മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതി. എസ് പി എസ് ശശിധരനാണ് അന്വേഷണ ചുമതല. കുറ്റപത്രം നൽകാൻ വൈകുന്നതിൽ കോടതി അതൃപ്തി അറിയിച്ചു. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അപൂർണമെന്നും കോടതി നിരീക്ഷിച്ചു.
കൊച്ചി: എസ്എൻഡിപി യോഗം മൈക്രോഫിനാൻസ് തട്ടിപ്പിൽ വെള്ളാപ്പള്ളി നടേശനടക്കമുള്ളവർക്കെതിരായ കേസുകളിൽ കുറ്റപത്രം വൈകുന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി. കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ശശിധരനോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അപൂർണമെന്നും കോടതി നിരീക്ഷിച്ചു. 17 കേസുകളിൽ കുറ്റപത്രം തയ്യാറായെന്നും സമാന ആരോപണങ്ങളുള്ള കേസുകളിൽ ഏകീകരിച്ച് കുറ്റപത്രം നൽകാനാണ് ശ്രമമെന്നും വിജിലൻസ് എസ്പി കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാനാണ് ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകരണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്.
മൈക്രോ ഫിനാൻസ് തട്ടിപ്പിൽ സംസ്ഥാനത്താകെ 124 കേസുകളാണ് രജിസ്റ്റർ ചെയ്തത്. വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്‍റ് എം എൻ സോമൻ അടക്കമുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ചെറുകിട സംരഭങ്ങൾ തുടങ്ങാൻ നബാർഡ് പിന്നാക്ക വികസന കോർപ്പേറേഷൻ വഴി നൽകിയ ഗ്രാന്‍റ് അമിത പലിശ ഈടാക്കി സർക്കാറിനെ വഞ്ചിക്കുകയും അഴിമതി നടത്തുകയും ചെയ്തെന്നാണ് കണ്ടെത്തൽ.
നേരത്തെ കേസ് അന്വേഷണം വൈകുന്നതിൽ ജസ്റ്റിസ് ബദറുദ്ദീൻ അദ്ധ്യക്ഷനായ ബെഞ്ചും വിമർശനം ഉന്നയിച്ചിരുന്നു. കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ലാണ് വി എസ് അച്യുതാനന്ദന്‍റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ് എൻ ഡി ജി കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഢാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചത്.

