കൊച്ചി: കേരള കോൺഗ്രസ് അധികാരത്തർക്കത്തിൽ പാർട്ടി പിടിക്കാനുള്ള നിര്‍ണായക നീക്കവുമായി ജോസഫ് വിഭാഗം. പി ജെ ജോസഫിനെ പാർട്ടി ചെയർമാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ഇതോടെ ജോസ് കെ മാണി വിഭാഗം പാർട്ടി പിളർത്തിയാലും നിയമപരമായി വിമതപക്ഷമായേ കണക്കാക്കാനാകൂ.

കേരള കോൺഗ്രസ് എം ഇനി പി ജെ ജോസഫ് ഭരിക്കും. തന്ത്രപരമായും നിയമപരമായും ഇതിനുള്ള കരുക്കളെല്ലാം ജോസഫ് വിഭാഗം നീക്കിക്കഴിഞ്ഞു. കെ എം മാണി മരിച്ചതോടെ വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് പാർട്ടി ഭരണഘടന അനുസരിച്ച് ചെയർമാനായെന്ന് കാണിച്ച് പാർട്ടി ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.

സെക്രട്ടറിയായ ജോയ് എബ്രഹാമിനെ തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാനായതാണ് പാർട്ടി പിടിച്ചെടുക്കാൻ ജോസഫിനെ സഹായിച്ചത്. സിഎഫ് തോമസും മോൻസ് ജോസഫുമടക്കം മൂന്ന് എംഎൽഎമാരുടെ പിന്തുണയും ജോസഫ് വിഭാഗം അവകാശപ്പെടുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്ന് ജോസഫ് ആവർത്തിക്കുന്നത്. കോൺഗ്രസിലും ലീഗിലുമൊന്നും സംസ്ഥാന കമ്മിറ്റി വോട്ടിനിട്ടല്ല. ചെയർമാനെ തെരഞ്ഞെടുക്കുന്നതെന്നും ജോസഫ് പക്ഷം പറയുന്നു.

ജോസഫിന്‍റെ നടപടികളിൽ കടുത്ത അമർഷമുണ്ടെങ്കിലും സാങ്കേതികമായി ഇതിനെ ചെറുക്കാനാകാത്ത അവസ്ഥയിലാണ് ജോസ് കെ മാണി വിഭാഗം. വിഭാഗീതയത തുടരുകയാണെങ്കിൽ അവർക്ക് പാർട്ടി വിട്ടുപോകാം എന്ന നിലപാട് ജോസഫ് പക്ഷം സ്വീകരിച്ചതായാണ് സൂചന. ചെയർമാനും ജനറൽ സെക്രട്ടറിയും മറുപക്ഷത്ത് നിൽക്കുന്നതിനാൽ പാർട്ടി വിടുന്നവർക്ക് കേരള കോൺഗ്രസ് എം അംഗത്വവും പാർട്ടി സ്വത്തുക്കളും നഷ്ടമാകും. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികളും നേരിടേണ്ടി വരും.

പാർട്ടിയിലെ മുതിർന്ന നേതാക്കളെയെല്ലാം അടർത്തിമാറ്റിയ ജോസഫിനെതിരെ ജോസ് കെ മാണി പാ‍ർട്ടിക്കുള്ളിൽ നിന്നാണോ പുറത്ത് നിന്നാണോ പൊരുതുക എന്നാണ് ഇനി അറിയേണ്ടത്.