തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പിണറായി വിജയന്‍റെ അഭാവം ചൂണ്ടിക്കാട്ടി പ്രതിപക്ഷവും ബിജെപിയും ഇടത് മുന്നണിയ്ക്കെതിരെ വലിയ ആക്ഷേപങ്ങളാണ് നടത്തിയത്. നിറം മങ്ങിയ ഭരണം മൂലം പിണറായിക്ക് ജനങ്ങളെ നേരിടാനുള്ള കരുത്തില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. എന്നാല്‍‌ യുഡിഎഫും, ബിജെപിയും വളഞ്ഞിട്ട് ആക്രമിച്ചിട്ടും തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ തരംഗം സൃഷ്ടിച്ച് ഇടത് സര്‍ക്കാര്‍ വലിയ നേട്ടം കൊയ്തു.  ഈ നേട്ടത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാച്ചിക്കുറിക്കി എയ്തുവിട്ട ഒരു ആയുധമുണ്ട്. സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രതിയോഗികളുടെ ആരോപണങ്ങളുടെ മുനയൊടിച്ച് പിണറായി നടത്തിയ മാരത്തോണ്‍ വാര്‍ത്താ സമ്മേളനങ്ങള്‍.

അധികാരത്തിലേറി ആദ്യകാലങ്ങളില്‍ മാധ്യമങ്ങളെ കാണാന്‍ വലിയ താത്പര്യം കാട്ടാതിരുന്ന പിണറായി, സംസ്ഥാനത്ത് കൊവിഡ് പിടിപെട്ടതിന് പിന്നാലെയാണ് വാര്‍ത്താ സമ്മേളനങ്ങള്‍ ആരംഭിച്ചത്. എല്ലാ ദിവസവും ആറ് മണിക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാന്‍ തുടങ്ങി. കൊവിഡ് വിവരങ്ങള്‍ പങ്കുവയ്ക്കുന്നതോടൊപ്പം  പിണറായിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് എണ്ണിപ്പറഞ്ഞുള്ള മറുപടികളുടെ വേദി കൂടിയായി മാറി.

സ്പ്രിംക്ലള്‍ കരാര്‍ ആരോപണം, ലൈഫ് പദ്ധതി, സ്വര്‍ണ്ണക്കടത്ത് തുടങ്ങിയ ആരോപണങ്ങളെയെല്ലാം പിണറായി നേരിട്ടത് തന്‍റെ വാര്‍ത്താ സമ്മേളനങ്ങളിലൂടെ ആയിരുന്നു. പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങളെ  തുറന്ന് കാട്ടുന്ന വേദിയായി വാര്‍ത്താ സമ്മേളനങ്ങള്‍ മാറി. ആരോപണങ്ങളുടെ മുനയൊടിക്കുന്ന മറുപടികള്‍ക്കൊപ്പം ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് എല്ലാ വിഭാഗം ജനങ്ങളുടെയും കൈയ്യടി നേടിയെടുക്കാനും പിണറായിയെ വാര്‍ത്താ സമ്മേളനങ്ങള്‍ സഹായിച്ചു.

ഒരിക്കല്‍ കടക്ക് പുറത്തെന്ന് പറഞ്ഞ മാധ്യമങ്ങളോട് പിന്നീട് മുഖ്യമന്ത്രി അത്ര അകലം കാട്ടിയില്ല. ആദ്യം മുഖ്യന്ത്രിയുടെ കോണ്‍ഫറന്‍സ് റൂമില്‍ ആരംഭിച്ച വാര്‍ത്താ സമ്മേളനം കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കുന്നിതിനായി മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേര്‍ന്നുള്ള കാര്‍ പാര്‍ക്കിംഗിലേക്ക് മാറ്റി. ഒടുവില്‍ മുഖ്യമന്ത്രി കോണ്‍ഫറന്‍സ് റൂമിലും മാധ്യമപ്രവര്‍ത്തകര്‍ പിആര്‍ഡി ചേമ്പറിലുമിരുന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. 

പിന്നീട് വലിയ വിവാദങ്ങളുയര്‍ന്ന സമയത്തും മാധ്യമങ്ങളില്‍ നിന്ന് ഓടി ഒളിക്കാതെ തന്‍റെ വാര്‍ത്താ സമ്മേളനങ്ങളെ ഒരു രാഷ്ട്രീയ ആയുധമാക്കി പിണറായി മാറ്റി. കൊവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന ഓരോ മനുഷ്യന്‍റെയും ജീവജാലങ്ങളുടെയും സുരക്ഷയ്ക്കായുള്ള ഇടപെടലുകളും പ്രഖ്യാപനങ്ങളും കൊണ്ട് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ ജനപ്രിയമായി മാറിയത് വളരെ പെട്ടന്നാണ്. 

ഈ ജനപ്രിയതയെ സര്‍ക്കാരിനും ഇടത് പക്ഷത്തിനുമെതിരെ ഉയര്‍ന്ന  ആരോപണങ്ങളെ പ്രതിരോധിക്കാന്‍  ഉപയോഗപ്പെടുത്തി.  അസാമാന്യമായ കൃത്യതയും വ്യക്തതയും രാകി കൂർപ്പിച്ചെടുത്ത സൂക്ഷ്മതയും പലപ്പോഴും പിണറായി വിജയനെ പഴയ പാര്‍ട്ടി സെക്രട്ടറിയെ ഓര്‍മിപ്പിക്കുന്നതായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ബിജെപി നേതാവ് കെ സുരേന്ദ്രനും  മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷ പ്രതികരണത്തിനുള്ള വേദിയായും ആറ് മണിയിലെ വാര്‍ത്താ സമ്മേളനം മാറി. 

ബന്ധു നിയമനം, ലൈഫ് മിഷന്‍ അഴിമതി, സ്പ്രിംക്ളര്‍ കരാര്‍, സ്വര്‍ണ്ണക്കടത്ത് തുടങ്ങി അഴിമതി ആരോപണങ്ങളുടെ കൂരമ്പുകളേറ്റായിരുന്നു പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ കൊവിഡ് കാലത്തെ ശക്തമായ ഇടപെടലിലൂടെയും നൂറ് ദിന പദ്ധതിയിലൂടെയും ക്ഷേമ പെന്‍ഷന്‍ വിതരണത്തിലൂടെയുമെല്ലാം പിണറായി ജനങ്ങളുടെ ഇടയിലേക്കിറങ്ങി ചെന്നു.

തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കേരളത്തില്‍ കൊവിഡ് വാക്സിന്‍ സൌജന്യമായിരിക്കുമെന്ന പ്രഖ്യാപനം നടന്നതും ഒരു വാര്‍ത്താ സമ്മേളനത്തിലിടെയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരിട്ടിറങ്ങിയില്ലെങ്കിലും  തന്‍റെ വാര്‍ത്താ സമ്മേളനങ്ങളെ രാഷ്ട്രീയ പ്രചാരണ വേദിയാക്കി  പിണറായി എതിരാളികളെ കടപുഴക്കി എന്നുതന്നെ പറയാം.