അയിഷാബി ദമ്പതികളുടെ മകനായ  മുഹമ്മദ് റിയാസ് എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് റിയാസ് അഖിലേന്ത്യാ പ്രസിഡന്‍റ് പദവിയിലേക്ക് എത്തുന്നത്. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റിയാസ് സിപിഎം സംസ്ഥാന സമിതിയിലും അംഗമാണ്.