വിവിധ സംസ്ഥാനങ്ങളില്‍ നടത്തി വരുന്ന പൊതുഗതാഗത സംരഭങ്ങളില്‍ സ്തുത്യര്‍ഹ സംരംഭം എന്ന നിലയിലാണ് ഈ അവാര്‍ഡ്. കൊച്ചിയിലെ ബസുകളെ ഉള്‍പ്പെടുത്തി ആരംഭിച്ച 'സ്മാര്‍ട്ട് ബസ് പദ്ധതി'യാണ് ' അനസ്യൂതയാത്ര കൊച്ചി'യെ ശ്രദ്ധേയമാക്കിയത്. 

തിരുവനന്തപുരം: കേരളത്തെ തേടി വീണ്ടുമൊരു ദേശീയ അംഗീകാരം. കൊച്ചിയിലെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ആരംഭിച്ച അനസ്യൂതയാത്ര കൊച്ചി ' എന്ന പദ്ധതിയാണ് ദേശീയ പുരസ്ക്കാരത്തിന് അര്‍ഹമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

കേന്ദ്ര നഗര-ഭവന മന്ത്രാലയത്തിന്‍റെ മികച്ച നഗര ബസ് സേവന പദ്ധതിയ്ക്കുള്ള പുരസ്‌ക്കാരമാണ് ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നടത്തി വരുന്ന പൊതുഗതാഗത സംരഭങ്ങളില്‍ സ്തുത്യര്‍ഹ സംരംഭം എന്ന നിലയിലാണ് ഈ അവാര്‍ഡ്. കൊച്ചിയിലെ ബസുകളെ ഉള്‍പ്പെടുത്തി ആരംഭിച്ച 'സ്മാര്‍ട്ട് ബസ് പദ്ധതി'യാണ് ' അനസ്യൂതയാത്ര കൊച്ചി'യെ ശ്രദ്ധേയമാക്കിയത്. 

കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനായിരുന്നു പദ്ധതിയുടെ ചുമതല. ബസ്സുകളില്‍ ജിപിഎസ് അധിഷ്ഠിത വെഹിക്കിള്‍ ട്രാക്കിംഗ് സംവിധാനമൊരുക്കി. കൂടാതെ എല്ലാ യാത്രയ്ക്കും ഒരേ യാത്രാക്കാര്‍ഡ് എന്ന നിലയില്‍ കൊച്ചി മെട്രോയില്‍ ഉപയോഗിക്കുന്ന കൊച്ചി വണ്‍ കാര്‍ഡ് ബസ്സുകളിലേക്ക് വ്യാപിപ്പിച്ചു. നിലവില്‍ കൊച്ചിയിലെ 150 ബസ്സുകളില്‍ കൊച്ചി വണ്‍ കാര്‍ഡ് സംവിധാനം സ്വീകരിക്കും വിധമുള്ള ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീന്‍ ലഭ്യമാക്കി. ഈ ബസ്സുകള്‍ യാത്രാസൗഹൃദമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. സര്‍ക്കാറിനോ ബസ്സുടമയ്‌ക്കോ യാതൊരുവിധ അധിക സാമ്പത്തിക ചിലവും ഇല്ലാതെയാണ് ഇത് നടപ്പാക്കിയത് എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.