നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണന്റെ കുടുംബത്തെ പിണറായി സന്ദർശിച്ചു. കുടുംബത്തിന് ആവശ്യമായ സഹായം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. തിരച്ചിലിലെ കാലതാമസത്തെയും കേന്ദ്ര സഹായം സംബന്ധിച്ച രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയെയും വിമർശിച്ചു

കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അപകടത്തിൽ ആദ്യഘട്ടത്തിൽ നടന്ന തിരച്ചിലിൽ കാലതാമസമുണ്ടായത് നിർഭാഗ്യകരമാണെന്നും അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ന്യായീകരണങ്ങൾക്ക് ശ്രമിക്കാതെ സർക്കാർ ഫലപ്രദമായി വിഷയത്തിൽ ഇടപെടണം. കാണാതായ ഗൗതമിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ലാത്ത സാഹചര്യത്തിൽ കുടുംബത്തിന് ആവശ്യമായ എല്ലാ സംരക്ഷണവും സഹായവും നൽകാൻ സർക്കാർ തയ്യാറാകണം. ഗൗതമിന്റെ അമ്മ രേഷ്മയുമായി സംസാരിച്ച അദ്ദേഹം, കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾ കണക്കിലെടുത്ത് സഹായം നൽകണമെന്നും ഇളയ മകന് ജോലിയും കുടുംബത്തിന് വീടും നൽകണമെന്നും ആവശ്യപ്പെട്ടു.

സർക്കാരിനും രാജീവ് ചന്ദ്രശേഖറിനും വിമർശനം

വിഷയത്തിൽ സർക്കാരിനെയും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയും പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചു. കേന്ദ്ര സഹായത്തിനായി സർക്കാരിലെ ഒരു മന്ത്രി ആവശ്യപ്പെട്ടുവെന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന ഏത് സാഹചര്യത്തിലെന്ന് പിണറായി ചോദിച്ചു. കേരളത്തിൽ എന്ത് ഭോഷ്കാണ് നടക്കുന്നതെന്നും അദ്ദേഹം ആരാഞ്ഞു. മുൻപ് ഇത്തരം ദുരന്തങ്ങൾ ഉണ്ടായപ്പോഴൊക്കെ സംസ്ഥാന സർക്കാരാണ് ഔദ്യോഗികമായി കേന്ദ്ര സഹായം ആവശ്യപ്പെട്ടിട്ടുള്ളതെന്നും അത്തരം ഘട്ടങ്ങളിൽ സഹായം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കൊല്ലത്തും തിരുവനന്തപുരത്തും മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞ് കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. നീണ്ടകരയിൽ ഗൗതം കൃഷ്ണനെ കാണാതായി 12 -ാം നാൾ വീട്ടിലെത്തിയ ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറിന് മുന്നിൽ അമ്മ രേഷ്‌മ തിരച്ചലിൽ ഉണ്ടായ വീഴ്ചകൾ നിരത്തി. വീഴ്ച സമ്മതിച്ച മന്ത്രി സംവിധാനങ്ങളിലെ പോരായ്മ പരിഹരിക്കുമെന്ന് വ്യക്തമാക്കി. ഗോൾഡൻ മണിക്കൂറിൽ പാളിച്ചയുണ്ടായെന്ന് മന്ത്രി സമ്മതിച്ചു. സർക്കാർ സംവിധാനങ്ങളിലെ പോരായ്മകൾ പരിഹരിക്കും. വകുപ്പ് മന്ത്രി എത്താൻ വൈകിയതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് തിരച്ചിലിനാണ് പ്രാധാന്യം നൽകിയതെന്ന് അബ്ദുൾ ഗഫൂർ പറഞ്ഞു. തിരച്ചിൽ വ്യാപകമായി തുടരുമെന്നും മന്ത്രി വിവരിച്ചു. വിഴിഞ്ഞത്തും മുതലപ്പൊഴിലിലും കാണാതായ ജോണിനും ഷിജിനും വേണ്ടിയുള്ള തെരച്ചിലും ഊർജിതമാണ്. നേവിക്ക് ഒപ്പം കൂടുതൽ വള്ളങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയായിരുന്നു ഇന്നത്തെ തിരച്ചിൽ.

YouTube video player