തൊടുപുഴ: ജോസ് കെ. മാണിയുടെ സഹോദരി ഭർത്താവ് എം.പി. ജോസഫ്  ഐഎഎസ് യുഡിഎഫിന് പിന്തുണയുമായി എത്തിയത് നയപരമായ തീരുമാനമാണെന്ന് പി ജെ ജോസഫ്. ജോസ് കെ മണിയുടെ നിലപാടിൽ കേരള കോൺഗ്രെസ്സിൽ ഭൂരിപക്ഷംപേർക്കും അതൃപ്തിയാണ്. കൂടുതൽ പേർ ജോസ് കെ മാണി വിഭാഗം വിട്ട് പുറത്ത് വരും. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്‌ മത്സരിച്ച സീറ്റുകളിൽ ആദ്യ പരിഗണന നൽകേണ്ടത് തങ്ങൾക്കാണ് എന്നും പി ജെ ജോസഫ് പറഞ്ഞു.

എം പി ജോസഫുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി ജെ ജോസഫ്. എപ്പോഴും എന്നും യുഡിഎഫിനൊപ്പമാണ് നിലകൊണ്ടിട്ടുള്ളതെന്നും അത് തുടരുമെന്നും എം പി ജോസഫ് പ്രതികരിച്ചു. കെ എം മാണി ജനാധിപത്യത്തിൽ വിശ്വസിച്ചിരുന്നയാളാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ പോലും യുഡിഎഫിനൊപ്പം നിലകൊണ്ട ആളാണ് മാണി സാർ. അദ്ദേഹം എൽഡിഎഫിലേക്ക് പോകാൻ താല്പര്യപ്പെട്ടിരുന്നില്ല. പാലായിൽ കോൺഗ്രസ്  ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും എം പി ജോസഫ് പറഞ്ഞു.

എം.പി. ജോസഫ് ഇന്ന് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് എറണാകുളം ഗസ്റ്റ് ഹൗസിലാകും കൂടിക്കാഴ്ച്ച.