Asianet News MalayalamAsianet News Malayalam

Pink police trial : പരസ്യ വിചാരണ: കുട്ടിക്ക് നഷ്ടപരിഹാരത്തിനും ഉദ്യോഗസ്ഥക്കെതിരെ നടപടിക്കും കോടതി ഉത്തരവ്

സംഭവത്തിൽ കുറ്റക്കാരിയായ ഉദ്യോഗസ്ഥക്കെതിരെ ജില്ലാ പോലിസ് മേധാവിയോട് അച്ചടക്ക നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു

Pink police public trial Kerala HC orders 150k Rs compensation for child
Author
Thiruvananthapuram, First Published Dec 22, 2021, 4:34 PM IST

കൊച്ചി: മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവത്തിൽ ഇരയായ കുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സർക്കാരിനോട് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്. സംഭവത്തിൽ കുറ്റക്കാരിയായ ഉദ്യോഗസ്ഥക്കെതിരെ ജില്ലാ പോലിസ് മേധാവിയോട് അച്ചടക്ക നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു.

ജനങ്ങളുമായി ഇടപെടുന്നത് സംബന്ധിച്ച് സംഭവത്തിൽ കുറ്റക്കാരിയായ ഉദ്യോഗസ്ഥയ്ക്ക് പ്രത്യേക പരിശീലനം കൊടുക്കണമെന്ന് നിർദ്ദേശിച്ച കോടതി ക്രമസമാധാന പാലന ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റി നിര്‍ത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ പരാതിക്കാർക്ക് കോടതി ചെലവായി 25000 രൂപ നൽകാനും കോടതി ഉത്തരവിൽ പറയുന്നുണ്ട്.

അന്ന് സംഭവിച്ചത്...

ഓഗസ്റ്റ് 27നാണ് വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്. ഐഎസ്ആർഒയുടെ വലിയ വാഹനം കാണാൻ പോയ തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചു. അച്ഛനും മകളും തന്റെ മൊബൈൽ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയുടെ ആരോപണം. ഒടുവിൽ പൊലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗിൽ നിന്ന് മൊബൈൽ കിട്ടി. 

എന്നിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥ മോശമായി തന്നെ പെരുമാറിയെന്നാണ് ജയചന്ദ്രൻ പറയുന്നത്. പൊലീസുകാരുടെ പരസ്യവിചാരണ  എട്ടുവയസുകാരിയുടെ കുഞ്ഞുമനസിനെ തളർത്തി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിനെ തുടർന്ന് ബാലാവകാശകമ്മീഷൻ ഉടൻ ഇടപെട്ടു. പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥയെ വെള്ളപൂശുന്ന റിപ്പോർട്ടാണ് ഡിവൈഎസ്പി നൽകിയത്. തുടർന്ന് ജയചന്ദ്രൻ ഡിജിപിക്ക് പരാതി നൽകി. 

ഓഗസ്റ്റ് 31ന് ഐജി ഹർഷിത അട്ടല്ലൂരിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ട് ഡിജിപിയുടെ ഉത്തരവ് വന്നു. പക്ഷേ പൊലീസ് റിപ്പോർട്ട് പഴയ പടി തന്നെയായിരുന്നു. ജാഗ്രതക്കുറവ് മാത്രമാണ് രജിതയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഐജിയും ആവർത്തിച്ചു. നീതി നേടി എസ്എസി എസ്ടി കമ്മീഷനെയും ജയചന്ദ്രൻ സമീപിച്ചു. പൊലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ധരിച്ചുള്ള ജോലികളിൽ നിന്ന് ഒഴിവാക്കണമെന്ന് എസ്സി എസ്ടി കമ്മീഷൻ പൊലീസിന് നിർദ്ദേശം നൽകി. എന്നാൽ ഉദ്യോഗസ്ഥക്കെതിരെ സ്ഥലം മാറ്റത്തിന് അപ്പുറമുള്ള ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. രജിത എന്ന പൊലീസ് ഉദ്യോഗസ്ഥ ഇപ്പോഴും കൊല്ലം സിറ്റിയിൽ ജോലി ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios