Asianet News MalayalamAsianet News Malayalam

ജോസഫ് ഇടഞ്ഞുതന്നെ: ജോസ് വിഭാഗത്തെ തിരിച്ചുവിളിച്ചാൽ മുന്നണി വിടും; യുഡിഎഫ് നേതാക്കളെ നിലപാടറിയിച്ചു

ജോസ് കെ മാണിയുമായി ഒരു മുന്നണിയിൽ ഒരുമിച്ച് പോകാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ വഞ്ചിച്ച വിഭാഗത്തെ ഒപ്പം നിർത്താൻ ചിലർ ശ്രമിക്കുന്നത് ശരിയല്ല

PJ Joseph says he will not sit Jose K Mani in UDF
Author
Kochi, First Published Sep 3, 2020, 8:51 PM IST

തിരുവനന്തപുരം: കേരള കോൺഗ്രസ് തർക്കവുമായി ബന്ധപ്പെട്ട് ജോസ് വിഭാഗത്തെ മുന്നണിയിലെടുക്കുന്നതിൽ കടുത്ത നിലപാടുമായി പിജെ ജോസഫ്. ജോസ് കെ മാണിയെ തിരികെ കൊണ്ടുവന്നാൽ യുഡിഎഫിൽ ഉണ്ടാകില്ലെന്നാണ് നിലപാട്. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, ബെന്നി ബഹന്നാൻ എന്നിവരെ അറിയിച്ചു.

ജോസ് കെ മാണിയുമായി ഒരു മുന്നണിയിൽ ഒരുമിച്ച് പോകാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ വഞ്ചിച്ച വിഭാഗത്തെ ഒപ്പം നിർത്താൻ ചിലർ ശ്രമിക്കുന്നത് ശരിയല്ല. യുഡിഎഫ് എടുത്ത തീരുമാനത്തിൽ മാറ്റം വരുത്തുന്നതും മുന്നണിയായിരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ജോസ് വിഭാഗവുമായി ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് ജോസഫ് വിഭാഗത്തെ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നത്തെ പറ്റി മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും ഇത് നീതി പൂർവ്വമല്ലെന്ന് ജോസഫ് നേരത്തെ പറഞ്ഞിരുന്നു. കമ്മിഷനിലെ ഒരംഗം ഇക്കാര്യത്തിൽ ശക്തമായ വിയോജിപ്പ് അറിയിച്ചുവെന്നും ജോസഫ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വസ്തുനിഷ്ടമല്ലെന്നും അദ്ദേഹം വാദിച്ചു.

ജോസ് കെ മാണിക്ക് ചെയർമാൻ എന്ന് കാണിച്ചു ഒരു കത്ത് പുറപ്പെടുവിക്കാൻ ആവുമോ? അദ്ദേഹത്തിന് വിപ്പ് നൽകാനാവില്ല, കത്തയക്കാൻ സാധിക്കില്ല. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത നടപടി മരവിപ്പിച്ച ഇടുക്കി സബ് കോടതി  വിധി ഇപ്പോഴും നിലനിൽക്കുന്നു. ചെയർമാനായി പ്രവർത്തിക്കുന്നത് കോടതി അലക്ഷ്യമാണ്. ഈ കോടതി വിധിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിട്ടില്ല. ഇപ്പോഴും പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ താൻ തന്നെ. തിരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണിയെ ചെയർമാനായി പ്രഖ്യാപിച്ചിട്ടില്ല.

പാർട്ടി ചെയർമാൻ സ്ഥാനം തർക്കത്തിലേക്ക് കടക്കുന്നില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്. ചിഹ്നത്തിന്റെ കാര്യം മാത്രമാണ് പറഞ്ഞത്, അതിൽ റിട്ട് ഹർജി നൽകും. ജോസ് കെ മാണിക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകും. ചെയർമാനായി പ്രവർത്തിക്കാൻ പാടില്ല യോഗം വിളിക്കാൻ പാടില്ല എന്നതെല്ലാം നിലനിൽക്കുന്നു. തൊടുപുഴ കോടതിവിധിക്കെതിരെ 10 മാസം കഴിഞ്ഞിട്ടും അപ്പീൽ പോലും നൽകിയിട്ടില്ല. 

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കാര്യങ്ങൾ ശരിക്കും പഠിച്ചിട്ടില്ല. ഇന്ന് യോഗമുണ്ട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിപ്പിക്കും. യൂഡിഎഫിൽ തുടരാൻ അർഹതയില്ല എന്നാണ് ബെന്നി ബെഹനാൻ പറഞ്ഞത്. ആ തീരുമാനത്തിൽ ഉറച്ചു നിൽക്കണം എന്നാണ് ജോസഫ് പക്ഷത്തിന് പറയാൻ ഉള്ളത്. ജോസ് വിഭാഗം സ്വയം പുറത്ത് പോയതാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻറെ വിധിക്കെതിരെ അടുത്ത ആഴ്ച ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകും. യുഡിഎഫിൽ തുടരാൻ അർഹതയില്ല എന്ന അവസ്ഥ ഇപ്പോഴും നിലനിൽക്കുന്നു. പല നേതാക്കളും കാര്യം അറിയാതെ പ്രസ്താവന നടത്തുന്നു. വിധിയുടെ വിശദാംശങ്ങൾ ബോധ്യപ്പെടുത്താൻ യു ഡി എഫ് നേതാക്കളെ ഇന്ന് കാണും. യൂ ഡി എഫ് നേതാക്കളെ കാര്യം ബോധ്യപ്പെടുത്താനവും എന്നാണ് പ്രതീക്ഷ

Follow Us:
Download App:
  • android
  • ios