Asianet News MalayalamAsianet News Malayalam

'പാലാ'യില്‍ ക്ലൈമാക്സായില്ല; ജോസ് ടോമിനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്ന് പി ജെ ജോസഫ്

ജോസഫിനെ അനുനയിപ്പിക്കാന്‍ ജോസ് കെ മാണി എത്തി. യുഡിഎഫ് നേതാക്കളും ജോസഫുമായി ചര്‍ച്ച നടത്തുകയാണെന്നാണ് വിവരം.
 

pj joseph against decision of udf on pala candidate
Author
Kottayam, First Published Sep 1, 2019, 7:42 PM IST

കോട്ടയം: പാലായില്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി ജോസ് ടോമിനെ തീരുമാനിച്ച യുഡിഎഫ് നടപടി അംഗീകരിക്കാനാവില്ലെന്ന് പി ജെ ജോസഫ് പറഞ്ഞു. ജോസഫിനെ അനുനയിപ്പിക്കാന്‍ ജോസ് കെ മാണി എത്തി. യുഡിഎഫ് നേതാക്കളും ജോസഫുമായി ചര്‍ച്ച നടത്തുകയാണെന്നാണ് വിവരം.

Read Also :ജോസ് ടോം പുലിക്കുന്നേല്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അഡ്വ. ജോസ് ടോം പുലിക്കുന്നിലിനെ പാലായില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്.  യുഡിഎഫ് നിയോഗിച്ച ഉപസമിതി കേരളാ കോണ്‍ഗ്രസ് എം നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയശേഷമായിരുന്നു തീരുമാനമെടുത്തത്. സ്ഥാനാര്‍ത്ഥിയായി നിഷ ജോസ് കെ മാണിയുടെ പേരാണ് ജോസ് കെ മാണി വിഭാഗം ഉയര്‍ത്തിയത്. ഇതിനെ എതിര്‍ത്ത് പി ജെ ജോസഫ് നിലപാട് കടുപ്പിച്ചതോടെയാണ് യുഡിഎഫ് സമവായ ശ്രമങ്ങളുമായി രംഗത്തെത്തിയത്. ഒടുവില്‍ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ജോസ് ടോമിനെ മത്സരിപ്പിക്കാനും തീരുമാനിച്ചു.

പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്ന് യുഡിഎഫ് ആശ്വാസം കൊള്ളുമ്പോഴാണ് എതിര്‍പ്പുമായി ജോസഫ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥി കരിങ്ങോഴക്കല്‍ കുടുംബത്തില്‍ നിന്ന് അല്ലാത്തതിനാല്‍ ജോസഫ് വഴങ്ങുമെന്നായിരുന്നു യുഡിഎഫിന്‍റെ കണക്കുകൂട്ടല്‍.  എന്നാല്‍, ജോസഫ് സസ്പെന്‍റ് ചെയ്ത നേതാവിനെത്തന്നെ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ച് ജോസ് കെ മാണി പാര്‍ട്ടിയിലെ തന്‍റെ അധീശത്വം ഉറപ്പിക്കാന്‍ ശ്രമിച്ചതോടെ  കാര്യങ്ങള്‍ വീണ്ടും പ്രതിസന്ധിയിലായി. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള യുഡിഎഫ് നീക്കവും പാളി. ജോസ് കെ മാണി വിഭാഗത്തിന് ആരുടെയും മുമ്പില്‍ തലകുനിക്കേണ്ട കാര്യമില്ലെന്നാണ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്ന സേഷം ജോസ് ടോം പുലിക്കുന്നേല്‍  പ്രതികരിച്ചത്. കെ എം മാണിയുടെ വിശ്വസ്തനായിരുന്ന ജോസ് ടോം ജോസഫിനെ പൂര്‍ണമായും പിന്തള്ളി കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios